തെന്നിന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള നടിയാണ് ആന്‍ഡ്രിയ. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന ആന്‍ഡ്രിയ ഗായിക എന്ന നിലയിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. നിരവധി കണ്‍സേര്‍ട്ടുകളില്‍ ആരാധകരെ ആവേശത്തിലാഴ്ത്താനും ആന്‍ഡ്രിയക്ക് സാധിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം നടന്ന താരത്തിന്റെ കണ്‍സേര്‍ട്ടാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
നിരവധി പാട്ടുകള്‍ പാടുന്നതിനിടക്ക് കഴിഞ്ഞവര്‍ഷത്തെ വലിയ ഹിറ്റുകളിലൊന്നായ ആവേശത്തിലെ ‘ഇല്ലുമിനാറ്റി’യും ആന്‍ഡ്രിയ ആലപിച്ചിരുന്നു. എന്നാല്‍ തന്റേതായ രീതിയില്‍ ഈ പാട്ട് പാടിയ ആന്‍ഡ്രിയയെ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒറിജിനലിനെ ഇങ്ങനെ കൊല്ലണോ എന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.
മറ്റ് ഭാഷക്കാര്‍ക്ക് അത്ര പെട്ടെന്ന് വഴങ്ങാത്ത മലയാളത്തിലെ പാട്ട് പാടിയപ്പോള്‍ ആന്‍ഡ്രിയക്ക് പിഴക്കുകയായിരുന്നു. മലയാളികള്‍ മാത്രമല്ല, തമിഴ് ഐ.ഡികളും വീഡിയോക്ക് താഴെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളുണ്ട്. ആവേശം തമിഴ് ഡബ്ബിലെ പാട്ടാണ് കേട്ടതെന്ന് പെട്ടെന്ന് ഒരു നിമിഷം വിചാരിച്ചു എന്നാണ് ഏറ്റവുമധികം ചിരിപ്പിച്ച കമന്റ്.
‘ഇല്ലുമിനാറ്റി ചത്തു, ആന്‍ഡ്രിയ കൊന്നു’, ‘ഹൈ പിച്ചില്‍ ഇല്ലുമിനാറ്റി പാടാന്‍ നോക്കി, നൈസായി പാളി’ എന്നിങ്ങനെ കമന്റുകളുണ്ട്. അന്നയും റസൂലും എന്ന ചിത്രത്തിലെ ഫഹദിന്റെ ജിഫ് ഇമേജിനൊപ്പം ‘മോളേ അന്നേ’ എന്ന കമന്റിനും നിരവധി ലൈക്കുകളുണ്ട്. മലയാളികള്‍ക്ക് മറ്റുള്ള ഭാഷകള്‍ പെട്ടെന്ന് വഴങ്ങുമെന്നും എന്നാല്‍ മറ്റ് ഭാഷയിലുള്ളവര്‍ക്ക് മലയാളം കൈകാര്യം ചെയ്യാന്‍ പാടുപെടുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
രംഗണ്ണന്‍ ഈ പാട്ട് കേട്ടാല്‍ അമ്പാനെ വിട്ട് സ്റ്റേജ് കത്തിക്കുമെന്ന കമന്റുകളുമുണ്ട്. എന്നാല്‍ ആന്‍ഡ്രിയയെ അനുകൂലിച്ചും കമന്റുകളുണ്ട്. തനിക്ക് ഒട്ടും പരിചിതമല്ലാത്ത ഭാഷയായിരുന്നിട്ടും അത് കൈകാര്യം ചെയ്യാന്‍ കാണിച്ച മനസിനെ അഭിനന്ദിക്കണമെന്നാണ് ചിലര്‍ കമന്റ് പങ്കുവെച്ചത്. സ്വയം ആസ്വദിച്ചുകൊണ്ടാണ് ആന്‍ഡ്രിയ ആ ഗാനം ആലപിച്ചതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
‘ഗൂഗിള്‍ ഗൂഗിള്‍ (തുപ്പാക്കി)’, ‘കണ്ണും കണ്ണും (അന്യന്‍)‘, ‘ഓ സൊല്‍റിയ മാമാ (പുഷ്പ) എന്നീ ചാര്‍ട്ട്ബസ്റ്ററുകളെല്ലാം ആലപിച്ചത് ആന്‍ഡ്രിയയാണ്. അഭിനേത്രിയെന്ന നിലയിലും ആന്‍ഡ്രിയ പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ മാസ്‌ക് എന്ന ചിത്രത്തിലും താരത്തിന്റേത് ഗംഭീര പ്രകടനമെന്നാണ് അഭിപ്രായം.