ഇന്ത്യ ലോകകപ്പിന്റെ സെമി ഫൈനലില്‍ എത്തും, പക്ഷേ... പ്രവചനവുമായി കുംബ്ലെ
Cricket
ഇന്ത്യ ലോകകപ്പിന്റെ സെമി ഫൈനലില്‍ എത്തും, പക്ഷേ... പ്രവചനവുമായി കുംബ്ലെ
ഫസീഹ പി.സി.
Wednesday, 28th January 2026, 2:36 pm

2026 ടി – 20 ലോകകപ്പിന് അരങ്ങുണരാന്‍ ഇനി പത്ത് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തുന്ന ലോകകപ്പ് ഫെബ്രുവരി ഏഴ് മുതലാണ് ആരംഭിക്കുന്നത്. കിരീടം നേടുകയെന്ന ഒറ്റ ലക്ഷ്യത്തിലാണ് ടൂര്‍ണമെന്റിലെ 20 ടീമുകളും കോപ്പുകൂട്ടുന്നത്.

ഇപ്പോള്‍ ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ. ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിക്കുമെന്നും പക്ഷേ ബാക്കി കാര്യങ്ങള്‍ പ്രവചനാതീതമാണെന്നും അദ്ദേഹം പറഞ്ഞു.

അനില്‍ കുംബ്ലെ. Photo: Financial Express/x.com

ലോകകപ്പില്‍ പ്രത്യേകിച്ച് ടി – 20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി കിരീടം നേടുകയെന്നത് ബുദ്ധിമുട്ടാണെന്നും എന്നാല്‍ ഏത് സാഹചര്യങ്ങള്‍ നേരിടാനും ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിയോ ഹോട്ട്സ്റ്റാറില്‍ സംസാരിക്കുകയായിരുന്നു കുംബ്ലെ.

‘ലോകകപ്പില്‍, പ്രത്യേകിച്ച് ടി – 20 ഫോര്‍മാറ്റില്‍, തുടര്‍ച്ചയായി കിരീടങ്ങള്‍ നേടുന്നത് എളുപ്പമല്ല. ഇതുവരെ ഒരു ടീമും കിരീടം നിലനിര്‍ത്തിയിട്ടില്ല. അതിനാല്‍ തന്നെ ഇന്ത്യയ്ക്ക് ഈ ലോകകപ്പ് അതിനുള്ള മികച്ച അവസരമാണ് നല്‍കുന്നത്. ഇന്ത്യ അത്തരമൊരു ടീമാണ്. അവര്‍ ഏതൊരു സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണെന്നാണ് ഞാന്‍ കരുതുന്നത്.

ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍ പിന്നീടുള്ള കാര്യങ്ങള്‍ പ്രവചനാതീതമാണ്. ആ ദിവസം ടീം എങ്ങനെ പ്രകടനം നടത്തുന്നുവെന്നതാണ് പ്രധാനം. എങ്കിലും, ഇന്ത്യ കിരീടം നേടാന്‍ വലിയ സാധ്യതയുണ്ട്. തുടര്‍ച്ചയായി കിരീടം നേടി ഇത് വളരെ സ്പെഷ്യലാക്കാന്‍ കഴിയുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു,’ കുംബ്ലെ പറഞ്ഞു.

ഇന്ത്യൻ ടീം. Photo: BCCI/x.com

അതേസമയം, ടൂര്‍ണമെന്റില്‍ ഇന്ത്യ ഗ്രൂപ്പ് എയിലാണ്. പാകിസ്ഥാന്‍, യു.എസ്.എ, നമീബിയ, നെതര്‍ലാന്‍ഡ്സ് എന്നിവരാണ് മറ്റ് ടീമുകള്‍. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ദിവസം തന്നെ ഇന്ത്യയ്ക്ക് മത്സരമുണ്ട്. യു.എസ്.എയാണ് ടീമിന്റെ ആദ്യ എതിരാളി.

Content Highlight: Anil Kumble says that India will qualify into semi final and winning back to back titles is not easy in T20 World Cup

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി