സുരേഷ്‌ ഗോപിക്ക് പകരം ബാങ്ക് അധികൃതരെ കണ്ടാൽ മതിയായിരുന്നു; 10,000 രൂപ ആനന്ദവല്ലിക്ക് അനുവദിച്ച് ബാങ്ക്
Kerala
സുരേഷ്‌ ഗോപിക്ക് പകരം ബാങ്ക് അധികൃതരെ കണ്ടാൽ മതിയായിരുന്നു; 10,000 രൂപ ആനന്ദവല്ലിക്ക് അനുവദിച്ച് ബാങ്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th September 2025, 3:12 pm

തൃശൂർ: കലുങ്ക് സംവാദ സദസിനിടെ സുരേഷ് ഗോപി അപമാനിച്ച ആനന്ദവല്ലിക്ക് കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച തുകയില്‍ നിന്ന് 10,000 രൂപ തിരികെ ലഭിച്ചു.

ആനന്ദവല്ലിയുടെ ആവശ്യം ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് പരിഹരിക്കുകയായിരുന്നെന്നും സി.പി.ഐ.എം പൊറത്തിശ്ശേരി എൽ.സി സെക്രട്ടറി ആർ. എൽ ജീവൻലാൽ വ്യക്തമാക്കി. സുരേഷ് ഗോപിക്ക് പകരം ബാങ്ക് അധികൃതരെ കണ്ടാൽ മതിയായിരുന്നെന്ന് ആനന്ദവല്ലി പറഞ്ഞു.

പൊറുത്തിശേരി സ്വദേശി ആനന്ദവല്ലി മരുന്ന് വാങ്ങാന്‍ പതിനായിരം രൂപ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ലഭിച്ചിരുന്നില്ല. ഒരു ലക്ഷത്തിലേറെ രൂപയാണ് ആനന്ദവല്ലിക്ക് ബാങ്കില്‍ നിന്ന് ലഭിക്കാനുള്ളത്. ആവശ്യപ്പെടുന്ന മുറയ്ക്ക് ഈ പണം നല്‍കുമെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചിരിക്കുന്നത്

കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിലെ കലുങ്ക് സംവാദത്തിനിടെയായിരുന്നു കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാന്‍ സഹായിക്കണമെന്ന ആവശ്യവുമായി ആനന്ദവല്ലി സുരേഷ് ഗോപിയെ സമീപിച്ചത്. എന്നാൽ തനിക്ക് അത് ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ എന്ന് പറഞ്ഞ സുരേഷ്‌ ഗോപി ആനന്ദവല്ലിയെ സദസ്സിൽ അപമാനിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ അടുത്തേക്ക് തനിക്ക് നേരിട്ട് പോകാന്‍ കഴിയുമോ എന്ന് വയോധിക ചോദിച്ചപ്പോൾ ‘എന്നാല്‍ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് പറഞ്ഞായിരുന്നു സുരേഷ്‌ ഗോപിയുടെ പരിഹാസം. നിങ്ങളും ഞങ്ങളുടെ മന്ത്രിയല്ലേ എന്ന് ചോദിച്ച ആനന്ദവല്ലിയോട് ഞാന്‍ നിങ്ങളുടെ മന്ത്രിയല്ലെന്നും രാജ്യത്തിന്റെ മന്ത്രിയാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

നിവേദനം നിരസിച്ച വയോധികനെ അപമാനിച്ചതിന് പിന്നാലെയാണ് സഹായം ചോദിച്ചെത്തിയ വയോധികയെയും സുരേഷ്‌ ഗോപി പരിഹസിച്ച് വിട്ടത്. ഇതും വലിയ വിവാദത്തിനു വഴിയൊരുക്കി.

Content Highlight: Anandavalli,  insulted by Suresh Gopi during the Kalunk debate, got her money deposited in Karuvannur Bank back