തിളച്ച സാമ്പാര്‍ പാത്രത്തില്‍ വീണു; പിറന്നാള്‍ ദിനത്തില്‍ രണ്ട് വയസുകാരിയ്ക്ക് ദാരുണാന്ത്യം
India
തിളച്ച സാമ്പാര്‍ പാത്രത്തില്‍ വീണു; പിറന്നാള്‍ ദിനത്തില്‍ രണ്ട് വയസുകാരിയ്ക്ക് ദാരുണാന്ത്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th February 2022, 10:36 am

വിജയവാഡ: പിറന്നാള്‍ ദിനത്തിലുണ്ടായ അപകടത്തില്‍ രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലെ കലഗാര ഗ്രാമത്തില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ശിവ-ഭാനുമതി ദമ്പതികളുടെ മകളായ തേജസ്വിയാണ് മരണപ്പെട്ടത്.

അടുക്കളയോട് ചേര്‍ന്നുള്ള ഭാഗത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ തിളച്ച സാമ്പാര്‍ പാത്രത്തില്‍ വീഴുകയായിരുന്നു. വിജയവാഡയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച കുട്ടി ചികിത്സയിലിക്കെ തിങ്കളാഴ്ചയാണ് മരണപ്പെട്ടത്.

മാതാപിതാക്കള്‍ അതിഥികള്‍ക്ക് ഭക്ഷണം വിളമ്പുന്നതിനിടെ അടുക്കളയിലേക്ക് പോയ കുട്ടി ഒരു കസേരയില്‍ കയറുന്നതിനിടെ കാല്‍തെറ്റി തിളച്ച സാമ്പാര്‍ വെച്ചിരുന്ന പാത്രത്തിലേക്ക് വീഴുകയായിരുന്നു.

സമീപത്തെ ആശുപത്രിയിലേക്കും പിന്നീട് വിജയവാഡയിലെ മറ്റൊരു ആശുപത്രിയിലേക്കും മാറ്റിയെങ്കിലും കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടമരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

‘വീട്ടുമുറത്ത് കളിക്കുകയായിരുന്ന കുട്ടി അടുക്കളയിലേക്ക് പോയതിന് പിന്നാലെയാണ് അപകടമുണ്ടാകുന്നത്. പുറത്ത് അതിഥികള്‍ക്ക് ഭക്ഷണം വിളമ്പുകയായിരുന്ന തിരക്കിലായതിനാല്‍ വീട്ടുകാര്‍ കുട്ടിയെ കണ്ടിരുന്നില്ല. ഇതിനിടെയാണ് കാല്‍തെറ്റി സാമ്പാര്‍ പാത്രത്തിലേക്ക് കുട്ടി വീണത്. കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്’, വിസ്സന്നപേട്ട് പൊലീസ് അറിയിച്ചു.

Content Highlight: Andhra Pradesh: 2-yr-old falls in vessel of hot sambar, dies