പഞ്ചാബ്, ബെംഗളൂരു, ഹൈദരബാദ്, പിന്നെയൊരു സര്‍പ്രൈസ് ടീമും; പ്ലേഓഫില്‍ എത്തുന്നവരെ പ്രവചിച്ച് കുംബ്ലെ
IPL
പഞ്ചാബ്, ബെംഗളൂരു, ഹൈദരബാദ്, പിന്നെയൊരു സര്‍പ്രൈസ് ടീമും; പ്ലേഓഫില്‍ എത്തുന്നവരെ പ്രവചിച്ച് കുംബ്ലെ
ഫസീഹ പി.സി.
Tuesday, 28th April 2026, 11:47 am

ഐ.പി.എല്‍ 2026 പകുതി മത്സരങ്ങള്‍ പിന്നിട്ട് മുന്നേറുകയാണ്. ബാറ്റിങ് വെടിക്കെട്ടുകളും മികച്ച പ്രകടനങ്ങളുമായി ടൂര്‍ണമെന്റ് ആരാധകര്‍ക്ക് വിരുന്ന് തന്നെയാണ് സമ്മാനിക്കുന്നത്. ഇതിനകം തന്നെ ഈ സീസണില്‍ എട്ട് സെഞ്ച്വറികള്‍ പിറന്നിട്ടുണ്ട്.

ഇപ്പോള്‍ ഈ സീസണില്‍ പ്ലേഓഫില്‍ എത്തുന്ന ടീമുകളെ പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെ. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വീഡിയോയിലാണ് താരം തെരഞ്ഞെടുപ്പ് നടത്തിയത്.

ടൂര്‍ണമെന്റില്‍ അപരാജിതരായി മുന്നേറുന്ന പഞ്ചാബ് കിങ്‌സിനെയാണ് കുംബ്ലെ ആദ്യം തെരഞ്ഞെടുത്തത്. പിന്നാലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയും സണ്‍റൈസേഴ്സ് ഹൈദരബാദിനെയും തെരഞ്ഞെടുത്ത താരം നാലാമതായി ഒരു സര്‍പ്രൈസ് ടീമിനെയാണ് പറഞ്ഞത്. ഐ.പി.എല്ലിലെ ഏറ്റവും സക്‌സസ്ഫുള്‍ ടീമുകളില്‍ ഒന്നായ മുംബൈ ഇന്ത്യന്‍സിനെയാണ് കുംബ്ലെ നാലാം ടീമായി പ്രവചിച്ചത്.

‘എന്റെ ടോപ് ഫോറിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ പഞ്ചാബ് കിങ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവരാണ്. നാലാമതായി ഞാന്‍ മുംബൈ ഇന്ത്യന്‍സിനെയാണ് തെരഞ്ഞെടുക്കുന്നത്. അവര്‍ക്കിപ്പോഴും പ്ലേ ഓഫില്‍ എത്താന്‍ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്,’ കുംബ്ലെ പറഞ്ഞു.

നിലവില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് ഇതുവരെ തോല്‍വിയറിയാത്ത പഞ്ചാബാണ്. ആറ് വിജയങ്ങളുള്ള ടീമിന് 13 പോയിന്റാണുള്ളത്. 12 പോയിന്റുള്ള ആര്‍.സി.ബി രണ്ടാമതും 10 പത്ത് പോയിന്റുള്ള എസ്.ആര്‍.എച്ച് മൂന്നാമതുമുണ്ട്.

പഞ്ചാബ് കിങ്‌സ്. Photo: IndianPremierLeague/x.com

നാലാം സ്ഥാനത്ത് രാജസ്ഥാന്‍ റോയല്‍സാണ്. പത്ത് പോയിന്റുണ്ടായിട്ടും കുംബ്ലെ രാജസ്ഥാനെ തഴഞ്ഞാണ് മുംബൈയെ പ്ലേഓഫില്‍ എത്തുന്നവരായി ഉള്‍പ്പെടുത്തിയത്.

മുംബൈ ഇന്ത്യൻസ്.

അഞ്ച് വട്ടം കപ്പുയര്‍ത്തിയിട്ടുള്ള മുംബൈ നിലവില്‍ ഒമ്പതാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളില്‍ നിന്ന് വെറും രണ്ട് മത്സരങ്ങള്‍ മാത്രമാണ് ദില്‍ സേ ആര്‍മി വിജയിച്ചത്.

Content Highlight: Anil Kumble predicts PBKS, RCB, SRH and MI as top 4 of IPL 2026

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി