വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ആന്ധ്രാ സര്‍ക്കാര്‍
India
വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ആന്ധ്രാ സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th August 2025, 9:07 am

അമരാവതി: വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ സ്‌കൂളുകളിലും ഇന്റര്‍മീഡിയറ്റ് കോളേജുകളിലും വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളും പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്ന് ഡയറക്ടര്‍ ഓഫ് ഇന്റര്‍മീഡിയറ്റ് എജ്യൂക്കേഷനും പൊതുവിദ്യാഭ്യാസ വകുപ്പും കഴിഞ്ഞ ദിവസം ഉത്തരവിറക്കി.

ഉത്തരവില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനും സ്വകാര്യവത്കരിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് ടി.ഡി.പി നേതൃത്വത്തിലുള്ള ആന്ധ്രയിലെ എന്‍.ഡി.എ സര്‍ക്കാരിന്റെ ഈ തീരുമാനമെന്ന് എസ്.എഫ്.ഐ പ്രതികരിച്ചു. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനുള്ള തീരുമാനത്തിനെതിരെ എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയുടെ നേതൃത്യത്തില്‍ കഴിഞ്ഞ ദിവസം വിജയവാഡയില്‍ പ്രതിഷേധം നടത്തി. പ്രതിഷേധത്തിന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം സജി, സംസ്ഥാന സെക്രട്ടറി പ്രസന്നകു മാര്‍, പ്രസിഡന്റ് റാം മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ലയനത്തിന് പേരില്‍ രണ്ടായിരത്തോളം സര്‍ക്കാര്‍ സ്‌കൂളുകളാണ് ആന്ധ്രയില്‍ പൂട്ടിയതെന്നും സ്വകാര്യ വിദ്യാഭ്യാസമേഖല കൊള്ളയുടെ കേന്ദ്രമായി മാറിയെന്നും എസ്.എഫ്.ഐ പറഞ്ഞു. സര്‍ക്കാരിന്റെ ഈ കൊള്ളക്കെതിരെ ആന്ധ്രയിലുടനീളം എസ്.എഫ്.ഐ സമരങ്ങള്‍ നടത്തിവരികയാണ്. ഇത് ഭയന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്. ആന്ധ്രാ സര്‍ക്കാരിന്റെ ഈ തീരുമാനത്തിന് ചവിട്ടുകൊട്ടയിലാണ് സ്ഥാനമെന്നും എസ്.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം ഓഗസ്റ്റ് ഒന്ന് മുതല്‍ സംസ്ഥാനത്തെ സ്‌കൂള്‍ പരിസരത്ത് രാഷ്ട്രീയ ചിഹ്നങ്ങളോ ചുവരെഴുത്തുകളോ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് ആന്ധ്രാപ്രദേശ് സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വിജയ് രാമ രാജു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രാഷ്ട്രീയ ബന്ധമുള്ള ആളുകള്‍ സ്‌കൂള്‍ പരിസരത്ത് പ്രവേശിക്കുന്നത് നിയന്ത്രിക്കാനും ഉത്തരവില്‍ പറയുന്നുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികളുമായോ സംഘടനകളുമായോ ബന്ധപ്പെട്ട പതാകകള്‍, ഷാളുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഏതെങ്കിലും രാഷ്ട്രീയ ചിഹ്നങ്ങളോ വസ്തുക്കളോ സ്‌കൂള്‍ പരിസരത്ത് പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

പഠനത്തിന് അനുയോജ്യമായ ഇടങ്ങൾ സംരക്ഷിക്കുക എന്നതാണ് കലാലയങ്ങളിൽ നിന്ന് രാഷ്ത്രീയം തുടച്ചുമാറ്റുക എന്ന തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. വിദ്യാഭ്യാസ മേഖല അക്കാദമിക കാര്യങ്ങളിലും വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മന്ത്രാലയം പറഞ്ഞു.

Content Highlight: Andhra Pradesh government bans student organization activities in schools