സിദ്ദീഖ് ഇക്ക മാത്രമല്ല അവിടെയുള്ള എല്ലാവരും കഴിവ് തെളിയിച്ച അഭിനേതാക്കളാണ്: അനശ്വര രാജൻ
Entertainment news
സിദ്ദീഖ് ഇക്ക മാത്രമല്ല അവിടെയുള്ള എല്ലാവരും കഴിവ് തെളിയിച്ച അഭിനേതാക്കളാണ്: അനശ്വര രാജൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th January 2024, 4:14 pm

നേര് സിനിമയുടെ ലൊക്കേഷനിൽ സിദ്ദീഖിന്റെ കൂടെയുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് നടി അനശ്വര രാജൻ. സിദ്ദീഖിന്റെ കൂടെ അഭിനയിക്കുമ്പോൾ അത് വളരെ രസകരമാണെന്നും അദ്ദേഹം നല്ലൊരു മനുഷ്യനാണെന്നും അനശ്വര പറഞ്ഞു. സിദ്ദീഖിന്റെ ഡയലോഗ് മോണിറ്ററിലൂടെ കാണുമ്പോൾ വൗ ഫാക്ടർ ആണെന്ന് അനശ്വര പറയുന്നുണ്ട്. സിദ്ദീഖിന്റെ കഥാപാത്രത്തെക്കുറിച്ച് ജിഞ്ചർ മീഡിയയോട് പങ്കുവെക്കുകയാണ് അനശ്വര രാജൻ. സിദ്ദീഖ് പടം കണ്ടതിന് ശേഷം വിളിച്ചപ്പോഴുള്ള അനുഭവവും അനശ്വര അഭിമുഖത്തിൽ പറയുന്നുണ്ട്.

‘സിദ്ദീഖിക്കയുടെ കൂടെ അഭിനയിക്കാൻ ഭയങ്കര രസമാണ്. ആളൊരു നല്ല മനുഷ്യനാണ്. സീൻ ഷൂട്ട് ചെയ്യുകയാണെങ്കിൽ ആളു ഭയങ്കര ചില്ലായിട്ടാണ് ഷൂട്ട് ചെയ്യുക. ആളുടെ ഡയലോഗ് ഡെലിവറി മോണിറ്ററിലൂടെ കാണുന്ന സമയത്ത് നമുക്ക് വൗ ഫാക്ടർ ആണ്. ആളുടെ വാക്കുകളുടെ മോഡുലേഷൻ ആയാലും, വില്ലനിസം കൊണ്ടുവരുക എന്നുള്ളതും എല്ലാം കൃത്യമാണ്.

സിദ്ദീഖ് ഇക്ക മാത്രമല്ല അവിടെയുള്ള എല്ലാവരും കഴിവ് തെളിയിച്ച അഭിനേതാക്കളാണ്. എല്ലാ ഇമോഷൻസും ചെയ്ത് ഫലിപ്പിച്ചിരിക്കുന്ന ഇനി ഒന്നും ചെയ്യാൻ ഇല്ലാത്ത ആക്ടേഴ്‌സ് ആണ്. വില്ലനിസം ആണെങ്കിലും കോമഡി ആണെങ്കിലും ഹീറോയിസം ആണെങ്കിലും അങ്ങനെയാണ്. ലാൽസാറാണെങ്കിലും ജഗദീഷേട്ടൻ ആണെങ്കിലും എല്ലാവരും അതുപോലെയാണ്.

സിദ്ദീഖ് ഇക്ക അവസാനം പടം കണ്ടതിനുശേഷം വിളിച്ച സമയത്തും പറഞ്ഞത് ‘തിയേറ്ററിൽ പോവാൻ എനിക്ക് പേടിയാണ്, എന്നെ ആരെങ്കിലും എടുത്ത് തല്ലിയാലോ’ എന്നാണ്. കാരണം നമുക്ക് അത്രയും ആ ക്യാരക്ടറിനോട് ദേഷ്യം തോന്നുന്നുണ്ട്,’ അനശ്വര രാജൻ പറയുന്നു.

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച നേരിലൂടെ ഏറെ പ്രശംസ നേടിയ നടിയാണ് അനശ്വര രാജൻ. കാഴ്ചയില്ലാത്ത സാറയായി താരം സ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുമ്പോൾ അനശ്വര രാജൻ എന്ന നടിയുടെ കരിയറിൽ പുതു വെളിച്ചമായി മാറുന്നുണ്ട്. മോഹൻലാലിനെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച ഒരു കോർട്ട് റൂം ഡ്രാമയാണ് നേര്. അഡ്വക്കേറ്റ് വിജയ് മോഹനായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തിയത്.

Content Highlight: Anaswara rajan about sidique’s phone call