'ഞാന്‍ ലോകകപ്പില്‍ കളിക്കുന്നത് സംശയമാണ്'; ഖത്തറില്‍ തന്റെ സാന്നിധ്യം ഉണ്ടാകുമോ എന്നുറപ്പായിട്ടില്ലെന്ന് എയ്ഞ്ചല്‍ ഡി മരിയ
Football
'ഞാന്‍ ലോകകപ്പില്‍ കളിക്കുന്നത് സംശയമാണ്'; ഖത്തറില്‍ തന്റെ സാന്നിധ്യം ഉണ്ടാകുമോ എന്നുറപ്പായിട്ടില്ലെന്ന് എയ്ഞ്ചല്‍ ഡി മരിയ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 26th June 2022, 1:48 pm

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെല്ലാം ഈ വര്‍ഷം നടക്കുന്ന ഫിഫാ ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ്. ഓരോ ടീമിന്റെയും ആരാധകര്‍ അവരുടെ ടീമില്‍ വമ്പന്‍ പ്രതീക്ഷകളാണ് വെച്ചിരിക്കുന്നത്.

ഈ ലോകകപ്പില്‍ ഏറ്റവും വിജയ സാധ്യതയുള്ള ടീമാണ് ലയണല്‍ മെസിയുടെ അര്‍ജന്റീന. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു മത്സരം പോലും തോല്‍ക്കാതെ മുന്നേറുന്ന അര്‍ജന്റൈന്‍ പട ഒരുപാട് പ്രതീക്ഷകളുമായാണ് ലോകകപ്പിനെത്തുന്നത്.

എന്നാല്‍ ഇപ്പോഴിതാ നവംബറില്‍ ആരംഭിക്കാനിരിക്കുന്ന ലോകകപ്പിനുള്ള അര്‍ജന്റീന ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ കഴിയില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് എയ്ഞ്ചല്‍ ഡി മരിയ. ടീമില്‍ മെസിയുടെ സ്ഥാനം മാത്രമേ ഉറപ്പുള്ളൂവെന്നും താരം പറഞ്ഞു.

പി.എസ്.ജിയുടെ താരമായ ഡി മരിയ ഈ സീസണില്‍ ടീം വിടാന്‍ ഒരുങ്ങുകയാണ്. ചേക്കേറുന്ന ക്ലബിലെ സാഹചര്യങ്ങളോടു പൊരുത്തപ്പെട്ട്, കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കി, മികച്ച പ്രകടനം നടത്തേണ്ടത് ലോകകപ്പ് ടീമില്‍ അവസരം ലഭിക്കാന്‍ അനിവാര്യമാണെന്നാണ് ഡി മരിയ പറയുന്നത്.

‘ടീമില്‍ സ്ഥാനമുറപ്പുള്ള ഒരേയൊരു താരം ലയണല്‍ മെസി മാത്രമാണ്. നാലു മാസങ്ങള്‍ക്ക് അപ്പുറമുള്ള കാര്യം നമുക്ക് അറിയാന്‍ കഴിയില്ല. ഞാന്‍ ക്ലബ് മാറുകയാണ്, പുതിയ ക്ലബ്ബിലെ സാഹചര്യങ്ങളുമായി വീണ്ടും പൊരുത്തപ്പെട്ട് നന്നായി കളിച്ചാല്‍ ടീമിലെത്താന്‍ സഹായിക്കും,’ മരിയ പറഞ്ഞു

അര്‍ജന്റൈന്‍ മാധ്യമമായ ടി.എന്‍.ടി സ്‌പോര്‍ട്ടിനോട് സംസാരിക്കുവായിരുന്നു ഏഞ്ചല്‍ ഡി മരിയ.

 

ഫ്രീ ഏജന്റായ തനിക്കു വേണ്ടി ഇറ്റാലിയന്‍ ക്ലബ് യുവന്റസ് ശ്രമം നടത്തുന്നുണ്ടെന്നും ഏഞ്ചല്‍ ഡി മരിയ പറഞ്ഞു. എന്നാല്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഒഴിവുദിവസങ്ങള്‍ ആഘോഷിക്കുന്നതില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും താരം പറഞ്ഞു.

സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണക്കും ഏഞ്ചല്‍ ഡി മരിയയെ സ്വന്തമാക്കാന്‍ താല്‍പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം നടന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ബ്രസീലിനെതിരെ അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത് ഡി മരിയയായിരുന്നു. ഇറ്റലിക്കെതിരെ നടന്ന ഫൈനലിസിമയിലും താരം ഗോള്‍ നേടിയിരുന്നു.

ലയണല്‍ സ്‌കലോനിയുടെ കീഴിലുള്ള അര്‍ജന്റൈന്‍ സക്വാഡില്‍ സ്ഥിരാംഗമാണ് ഡി മരിയ.

Content Highlights: Angel Di Maria said his position in Worldcup squad  is not sure