കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ തട്ടം ധരിക്കുന്നതിൽ വിലക്ക് നേരിട്ട വിദ്യാർത്ഥിനിയുടെ പുതിയ സ്കൂളിലേക്കുള്ള പ്രവേശനം പങ്കുവെച്ച് കുട്ടിയുടെ പിതാവ് അനസ്.
തന്റെ മകളുടെ അന്തസ്സ് ഉയർത്തിപിടിച്ചുതന്നെ ഇന്ന് പുതിയ സ്കൂളിലേക്ക് പോകുകയാണെന്നന്ന് തന്റെ പിതാവ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. മകൾ അവളുടെ തലയിലെ തട്ടത്തെ പേടിക്കാത്ത കുട്ടികളുള്ള സ്കൂളിലേക്ക് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘തന്റെ മക്കൾ ഇന്ന് പുതിയ സ്കൂളിലേക്ക് പോകുകയാണ്. അവളുടെ അന്തസ്സ് ഉയർത്തിപിടിച്ചുതന്നെ, അവളുടെ തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന ഉറപ്പുള്ള കലാലയത്തിലേക്ക്,’ അനസ് പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന എല്ലാവർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്‌തു. തനിക്ക് ഒരു സംഘടനയുടെയോ ആൾക്കൂട്ടങ്ങളുടെയോ പിൻബലമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ വിദ്യാർത്ഥിനിയുടെ മാതാവ് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്നും തന്റെ രണ്ടു മക്കളെയും മറ്റൊരു സ്കൂളിലേക്ക് ചേർക്കുമെന്ന് അറിയിച്ചിരുന്നു.
തൻറെ കുട്ടികൾ ഇത്തരം മാനസികാവസ്ഥയുള്ള അധ്യാപകർക്കും സ്കൂൾ അധികൃതർക്കുമിടയിൽ വളരുന്നത് അവരുടെ ഭാവിക്ക് നല്ലതല്ലെന്നും അതിനാൽ രണ്ടുപേരുടെയും ടി.സി വാങ്ങിക്കാൻ തങ്ങൾ തീരുമാനിച്ചെന്നും അവർ പറഞ്ഞിരുന്നു.
തൊപ്പംപടിയിലെ ഔവർ ലേഡി കോൺവെന്റ് സ്കൂളിലാണ് കുട്ടികളെ ചേർക്കുന്നതെന്നും ആ സ്കൂളിലെ അധ്യാപിക വിളിച്ച് സ്കൂളിൽ എല്ലാ വിശ്വാസങ്ങളെയും ഉൾകൊള്ളുന്ന കാഴ്ചപ്പാടാണെന്നും മക്കൾക്ക് ഒരു പ്രയാസവും ഉണ്ടാവില്ലെന്നും ധൈര്യമായി പറഞ്ഞയക്കാമെന്നും അവർ തനിക്ക് ഉറപ്പുതന്നതായും കുട്ടിയുടെ മാതാവ് പറഞ്ഞിരുന്നു.
നേരത്ത, കൊച്ചി പള്ളുരുത്തിയിലെ സ്വകാര്യ സ്‌കൂളായ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ തട്ടം ധരിച്ചെത്തുന്നതില്‍ നിന്നും വിലക്കിയിരുന്നു. യൂണിഫോം കോഡ് പാലിച്ചില്ലെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ വാദം.
തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തുകയും വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.
ഫേസ്ബുക്കിന്റെ പൂർണ രൂപം
പ്രിയപെട്ടവരെ, മക്കൾ ഇന്ന് പുതിയ സ്കൂളിലേക്ക്.. അവരുടെ ഡിഗ്നിറ്റി ഉയർത്തിപിടിച്ചു തന്നെ, അവളുടെ തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്.. പ്രതിസന്ധി ഘട്ടത്തിൽ, ആൾക്കൂട്ടങ്ങളുടെയോ, സംഘടിത ശക്തിയുടെയോ പിൻ ബലമില്ലാത്ത ഒരു സാധാരണക്കാരനായ എന്റെ ഒപ്പം നിന്ന മുഴുവൻ പേർക്കും പ്രാർത്ഥനാ മനസ്സോടെ, നന്ദിയോടെ… വൈവിധ്യങ്ങളുടെ കളറുള്ള പുതു ലോക ക്രമത്തിലേക്ക് നമ്മുടെ മക്കൾ യാത്ര തുടരട്ടെ..
Content Highlight: father of the student who was banned from wearing a hat at St. Rita’s School in Palluruthy, shares the admission to her new school