എനിക്കിഷ്ടപ്പെട്ട രജിനി സോങ്‌സ് എല്ലാം ദേവ സാർ ചെയ്തതാണ്: അനിരുദ്ധ്
Indian Cinema
എനിക്കിഷ്ടപ്പെട്ട രജിനി സോങ്‌സ് എല്ലാം ദേവ സാർ ചെയ്തതാണ്: അനിരുദ്ധ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th August 2025, 8:36 pm

സൗത്ത് ഇന്ത്യൻ സെൻസേഷൻ എന്നറിയപ്പെടുന്ന സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ധനുഷ് നായകനായ ത്രീയിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന അനിരുദ്ധിന് ചുരുങ്ങിയ കാലം കൊണ്ട് മുൻനിരയിലേക്ക് എത്താൻ സാധിച്ചു. ജവാനിലൂടെ ബോളിവുഡിലേക്കും ചുവടുവെച്ച അനിരുദ്ധ് ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനാണ്.

കടുത്ത രജിനികാന്ത് ആരാധകനാണ് താനെന്ന് അനിരുദ്ധ് തന്നെ പല വേദികളിലും പറഞ്ഞിട്ടുണ്ട്. പേട്ട, ദർബാർ, ജയിലർ, വേട്ടയ്യൻ എന്നീ ചിത്രങ്ങളിലും ഏറ്റവും അവസാനമിറങ്ങിയ കൂലിയിലും അനിരുദ്ധ്, രജിനികാന്തിന് വേണ്ടി സംഗീതമൊരുക്കിയിട്ടുണ്ട്. ഇപ്പോൾ തന്റെ പ്രിയപ്പെട്ട രജിനി സിനിമയിലെ ആൽബത്തെ കുറിച്ച് സംസാരിക്കുകയാണ് അനിരുദ്ധ്.

90കളിലെ രജനികാന്തിന്റെ എല്ലാ സിനിമകളിലെയും പാട്ടുകൾ തനിക്ക് വളരെ ഇഷ്ടമാണെന്ന് അനിരുദ്ധ് രവിചന്ദർ പറയുന്നു. ആ പാട്ടുകളുടെയെല്ലാം വലിയ ആരാധകനാണ് താനെന്നും കാസെറ്റ് ഇറങ്ങിയാൽ ആദ്യ ദിവസം തന്നെ പോയി വാങ്ങുമായിരുനെന്നും അദ്ദേഹം പറഞ്ഞു. വേറെ ആരെങ്കിലും തനിക്ക് മുമ്പേ കാസെറ്റ് വാങ്ങിയാൽ താൻ വഴക്കുണ്ടാക്കുമായിരുന്നുവെന്നും ഇപ്പോൾ ആലോചിക്കുമ്പോൾ അതെല്ലാം മധുരമുള്ള ഓർമകളാണെന്നും അനിരുദ്ധ് പറഞ്ഞു. ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനിരുദ്ധ് രവിചന്ദർ.

‘ദേവ സാറും എ.ആർ. റഹ്മാൻ സാറും ചേർന്നുള്ള രജിനികാന്ത് സിനിമകളിലെ കോമ്പിനേഷൻ എന്റെ പ്രിയപ്പെട്ടവയാണ്. ഇപ്പോഴും ഞാൻ ആ പാട്ടുകൾ കേൾക്കാറുണ്ട്. എനിക്ക് ദേവ സാറിന്റെ ആൽബങ്ങളാണ് ഏറ്റവും മികച്ചതെന്ന് തോന്നിയിട്ടുള്ളത്. അണ്ണാമലൈ, ബാഷ, അരുണാചലം തുടങ്ങിയവയെല്ലാം എന്റെ പ്രിയപ്പെട്ടവയാണ്.

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. എന്റെ പ്രിയപ്പെട്ട തലൈവർക്ക് വേണ്ടി ഞാൻ ചെയ്യുന്ന പാട്ടുകളിൽ ആ പാട്ടുകളിലെ ചില എലമെന്റുകൾ ഞാൻ ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ട്. പേട്ട മുതൽ കൂലി വരെയുള്ള പല സിനിമകളിലും ഞാനത് ചെയ്തിട്ടുണ്ട്,’ അനിരുദ്ധ് പറയുന്നു.

Content Highlight: Anirudh Ravichander says all his favorite Rajinikanth songs were composed by Deva