തെലുങ്ക് പറഞ്ഞ് നൃത്തം ചെയ്ത് അനശ്വര; ചാമ്പ്യന്‍ ഡിസംബര്‍ 25 ന് തിയേറ്ററുകളിലേക്ക്
Indian Cinema
തെലുങ്ക് പറഞ്ഞ് നൃത്തം ചെയ്ത് അനശ്വര; ചാമ്പ്യന്‍ ഡിസംബര്‍ 25 ന് തിയേറ്ററുകളിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th December 2025, 7:24 pm

 

2017 ല്‍ പുറത്തിറങ്ങിയ മഞ്ജു വാര്യര്‍ ചിത്രം ഉദാഹരണം സുജാതയിലൂടെ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അനശ്വര രാജന്‍. തണ്ണീര്‍ മത്തന്‍ ദിനങ്ങളടക്കം ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ഇതിനകം തന്നെ താരം മലയാളി പ്രേക്ഷകമനസ്സില്‍ ഇടം നേടിയിട്ടുണ്ട്. ഇതിനിടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം.

അനശ്വര രാജന്‍. Photo: screen grab/ sony south music/ youtube.com

റോഷന്‍ മെക്കയെ നായകനാക്കി പ്രദീപ് അദ്വൈതം സംവിധാനം ചെയ്യുന്ന ചാമ്പ്യനില്‍ നായികയായാണ് അനശ്വര എത്തുന്നത്. ഡിസംബര്‍ 25 ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റിനിടയില്‍ താരം തെലുങ്കില്‍ സംസാരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.ഗോള്‍ഡന്‍ 30 ഇയേഴ്‌സ് ഓഫ് ഇ.ടി.വി. ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം.

അതിമനോഹരമായാണ് അനശ്വര പരിപാടിയില്‍ തെലുങ്ക് സംസാരിക്കുന്നത്. കുറഞ്ഞ കാലം കൊണ്ട് തന്നെ ഫ്‌ളുവന്ററായി ഭാഷ സംസാരിക്കുന്നതിനെ പ്രശംസിച്ച് ഒരുപാട് പേരാണ് രംഗത്തെത്തിയത്. തെലുങ്കില്‍ ആരാധകരെ വിഷ് ചെയ്ത അനശ്വര ചിത്രത്തിലെ വൈറലായ നൃത്ത രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരിക്കല്‍ കൂടി കാഴ്ച്ചവെച്ചു. ആദ്യ തെലുങ്ക് ചിത്രമായിരുന്നിട്ടും മികച്ച സ്വീകരണമാണ് അനശ്വരക്ക് അന്യനാട്ടില്‍ ലഭിച്ചത്.

ചിത്രത്തിലെ ഗിര ഗിര എന്നു തുടങ്ങുന്ന ഗാനത്തിന്റെ പ്രൊമോ വീഡിയോ കഴിഞ്ഞ മാസം സോണി മ്യൂസിക് പുറത്തുവിട്ടിരുന്നു. വീഡിയോയില്‍ തെലുങ്ക് സംസാരിക്കുന്ന രംഗങ്ങളില്‍ താരത്തിന്റെ ലിപ്‌സിങ്കിനെ അഭിനന്ദിച്ച് ഒട്ടനവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയത്. ചിത്രത്തിനായി താരം തെലുങ്ക് പഠിച്ചെന്നും, അല്ലാതെ ഒരിക്കലും ഇത്രയും നന്നായി ലിപ്‌സിങ്ക് നല്‍കാന്‍ കഴിയില്ലെന്നുമാണ് കമന്റുകള്‍.

അനശ്വര രാജന്‍. Photo: screen grab/ sony south music/ youtube.com

യൂട്യൂബില്‍ റിലാസായി പത്ത് ദിവസത്തിനകം തന്നെ ഒരുകോടിയിലധികം പേര്‍ കണ്ട വീഡിയോ സോങ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്. സ്‌പോര്‍ട്ട്‌സ്,ആക്ഷന്‍, പിരീയഡ് ഡ്രാമാ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ തന്റെ സ്്‌പോര്‍ട് ഉപയോഗിച്ച് ബ്രിട്ടീഷ് അസമത്വത്തിനെതിരെ പോരാടുന്ന കഥാപാത്രമായാണ് റോഷന്‍ മെക്ക എത്തുന്നത്. മിക്കി.ജെ.മെയറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Content Highlight: anaswara rajans debut telugu film champion release