ആന്ധ്രയിലെ വൈ.എസ്.ആർ.സി.പി ഓഫീസ് കെട്ടിടം ബുൾഡോസ് ചെയ്ത് ടി.ഡി.പി സർക്കാർ
national news
ആന്ധ്രയിലെ വൈ.എസ്.ആർ.സി.പി ഓഫീസ് കെട്ടിടം ബുൾഡോസ് ചെയ്ത് ടി.ഡി.പി സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd June 2024, 1:01 pm

അമരാവതി: വൈ.എസ്.ആർ.സി.പിയുടെ ഓഫീസ് കെട്ടിടം പൊളിച്ചു നീക്കി ആന്ധ്രാപ്രദേശ് ക്യാപിറ്റൽ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റി. നിർമാണത്തിലിരുന്ന ഓഫീസ് കെട്ടിടം ശനിയാഴ്ച പുലർച്ചെയാണ് ആന്ധ്രാപ്രദേശ് ക്യാപിറ്റൽ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയും മംഗളഗിരി തഡെപള്ളി മുനിസിപ്പൽ കോർപ്പറേഷനും ചേർന്ന് പൊളിച്ചു നീക്കിയത്.

സംഭവത്തോട് പ്രതികരിച്ച വൈ.എസ്.ആർ.സി.പി ഇത് പക പോക്കൽ രാഷ്ട്രീയമാണെന്ന് കുറ്റപ്പെടുത്തി. ഗുണ്ടൂർ ജില്ലയിലെ തഡെപള്ളി മണ്ഡലത്തിലെ സീതാനഗരത്തിലെ ബോട്ട് യാർഡ് കോമ്പൗണ്ടിൽ ആർ.എസ് നമ്പർ 202-എ-1ൽ 870.40 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഭൂമിയിലായിരുന്നു കെട്ടിടം നിർമിച്ചിരുന്നത്. എന്നാൽ അനധികൃതമായി കയ്യേറിയ സ്ഥലത്താണ് കെട്ടിടം നിർമിച്ചിരിക്കുന്നതെന്നു പറഞ്ഞാണ് അധികൃതർ കെട്ടിടം പൊളിച്ചു നീക്കിയത്.

പൊളിച്ചു നീക്കൽ നടപടിക്കെതിരെ വൈ.എസ്.ആർ.സി.പി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും പൊളിക്കൽ നടപടികൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Also Read: മോശമവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ആ പൃഥ്വിരാജ് ചിത്രമെത്തുന്നത്; പിന്നീട് കുറേ നല്ല കാര്യങ്ങള്‍ സംഭവിച്ചു: റോഷന്‍ മാത്യുhttps://www.doolnews.com/roshan-mathew-talks-about-koode-movie-138-64.html

വെള്ളിയാഴ്ച, വൈ.എസ്.ആർ.സി.പി ഗുണ്ടൂർ ജില്ലാ പ്രസിഡൻ്റ് എം ശേഷഗിരി റാവു ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചി രുന്നു. വാദം പൂർത്തിയാകുന്നതുവരെ കെട്ടിടത്തിനെതിരെ നടപടിയെടുക്കരുതെന്ന് സംസ്ഥാന സർക്കാരിനോടും സി.ആർ.ഡി.എയോടും എം.ടി.എം.സിയോടും കോടതി ഉത്തരവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പൊളിക്കൽ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടിരുന്നു.

ഹൈക്കോടതി ഉത്തരവ് അവഗണിച്ചാണ് നിർമാണത്തിലിരിക്കുന്ന ഓഫീസ് പൊളിച്ചതെന്നും നടപടി കോടതിയലക്ഷ്യമാണെന്നും വൈ.എസ്.ആർ.സി.പി പറഞ്ഞു.

‘സംസ്ഥാനചരിത്രത്തിൽ ഒരു പാർട്ടി ഓഫീസ് പൊളിക്കുന്നത് ഇതാദ്യമാണ്. എക്‌സ്‌കവേറ്ററുകളും ബുൾഡോസറുകളും ഉപയോഗിച്ച് അവർ രാവിലെ 5:30 ഓടെ കെട്ടിടം പൊളിക്കാൻ തുടങ്ങി. എതിർപ്പക്ഷത്ത് നിക്കുന്നവരോടുള്ള പക പോക്കലായിട്ടാണ് ഇതിനെ കാണാൻ കഴിയുക,’ വൈ.എസ്.ആർ.സി.പി നേതാക്കൾ പറഞ്ഞു.

തെലുങ്കുദേശം പാർട്ടി (ടി.ഡി.പി) അധ്യക്ഷനും സംസ്ഥാന മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു രാഷ്ട്രീയ പകപോക്കലിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുകയാണെന്ന് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും വൈ.എസ്.ആർ.സി.പി അധ്യക്ഷനുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി ആരോപിച്ചു.

‘ചന്ദ്രബാബു നായിഡു ഒരു ഏകാധിപതിയെ പോലെ പെരുമാറുന്നു. പണി പൂർത്തിയാകാനിരുന്ന പാർട്ടി ഓഫീസ് അവർ പൊളിച്ചു നീക്കി. അധികാരത്തിലെത്തിയതിനുശേഷം രാഷ്ട്രീയത്തെ അതിന്റെ അക്രമ സ്വഭാവത്തിലേക്ക് കൊണ്ടുപോകുകയാണ് നായിഡു. കോടതി ഉത്തരവുകൾ അവഗണിക്കുന്നു. സംസ്ഥാനത്ത നിയമവും നീതിയും ഇല്ലാതായി.

Also Read: എമ്പുരാൻ ഒന്നാംഭാഗത്തേക്കാൾ മുകളിൽ നിൽക്കുമെന്ന് പറയാൻ കഴിയില്ല, പക്ഷെ എനിക്കൊരു വിശ്വാസമുണ്ട്: മുരളി ഗോപി

വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി ഈ ഭീഷണികൾക്കും പകപോക്കലുകൾക്കും മുന്നിൽ തലകുനിക്കില്ല, ഒരു ഭീരുത്വവും കാണിക്കില്ല. ജനങ്ങൾക്ക് വേണ്ടി ഞങ്ങൾ ശക്തമായി പോരാടും. ചന്ദ്രബാബുവിൻ്റെ കൊള്ളരുതായ്മകളെ അപലപിക്കാൻ രാജ്യത്തെ എല്ലാ ജനാധിപത്യ വിശ്വാസികളോടും ഞാൻ അഭ്യർത്ഥിക്കുന്നു,’ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി എക്സിൽ പറഞ്ഞു.

Content highlight: Andhra Pradesh authorities demolish YSRCP office building