ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഈ രണ്ട് താരങ്ങളിലും ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും ഫുട്ബോള്‍ സര്‍ക്കിളുകളില്‍ സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.
ഇപ്പോള്‍ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഗോട്ട് ഡിബേറ്റില്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് അര്‍ജന്റൈന്‍ ഇതിഹാസം എയ്ഞ്ചല്‍ ഡി മരിയ. റൊണാള്‍ഡോയെ മറികടന്ന് മെസിയെയാണ് ഡി മരിയ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുത്തത്. ഇരു താരങ്ങളെയും വ്യത്യസ്തമാക്കുന്നത് അവരുടെ നേട്ടങ്ങളാണെന്നും ഡി മരിയ വ്യക്തമാക്കി. ബാലണ്‍ ഡി ഓറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഡി മരിയ.
‘എന്റെ അഭിപ്രായത്തില്‍ ചരിത്രത്തിലെ രണ്ട് താരങ്ങള്‍ അവരാണ്. പിന്നെ ഡീഗോയുമുണ്ട്. എന്നാല്‍ റൊണാള്‍ഡോയും മെസിയും തമ്മിലുള്ള വ്യത്യസം അവര്‍ നേടിയ നേട്ടങ്ങളിലാണ്. എനിക്ക് ക്രിസ്റ്റ്യാനോയെക്കാള്‍ മികച്ച താരം മെസിയാണ്. ലിയോക്ക് സ്വാഭാവികമായ അസാധാരണ കഴിവാണുള്ളത്. അതുകൊണ്ട് മികച്ച നിലവാരത്തിലെത്താന്‍ അദ്ദേഹം അധികം കഠിനാധ്വാനം ചെയ്യേണ്ട ആവശ്യമില്ല.
എനിക്ക് അവരുമായി വളരെ നല്ല ബന്ധമാണുള്ളത്. ഞാന്‍ രണ്ട് പേര്‍ക്കൊപ്പം കളിച്ചിട്ടുണ്ട്. അതെനിക്ക് പ്രത്യേകമായ ഒരു അനുഭവമായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി ബാലണ്‍ ഡി ഓറിന് വേണ്ടി മത്സരിക്കുന്ന രണ്ട് മഹാന്മാരായ താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ സാധിച്ചത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്,’ ഡി മരിയ പറഞ്ഞു.
സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌ന് വേണ്ടിയും പന്തുതട്ടി. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്.
രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.
മറുഭാഗത്ത് റൊണാള്‍ഡോ നിലവില്‍ തന്റെ പ്രായത്തെപോലും കാഴ്ചക്കാരനാക്കി കൊണ്ട് മിന്നും പ്രകടങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ റൊണാള്‍ഡോ സൗദി പ്രൊ ലീഗില്‍ അല്‍ നസറിന് വേണ്ടിയാണ് കളിക്കുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ
അതേസമയം റൊണാള്‍ഡോയും മെസിയും തങ്ങളുടെ അവസാന ലോകകപ്പിനൊരുങ്ങുകയാണ്. ഇരുവരും തങ്ങളുടെ ആറാം ലോകകപ്പ് കളിക്കാനാണ് ഒരുങ്ങുന്നത്. 2006, 2010, 2014, 2018, 2022 എന്നീ ലോകകപ്പുകളിലാണ് ഇരുവരും കളത്തിലിറങ്ങിയത്.
Content Highlight: Angel D Maria talks about Cristiano Ronaldo and Lionel Messi