ഫെഡററെ വീഴ്ത്തി ആന്‍ഡി മുറേക്ക് സ്വര്‍ണ്ണം
DSport
ഫെഡററെ വീഴ്ത്തി ആന്‍ഡി മുറേക്ക് സ്വര്‍ണ്ണം
ന്യൂസ് ഡെസ്‌ക്
Monday, 6th August 2012, 10:14 am

ലണ്ടന്‍: ഒളിമ്പിക്‌സിലെ ടെന്നീസ് കോര്‍ട്ടില്‍ ഇന്നലെ പിറന്നത് ചരിത്രമാണ്. ഒരു നൂറ്റാണ്ടായുള്ള ബ്രിട്ടീഷുകാരുടെ കാത്തിരിപ്പിന് ഇന്നലെ വിരാമമിട്ട്  കൊണ്ട് ആന്‍ഡി മുറേ എന്ന ബ്രിട്ടീഷുകാരന്‍ ചരിത്രത്തിലിടം നേടി.[]

ആന്‍ഡി മുറേയുടെ ജയത്തിന് മധുരമേറും. ഒരു നൂറ്റാണ്ടിന് ശേഷം ടെന്നീസില്‍ ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന ബ്രിട്ടീഷുകാരന്‍ എന്നതിനപ്പുറം മുറേ പരാജയപ്പെടുത്തിയത് ലോക ഒന്നാം നമ്പര്‍താരമായ റോജര്‍ ഫെഡററെയാണ്.

ഒരുമാസം മുമ്പ് ഇതേ കോര്‍ട്ടില്‍ നടന്ന മത്സരത്തില്‍ ഫെഡററോട് ഏറ്റ പരാജയത്തിനുള്ള മറുപടി കൂടിയായി മുറേയുടെ വിജയം. ഒരു മണിക്കൂറും 56 മിനുറ്റും കൊണ്ടാണ് മുറേ ഫെഡററെ തറപറ്റിച്ചത്.(6-2,6-1,6-4). നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ പരാജയപ്പെട്ടതെന്നതും ഏറെ അവിശ്വസനീയം.

അപാരമായ ഫോമിലായിരുന്നു മുറേ. ഒന്നാം നമ്പര്‍ താരത്തിനോടാണ് കളിക്കുന്നതെന്ന യാതൊരു സമ്മര്‍ദ്ദവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒട്ടും ഫോമിലല്ലാതിരുന്ന ഫെഡററെ അക്ഷരാര്‍ത്ഥത്തില്‍ തറപറ്റിച്ചു എന്ന് തന്നെ പറയാം.