പശ്ചിമ ബംഗാളിലെ മൃഗശാലകളിൽ നിന്നും മൃഗങ്ങളെ കാണാതാകുന്നതായി റിപ്പോർട്ട്
India
പശ്ചിമ ബംഗാളിലെ മൃഗശാലകളിൽ നിന്നും മൃഗങ്ങളെ കാണാതാകുന്നതായി റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th July 2025, 8:30 am

കൊൽക്കത്ത: പശ്ചിമബംഗാളിലെ രണ്ട് മൃഗശാലകളില്‍ നിന്നും വന്യമൃഗങ്ങളെ കാണാതായതായി റിപ്പോര്‍ട്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള മൃഗശാലയായ സെന്‍ട്രല്‍ സൂ അതോറിറ്റിയുടെ കണക്ക് പ്രകാരമാണ് റിപ്പോര്‍ട്ട്.

കൊല്‍ക്കത്തിയിലെ അലിപൂര്‍ മൃഗശാലയില്‍ നിന്നും കഴിഞ്ഞ ആഴ്ച രാത്രിയില്‍ 321 മൃഗങ്ങള്‍ അപ്രത്യക്ഷമായതായി റിപ്പോർട്ടുകൾ വന്നിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പശ്ചിമ ബംഗാള്‍ മൃഗശാല അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയെ ഉദ്ധരിച്ച് വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

അലിപൂര്‍ മൃഗശാലയില്‍ നിന്നും 54 മൃഗങ്ങളെ മറ്റ് മൃഗശാലകളിലേക്ക് മാറ്റിയെന്ന് 2023- 24 ലെ സെൻഡ്രൽ സൂ അതോറിറ്റിയുടെ വാര്‍ഷിക ഇന്‍വെന്ററി റിപ്പോര്‍ട്ട് പറയുന്നു. എന്നിരുന്നാലും അലിപൂര്‍ മൃഗശാലയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അവതരിപ്പിച്ചിരിക്കുന്ന കണക്കുകളുമായി ഇത് പൊരുത്തപ്പെടുന്നില്ല. 2023-24 ല്‍ മൃഗശാല ഒമ്പത് ഇനങ്ങളില്‍ നിന്നുള്ള 51 മൃഗങ്ങളെ ഗ്രീന്‍സ് സുവോളജിക്കല്‍, റെസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് അയച്ചു. ഇതില്‍ ഏഴെണ്ണം വന്യജീവി സംരക്ഷണ നിയമത്തിന്റെ (1972) ഷെഡ്യൂള്‍ I പ്രകാരം പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. പശ്ചിമ ബംഗാളിലെ മറ്റ് രണ്ട് മൃഗശാലകളിലേക്ക് 33 മൃഗങ്ങളെയും അയച്ചിട്ടുണ്ട്. കണക്കുകള്‍ പ്രകാരം 84 ട്രാന്‍സ്ഫറുകളാണ് കാണിക്കുന്നത്.

ഔദ്യോഗിക രേഖകള്‍ പ്രകാരമുള്ള പൊരുത്തക്കേടുകളെക്കുറിച്ചും മൃഗശാലകളില്‍ കഴിയുന്ന വന്യജീവികളെ പതിവായി കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ചും പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്.

മൃഗശാലകളില്‍ കഴിയുന്ന മൃഗങ്ങളുടെ പട്ടികയും കൈമാറ്റങ്ങളും സംബന്ധിച്ച ഡാറ്റകളും പൊതുമധ്യത്തില്‍ ലഭ്യമാക്കേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് വയര്‍ റിപ്പോര്‍ട്ട് ചെയ്തു. പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലും അവബോധം ഉണ്ടാക്കുന്നതിനും മൃഗശാലകള്‍ ഒരു പങ്കു വഹിക്കുന്നുണ്ടെങ്കിലും, വംശനാശഭീഷണി നേരിടുന്ന ജീവികളെ അവയുടെ ആവാസ വ്യവസ്ഥകളില്‍ തന്നെ സംരക്ഷിക്കുന്നത് വളരെ നിര്‍ണായകമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

പൊതുജനങ്ങള്‍ക്ക് പ്രദര്‍ശിപ്പിക്കുന്നതിനായി മൃഗങ്ങളെ സൂക്ഷിക്കുന്ന കേന്ദ്രങ്ങളാണ് സുവോളജിക്കല്‍ പാര്‍ക്കുകള്‍ അല്ലെങ്കില്‍ മൃഗശാലകള്‍. വന്യജീവികളെക്കുറിച്ചുള്ള പൊതുജന അവബോധം വർധിപ്പിക്കുകയും, മൃഗങ്ങളുടെ പെരുമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മനസിലാക്കുന്നതിനും അവയുടെ ആവാസ വ്യവസ്ഥകളെക്കുറിച്ച് അറിയുന്നതിനും ഇത് സഹായിക്കുന്നു.

പശ്ചിമ ബംഗാളില്‍ ആകെ 13 മൃഗശാലകളാണുള്ളത്. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റാറ്റ്യൂട്ടറി സ്ഥാപനമായ സെന്‍ട്രല്‍ സൂ അതോറിറ്റിയുടെ കീഴിലാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്.

Content Highlight: Animals are reported to be going missing from zoos in West Bengal