2026 ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും സ്‌പെയ്‌നുമാണ് കലാശപ്പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. ജൂലൈ 20ന് ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തിലാണ് ഇരു ടീമും ഏറ്റുമുട്ടുക.

ഇപ്പോള്‍ ഫൈനലിന് മുമ്പായി അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയെക്കുറിച്ച് സംസാരിക്കുകയാണ് സ്പാനിഷ് ഇതിഹാസം ആന്ദ്രേ ഇനിയേസ്റ്റ. കളിക്കളത്തില്‍ മെസിയെ പൂര്‍ണമായും തടയുക ബുദ്ധിമുട്ടാണെന്നാണ് ഇനിയേസ്റ്റ പറഞ്ഞത്. മത്സരത്തില്‍ ഏറെ നിര്‍ണായകമാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നും സ്പാനിഷ് ഇതിഹാസം വ്യക്തമാക്കി. ട്രൈബല്‍ ഫുട്‌ബോളിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇനിയേസ്റ്റ.

‘മെസിയെ പൂര്‍ണമായും തടയുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. സ്പെയ്ന്‍ സ്വന്തം കളി എങ്ങനെ കൊണ്ടുപോവുന്നു, അര്‍ജന്റീനയെ എത്രത്തോളം സമ്മര്‍ദത്തിലാക്കുന്നു, എത്ര അവസരങ്ങള്‍ സൃഷ്ടിക്കുന്നു, ലഭിക്കുന്ന അവസരങ്ങള്‍ എങ്ങനെ ഗോളാക്കുന്നു എന്നീ കാര്യങ്ങളാണ് നിര്‍ണ്ണായകമാവുക. മെസിയെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. എല്ലാ മത്സരങ്ങളിലും അദ്ദേഹം കാണിക്കുന്ന ആത്മവിശ്വാസവും പോരാട്ടവീര്യവും തീര്‍ച്ചയായും അഭിനന്ദിക്കേണ്ടതാണ്,’ ഇനിയേസ്റ്റ പറഞ്ഞു.

ലയണൽ മെസി. Photo: Sudanalytics/x.com

ഈ ലോകകപ്പില്‍ മിന്നും ഫോമിലാണ് മെസി കളിച്ചുകൊണ്ടിരിക്കുന്നത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി കുതിക്കുന്നത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളുമായാണ് മെസി മുന്നേറുന്നത്.

സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. 2022 ഖത്തര്‍ ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ അര്‍ജന്റീന ഇത്തവണ കിരീടം നിലനിര്‍ത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് കളത്തിലിറങ്ങുന്നത്.

അതേസമയം സ്‌പെയ്ന്‍ സെമി ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് കലാശപ്പോരിന് യോഗ്യത നേടിയത്. നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്‌പെയ്ന്‍ ലോകകപ്പ് ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്. ചരിത്രത്തിലെ രണ്ടാം കിരീടത്തിലായിരിക്കും സ്‌പെയ്ന്‍ കണ്ണുവെക്കുക.

സെമിയിലെ ഫ്രാന്‍സിനെതിരായ ജയത്തോടെ മറ്റൊരു യൂറോപ്യന്‍ ടീമിനും നേടാനാവാത്ത നേട്ടവും സ്പാനിഷ് പട സ്വന്തമാക്കിയിരുന്നു. മേജര്‍ ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായ എട്ട് നോക്ക് ഔട്ട് മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായാണ് സ്പെയ്ന്‍ മാറിയത്.

 

Content Highlight: Andres Iniesta talks about Lionel Messi ahead 2026 world cup final