ചണ്ഡീഗഢ്: താജ്മഹലിനെക്കുറിച്ചുള്ള വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കെ താജ് മഹല്‍ മനോഹരമായ ഖബര്‍സ്ഥാനണെന്ന പ്രസ്താവനയുമായി ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. ട്വിറ്ററിലാണ് അനില്‍ വിജിന്റെ പ്രതികരണം.
സംഗീത് സോമും വിനയ് കത്യാറും നേരത്തെ താജ് മഹലിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അനില്‍ വിജിന്റെ പ്രസ്താവന. മനോഹരമായ ഖബര്‍സ്ഥാനാണ് താജ് മഹല്‍ എന്നു പറഞ്ഞതിനൊപ്പം അതൊരു നിര്‍ഭാഗ്യകരമായ കല്ലറയാണെന്നും വിജ് പിന്നീട് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചു.
സംഗീത് സോമിന്റെയും വിനയ് കത്യാറിന്റെയും പ്രസ്താവന വിവാദമായതോടെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തില്‍ ഇടപെടുകയും താജ്മഹല്‍ ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പുകൊണ്ട് നിര്‍മ്മിച്ചതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ഒക്ടോബര്‍ 26ന് താന്‍ താജ്മഹല്‍ സന്ദര്‍ശിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ താജ്മഹലിനെ പരാമര്‍ശിക്കാത്തതായിരുന്നു വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചത്.
