2024ൽ കിരീടനേട്ടത്തിന് പിന്നാലെ ക്യാപ്റ്റൻ ശ്രേയസ് അയ്യരെയും ഫിൽ സാൾട്ടിനെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ. ഇരുവരും ടീമിന്റെ കിരീടനേട്ടത്തിൽ നിർണായകമായിരുന്നുവെന്നും താരങ്ങളെ നിലനിർത്തുന്നതിൽ സ്ഥിരതയില്ലെന്നും അദ്ദേഹം പറഞ്ഞു.
അജിൻക്യ രഹാനെ മികച്ച താരമാണെങ്കിലും ഐ.പി.എൽ ട്രോഫി നേടിയ ഒരു ക്യാപ്റ്റൻ മുൻതൂക്കം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിയോ ഹോട്ട്സ്റ്റാറിൽ കുംബ്ലെ.
അനിൽ കുംബ്ലെ. Photo: CricketTimes
‘രണ്ട് വർഷം മുമ്പ് കെ.കെ.ആർ തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കി. അതിൽ നിർണായകമായത് ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഫിൽ സാൾട്ടുമായിരുന്നു. പക്ഷേ, അവരെ കെ.കെ.ആർ ഒഴിവാക്കി. അതൊരു തെറ്റായ തീരുമാനായിരുന്നു. താരങ്ങളെ നിലനിർത്തുന്ന കാര്യത്തിൽ അവർക്ക് സ്ഥിരതയില്ല.
അജിൻക്യ രഹാനെ ഒരു മികച്ച താരമാണ്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയെയും ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെയും നയിച്ചിട്ടുണ്ട്. ഐ.പി. എല്ലിൽ ക്യാപ്റ്റനായി അവന് കപ്പൊന്നുമില്ല.
ട്രോഫി സ്വന്തമാക്കിയ ക്യാപ്റ്റനുണ്ടാകുന്നത് ടീമിന് മുൻതൂക്കം നൽകുമായിരുന്നു. പക്ഷേ, ആ മുൻതൂക്കം ഉപേക്ഷിച്ച് കെ.കെ.ആർ അബദ്ധം കാണിച്ചു,’ കുംബ്ലെ പറഞ്ഞു.
2024 ഐ.പി.എൽ ട്രോഫിയുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങൾ. Photo: Indian Premier League/x.com
2024ൽ കെ.കെ.ആർ ശ്രേയസ് അയ്യരുടെ കീഴിൽ കിരീടം സ്വന്തമാക്കിയിരുന്നു. എന്നാൽ, അടുത്ത സീസണിൽ ഏവരെയും ഞെട്ടിച്ച് കെ.കെ.ആർ ക്യാപ്റ്റൻ ശ്രേയസിനെ റിലീസ് ചെയ്തു. പിന്നാലെ അജിൻക്യ രഹാനെ ക്യാപ്റ്റനായി. പക്ഷേ, താരത്തിന്റെ കീഴിൽ 2025 സീസൺ ടീമിന് നിരാശാജനകമായിരുന്നു. ഏഴാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.
അതേസമയം, ഐ.പി.എൽ 2026ന് മാർച്ച് 28ന് തുടക്കമാകും. ആദ്യ മത്സരത്തിൽ ഡിഫൻഡിങ് ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരബാദും ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.