കുര്‍ണൂലില്‍ ദളിത് സ്ത്രീ മരിച്ചത് കസ്റ്റഡി മര്‍ദനം കാരണം; സ്വതന്ത്ര അന്വേഷണം വേണമെന്ന് മനുഷ്യാവകാശ സംഘടനകള്‍
India
കുര്‍ണൂലില്‍ ദളിത് സ്ത്രീ മരിച്ചത് കസ്റ്റഡി മര്‍ദനം കാരണം; സ്വതന്ത്ര അന്വേഷണം വേണമെന്ന് മനുഷ്യാവകാശ സംഘടനകള്‍
സിജൊ
Monday, 29th June 2026, 1:03 pm

കുര്‍ണൂല്‍: ആന്ധ്ര പ്രദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ 40 വയസ്സുള്ള ദളിത് സ്ത്രീ മാല ഗംഗമ്മ മരിച്ച സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് മനുഷ്യാവകാശ സംഘടനകള്‍. ഗംഗമ്മയുടേത് കസ്റ്റഡി മരണമാണെന്നും ഇതില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് ഫോറവും (എച്ച്.ആര്‍.എഫ്) തൊഴിലാളി സംഘടനയായ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സും (ഐ.എഫ്.ടി.യു) ആവശ്യപ്പെട്ടു.

ഈ വര്‍ഷം മെയ് 31നായിരുന്നു മാല ഗംഗമ്മ മരിച്ചത്. ഗംഗമ്മയുടെ മകനെ കാണാതായെന്ന പരാതിയില്‍ അന്വേഷണം നടത്തിയിരുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റ (എസ്.ഐ.ടി) കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്നാണ് മരണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു. കൊലപാതകത്തില്‍ സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

ഗംഗമ്മയുടെ മരണത്തെക്കുറിച്ച് എച്ച്.ആര്‍.എഫും ഐ.എഫ്.ടിയുവും സംയുക്തമായി വസ്തുതാന്വേഷണം നടത്തിയിരുന്നു. എച്ച്.ആര്‍.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് യു.ജി. ശ്രീനിവാസലു, കുര്‍ണൂല്‍ ജില്ലാ പ്രസിഡന്റ് കെ. ഉര്‍കുണ്ടപ്പ, ഐ.എഫ്.ടി.യു പ്രതിനിധി നരസിംഹ എന്നിവരടങ്ങുന്ന സംഘമാണ് വസ്തുതാന്വേഷണം നടത്തിയത്. ഗംഗമ്മയുടെ നാടായ ബദിനെഹാല്‍ സന്ദര്‍ശിച്ച് ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

മകന്റെ ദുരൂഹമായ തിരോധാനത്തില്‍ പങ്കുള്ളതായി സമ്മതിപ്പിക്കാന്‍ ഗംഗമ്മയെ പൊലീസ് സംഘം മര്‍ദിച്ചുവെന്നും ഇതാണ് അവരുടെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. 2024 നവംബറിലാണ് ഗംഗമ്മയുടെ മകന്‍ വീരേന്ദ്രയെ കാണാതായത്. മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഗംഗമ്മ ആന്ധ്ര പ്രദേശ് ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി നിര്‍ദേശപ്രകാരം ഗുണ്ടൂര്‍ എ.എസ്.പി കെ. സുപ്രജയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു.

ഗംഗമ്മയും അവരുടെ പങ്കാളി മല്ല ദുര്‍ഗയ്യയും വീരേന്ദ്രയെ കൊലപ്പെടുത്തിയെന്ന നിഗമനമാണ് പ്രത്യേക അന്വേഷണ സംഘം മുന്നോട്ട് വെച്ചതെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു. ഇരുവരുടെയും ബന്ധത്തിന് തടസമായതിനാല്‍ ഗംഗമ്മയും ദുര്‍ഗയ്യയും വീരേന്ദ്രയെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇത് സമ്മതിപ്പിക്കാനായി ഗംഗമ്മയെയും ദുര്‍ഗയ്യയെയും എസ്.ഐ.ടി കസ്റ്റഡിമര്‍ദനത്തിനിരയാക്കിയെന്നും മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു.

പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ രീതികളെക്കുറിച്ചും മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശനമുന്നയിച്ചു. ഭീഷണിപ്പെടുത്തിയും മൂന്നാം മുറ പ്രയോഗിച്ചുമായിരുന്നു എസ്.ഐ.ടി ഈ കേസ് കൈകാര്യം ചെയ്തതെന്ന് സംഘടനകള്‍ പറയുന്നു. ഗംഗമ്മയെ ആശുപത്രിയിലേക്ക് മാറ്റുന്നത് മുതല്‍ പോസ്റ്റ്‌മോര്‍ട്ടം വരെയുള്ള പൊലീസിന്റെ എല്ലാ നടപടികളിലും സംശയങ്ങളുള്ളതായും അവര്‍ അഭിപ്രായപ്പെട്ടു.

ദുര്‍ഗയ്യ നിലവില്‍ ശരീരത്തില്‍ പരിക്കുകളുമായി കുര്‍ണൂലില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കുകള്‍ക്ക് കാരണം പൊലീസ് മര്‍ദ്ദനമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു. ഇയാളുടെ നില ഗുരുതരമായി തുടരുന്നതായാണ് വിവരം.

ദുര്‍ഗയ്യക്ക് മോട്ടോര്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ദുര്‍ഗയ്യയെ ആശുപത്രിയിലാക്കിയപ്പോള്‍ ബന്ധുക്കളെ പോലും കാണാന്‍ സമ്മതിച്ചിരുന്നില്ലെന്നും ഇത് കസ്റ്റഡി മര്‍ദനം മറച്ചുവെക്കാനാണെന്നും മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു.

ഗംഗമ്മയുടെ സംസ്‌കാരം നടത്തിയത് ഇരുപതിനും മുപ്പതിനും ഇടയില്‍ പൊലീസുകാരുടെ സാന്നിധ്യത്തിലാണ്. ഗംഗമ്മയുടെ ശരീരം വീണ്ടുും പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. മരണത്തിന് ഉത്തരവാദികളാണെന്ന് കണ്ടെത്തുന്ന പൊലീസുകാര്‍ക്കെതിരെ കൊലപാതകം അടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങളും പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും കേസെടുക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

Content Highlight: Andhra Pradesh: Dalit Woman’s Death Sparks Custodial Torture Allegations Against SIT, Judicial Probe Demanded