ജനസംഖ്യ പ്രോത്സാഹിപ്പിക്കാന്‍; രണ്ടിലേറെ കുട്ടികള്‍ക്ക് ജന്മം നല്‍കിയാല്‍ 25,000 രൂപ വീതം; പദ്ധതിയുമായി ആന്ധ്ര
India
ജനസംഖ്യ പ്രോത്സാഹിപ്പിക്കാന്‍; രണ്ടിലേറെ കുട്ടികള്‍ക്ക് ജന്മം നല്‍കിയാല്‍ 25,000 രൂപ വീതം; പദ്ധതിയുമായി ആന്ധ്ര
അനിത സി
Thursday, 5th March 2026, 9:34 pm

ഹൈദരാബാദ്: ജനസംഖ്യ വര്‍ധനവിന് പ്രോത്സാഹനം നല്‍കുന്നതിനായി രണ്ടിലേറെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന ദമ്പതികള്‍ക്ക് 25,000 രൂപ സമ്മാനമായി നല്‍കുമെന്ന് ആന്ധ്രാപ്രദേശിലെ തെലുങ്കുദേശം പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍.

സമ്പദ്‌വ്യവസ്ഥ ഉയരുന്നതിന് അനുസരിച്ച് ജനനനിരക്ക് കുറയുന്നു. ഇത് തൊഴിലാളി ക്ഷാമത്തിനും ദീര്‍ഘകാല സാമ്പത്തിക വെല്ലുവിളികള്‍ക്കും കാരണമാകും. ഇക്കാര്യം പരിഹരിക്കാനായാണ് സര്‍ക്കാര്‍ പ്രസവത്തിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത്. ഈ പദ്ധതി പ്രകാരം രണ്ടോ കുട്ടിയോ അതില്‍ കൂടുതലോ കുട്ടികളുള്ള ദമ്പതികള്‍ക്ക് 25,000 രൂപ നല്‍കുമെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.

പുതുതായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനസംഖ്യാ മാനേജ്‌മെന്റ് പദ്ധതി ഒരു ഗെയിം ചേഞ്ചര്‍ ആയിരിക്കുമെന്നും ചന്ദ്രബാബു നായിഡു നിയമസഭയില്‍ പറഞ്ഞു.

‘ജനങ്ങളാണ് ഞങ്ങളുടെ ശക്തി. ജനസംഖ്യയാണ് ഏറ്റവും ശക്തമായ സാമ്പത്തിക സ്രോതസ്. കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളെ ലോകം കൂടുതലായി ആശ്രയിക്കും. ഭാവിയിലെ മാനവ വിഭവശേഷി പ്രതിസന്ധി ഒഴിവാക്കാന്‍ സംസ്ഥാനത്തെ ജനനനിരക്ക് ഉയരേണ്ടതുണ്ട്. ദക്ഷിണേന്ത്യയിലെ ജനസംഖ്യ കുറയുന്നതില്‍ ആശങ്കയുണ്ട്. ഭാവിയില്‍ പാര്‍ലമെന്റ് സീറ്റുകള്‍ വര്‍ധിക്കുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രാതിനിധ്യം കുറയും’, ചന്ദ്രബാബു നായിഡു വിശദീകരിച്ചു.

സംസ്ഥാനത്ത് നിലവില്‍ 58 ശതമാനം കുടുംബങ്ങളിലും ഒരു കുട്ടി മാത്രമാണുള്ളത്. ഏകദേശം 2.17 ലക്ഷം കുടുംബങ്ങളില്‍ രണ്ട് കുട്ടികളുണ്ട്. 62 ലക്ഷം കുടുംബങ്ങളില്‍ മൂന്നോ അധിലധികമോ കുട്ടികളുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

മുമ്പ് ജനസംഖ്യാ വര്‍ധനവ് ഒരു പ്രശ്‌നമായിരുന്നു. 2004ല്‍ സര്‍ക്കാര്‍ കുടുംബാസൂത്രണത്തിന് നിര്‍ബന്ധിച്ചിരുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. ഇന്ന് കൂടുതല്‍ കുട്ടികളുള്ളവരെ മത്സരിക്കാന്‍ അനുവദിക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്,’ ചന്ദ്രബാബു നായിഡു പറഞ്ഞു.

കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാനായി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അമരാവതിയില്‍ നടന്ന ലോക ജനസംഖ്യാദിനത്തിലെ ഉച്ചകോടിയില്‍ ചന്ദ്രബാബു നായിഡു ദമ്പതികളോട് ആഹ്വാനം ചെയ്തിരുന്നു. സമ്മേളനത്തില്‍ വെച്ച് സര്‍ക്കാര്‍ ഉടനെ ജനസംഖ്യാ വളര്‍ച്ചാനയം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പിന്നാലെയാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ജനനനിരക്ക് കുറയുന്നു, പ്രായമുള്ളവരുടെ ജനസംഖ്യ ഉയരുന്നു, ദക്ഷിണേന്ത്യയിലെ പാര്‍ലമെന്റ് പ്രാതിനിധ്യം കുറയുന്നു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചന്ദ്രബാബു നായിഡു കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാനായി ആഹ്വാനം ചെയ്തിരുന്നത്.

Content  Highlight: To encourage population growth; Andhra Pradesh to provide Rs 25,000 each for giving birth to more than two children

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.