ജനസേന പാർട്ടി അധ്യക്ഷൻ പവൻ കല്യാൺ കസ്റ്റഡിയിൽ
national news
ജനസേന പാർട്ടി അധ്യക്ഷൻ പവൻ കല്യാൺ കസ്റ്റഡിയിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th September 2023, 8:11 am

അമരാവതി: ആന്ധ്ര മുൻ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ എൻ. ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച നടനും ജനസേന പാർട്ടി അധ്യക്ഷനുമായ പവൻ കല്യാൺ പ്രതിരോധ തടങ്കലിൽ.

ചന്ദ്രബാബു നായിഡുവിന്റെ പുലർച്ചെയുള്ള അറസ്റ്റിനെ അപലപിച്ച പവൻ കല്യാൺ മുൻ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നതിനായി വിജയവാഡയിലേക്ക് പോകുവാൻ ശ്രമിച്ചിരുന്നു.

പവൻ കല്യാണിനൊപ്പം ജന സേന പാർട്ടിയിലെ മുതിർന്ന നേതാവ് നടേന്ദ്ല മനോഹറിനെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

വിജയവാഡയിലുള്ള ചന്ദ്രബാബുവിനെ കാണുന്നതിനായി ആന്ധ്രയിലേക്ക് കടക്കുവാൻ ശ്രമിച്ച പവൻ കല്യാണിന് പൊലീസ് അനുമതി നിഷേധിച്ചു. എൻ.ടി.ആർ ജില്ലയിൽ രണ്ട് തവണ പവൻ കല്യാണിന്റെ വാഹനം പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് വാഹനത്തിൽ നിന്നിറങ്ങി നടക്കുകയും റോഡിൽ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ, വിജയവാഡ എയർപോർട്ടിൽ ചാർട്ടേഡ് വിമാനം ഇറക്കാൻ അനുമതി നൽകരുത് എന്ന് എയർപോർട്ട് ഡയറക്റ്റർക്ക് നിർദേശം ലഭിച്ചിരുന്നതിനാൽ ഹൈദരാബാദിലെ ബീഗംപെറ്റ് എയർപോർട്ടിൽ നിന്ന് വിമാനം ഉയർത്താൻ പവൻ കല്യാണിനെ അനുവദിച്ചിരുന്നില്ല. പവൻ കല്യാണിനെതിരെ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. നായിഡുവിന്റെ അറസ്റ്റ് “ജനാധിപത്യത്തിൽ നിർഭാഗ്യകരം” ആണെന്നാണ് പവൻ കല്യാൺ പ്രതികരിച്ചത്.

അതേസമയം, അഴിമതി കേസിൽ അറസ്റ്റിലായ ചന്ദ്രബാബു നായിഡു അഴിമതി പുറത്തുവന്നതിനെ തുടർന്ന് തെളിവുകൾ നശിപ്പിച്ചു എന്ന് പൊലീസ് ആരോപിച്ചു. മുൻ ആന്ധ്രപ്രദേശ് മന്ത്രി കെ. അച്ഛന്നായിഡുവിനെ കേസിൽ രണ്ടാം പ്രതിയായി സി.ഐ.ഡി പേര് ചേർത്തു. അദ്ദേഹത്തിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

2018ലാണ് സംസ്ഥാന നൈപുണ്യ വികസന കോർപറേഷനിൽ (എ.പി.എസ്.എസ്.ഡി.സി)നിന്നുള്ള ഫണ്ട് വ്യാജ ഇൻവോയിസുകൾ വഴി വിവിധ ഷെൽ കമ്പനികൾക്ക് കൈമാറിയെന്ന് പരാതി ഉയർന്നത്. 2017ൽ ഹവാല വഴിയുള്ള പണമിടപാടുകൾ നടന്നിട്ടുണ്ടെന്ന് ജി.എസ്.ടി ഉദ്യോഗസ്ഥരും കണ്ടെത്തി.

Content Highlight: Andhra Pradesh Police take Pawan into preventive custody as he tries to reach Vijayawada