മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി 2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉദാഹരണം സുജാത. ഉദാഹരണം സുജാതയിലൂടെ ബാലതാരമായി കരിയര്‍ ആരംഭിച്ച നടിയാണ് അനശ്വര രാജന്‍. ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര എത്തിയത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാവാന്‍ അനശ്വരക്ക് സാധിച്ചിരുന്നു.
2019ല്‍ ഹൈപ്പിലാതെ വന്ന് വലിയ ഹിറ്റടിച്ച തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു അനശ്വര കൂടുതല്‍ ശ്രദ്ധേയമായത്. സൗഹൃദവും പ്രണയവും കലഹവും ഒത്തുചേര്‍ന്ന സിനിമയില്‍ വിനീത് ശ്രീനിവാസനും മാത്യു തോമസുമായിരുന്നു മറ്റ് പ്രധാനവേഷങ്ങളില്‍ എത്തിയത്.
ഇപ്പോള്‍ മാത്യു തോമസിനെ കുറിച്ചും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയെ കുറിച്ചും പറയുകയാണ് അനശ്വര രാജന്‍. മഹിളാരത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ഉദാഹരണം സുജാത എന്ന സിനിമ ഇറങ്ങിയതിന് ശേഷം വലിയ ഒരു ബ്രേക്ക് എടുത്തിട്ടാണ് ഞാന്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമ ചെയ്തത്. അതോടെ ആളുകള്‍ കുറച്ചുകൂടി തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. തണ്ണീര്‍മത്തന്‍ സെറ്റില്‍ എല്ലാവരും നല്ല കൂട്ടായിരുന്നു. ഒരു ഫാമിലി പോലെ തന്നെയായിരുന്നു.
മാത്യു ആണെങ്കില്‍ നല്ല ഫ്രണ്ട്‌ലിയായിരുന്നു. അവന്റെ സ്വഭാവം അത്ര പെട്ടെന്ന് പിടിച്ചെടുക്കാന്‍ പറ്റിയിരുന്നില്ല. ഇടക്ക് കളിച്ചുചിരിച്ച് തമാശയൊക്കെ പറഞ്ഞു നടക്കുമായിരുന്നു. ചിലപ്പോള്‍ ഒന്നും മിണ്ടാതെ ഒരു ഭാഗത്ത് വെറുതെ ഇരിക്കുന്നതും കാണാമായിരുന്നു.
തണ്ണീര്‍മത്തനില്‍ മാത്യുവിന്റെ കൂടെ അഭിനയിക്കാന്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളായി അവന്‍ പെട്ടെന്ന് മാറിയിരുന്നു.
സിനിമയിലെ രംഗങ്ങളില്‍ ആ വേഷത്തിന് കുറച്ച് ചമ്മല്‍ വേണമായിരുന്നു. അങ്ങനെ ചമ്മല്‍ വരുത്തി. മാത്യുവിന്റെ ചിരിയില്‍ നല്ല നിഷ്‌കളങ്കതയുണ്ടായിരുന്നു. അവന്റെ ചിരിയും സംസാരവും നിഷ്‌കളങ്കത നിറഞ്ഞതാണ്,’ അനശ്വര രാജന്‍ പറയുന്നു.
Content Highlight: Anaswara Rajan Talks About Mathew Thomas And Thanneer Mathan Dhinangal Movie