ടി.ഡി.പി എം.എല്‍.എയെയും മുന്‍ എം.എല്‍.എയെയും മാവോയിസ്റ്റുകള്‍ വെടിവെച്ചു കൊന്നു
Maoist Attack
ടി.ഡി.പി എം.എല്‍.എയെയും മുന്‍ എം.എല്‍.എയെയും മാവോയിസ്റ്റുകള്‍ വെടിവെച്ചു കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd September 2018, 5:26 pm

വിശാഖപട്ടണം: ആന്ധ്രയില്‍ വിശാഖപട്ടണത്തിനടുത്ത് തെലുങ്ക് ദേശം എം.എല്‍.എ കിഡാരി സര്‍വേശ്വര റാവുവിനെയും മുന്‍ എം.എല്‍.എ ശിവേരി സോമയെയും മാവോയിസ്റ്റുകള്‍ വെടിവെച്ചു കൊന്നു. സര്‍വേശ്വര റാവുവിന്റെ മണ്ഡലമായ അരകുവിലാണ് ആക്രമണമുണ്ടായത്.

ഇരുവരും സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി വനിതകളടക്കമുള്ള സംഘം വെടിവെയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിവെയ്ക്കുന്നതിന് മുമ്പ് മാവോയിസ്റ്റുകള്‍ ഇരുവരുമായി ഖനനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കിച്ചിരുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ഗ്രാമത്തിലുള്ളവര്‍ക്കൊപ്പമാണ് മാവോയിസ്റ്റുകള്‍ എത്തിയതെന്നും പിന്നീടിവരെ മറയാക്കിയാണ് രക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എം.എല്‍.എയുടെ സുരക്ഷയിലുണ്ടായിരുന്ന പൊലീസുകാരുടെ തോക്കുകള്‍ സംഘം തട്ടിയെടുത്തെന്നും റിപ്പോര്‍ട്ട് പറയുന്നു.

മാവോയിസ്റ്റ് ആന്ധ്ര-ഒഡീഷ ബോര്‍ഡര്‍ കമ്മിറ്റി സെക്രട്ടറി രാമകൃഷ്ണയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നേരത്തെയും ഈ നേതാക്കള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടായിരുന്നു. ജൂലൈയില്‍ ആദിവാസികള്‍ എം.എല്‍.എ സര്‍വേശ്വര റാവുവിനെതിരെ പ്രതിഷേധിച്ചിരുന്നു. ബന്ധുവിന്റെ പേരില്‍ നടത്തുന്ന ഖനനം തങ്ങളുടെ വീടുകള്‍ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം.