അകാരണമായി ജയിലിലടക്കപ്പെട്ട ഉമര്‍ ഖാലിദിനെ പോലെയുള്ളവര്‍ക്ക് ഒറ്റക്കെട്ടായ പ്രതിപക്ഷം ആവശ്യം; കനയ്യയുടെ കോണ്‍ഗ്രസ് പ്രവേശത്തെ അനുകൂലിച്ച് ആനന്ദ് പട്‌വര്‍ധന്‍
national news
അകാരണമായി ജയിലിലടക്കപ്പെട്ട ഉമര്‍ ഖാലിദിനെ പോലെയുള്ളവര്‍ക്ക് ഒറ്റക്കെട്ടായ പ്രതിപക്ഷം ആവശ്യം; കനയ്യയുടെ കോണ്‍ഗ്രസ് പ്രവേശത്തെ അനുകൂലിച്ച് ആനന്ദ് പട്‌വര്‍ധന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th September 2021, 1:19 pm

ന്യൂദല്‍ഹി: കനയ്യ കുമാറിന്റെയും ജിഗ്നേഷ് മേവാനിയുടെയും കോണ്‍ഗ്രസിലേക്കുള്ള കടന്നുവരവ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് ഡോക്യുമെന്ററി നിര്‍മ്മാതാവ് ആനന്ദ് പട്‌വര്‍ധന്‍.

അകാരണമായി ജയിലില്‍ അടക്കപ്പെട്ട ഉമര്‍ ഖാലിദിനെ പോലെയുള്ള അനേകം പേര്‍ക്ക് ഒറ്റക്കെട്ടായ പ്രതിപക്ഷത്തെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് വഴിയാണ് ആനന്ദ് അഭിപ്രായം പങ്കുവെച്ചത്.

അതേസമയം ആനന്ദിന്റെ അഭിപ്രായത്തിന് നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഉമര്‍ ഖാലിദിനെ കനയ്യ കുമാര്‍ മുന്‍പെ കൈ ഒഴിഞ്ഞിട്ടുണ്ടെന്നും കനയ്യ അവസരവാദിയാണെന്നുമാണ് പോസ്റ്റിന് വന്ന ഒരു പ്രതികരണം. കനയ്യക്ക് മികച്ച രീതിയില്‍ സംസാരിക്കാന്‍ കഴിവുണ്ടെങ്കില്‍ പോലും അദ്ദേഹത്തിന് നട്ടെല്ലില്ല എന്നും കമന്റില്‍ പറയുന്നു.

കനയ്യയുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ ഉമര്‍ ഖാലിദ് സന്തോഷവാനാണോ അല്ലയോ എന്ന് അദ്ദേഹത്തിനോട് തന്നെ ചോദിക്കണമെന്നാണ് ആനന്ദ് ഇതിന് മറുപടി നല്‍കിയത്. ഉമര്‍ ഖാലിദിന്റെ അടുത്ത സുഹൃത്തുകള്‍ കനയ്യയുടെ തീരുമാനത്തില്‍ സന്തോഷിക്കുന്നുണ്ടെന്ന് തനിക്ക് അറിയാമെന്നും ആനന്ദ് പറഞ്ഞു.

കോണ്‍ഗ്രസ് ഒരേ നാണയത്തിന്റെ രണ്ടാമത്തെ വശമാണെന്ന മറ്റൊരു പ്രതികരണത്തിന് ആദ്യ വശം ഫാസിസ്റ്റ് ആണെന്നും അതിനാല്‍ രണ്ടാമത്തെ വശം ശ്രമിച്ചുനോക്കാമെന്നും ആനന്ദ് പട്വര്‍ധന്‍ മറുപടി നല്‍കി.

ചൊവ്വാഴ്ചയാണ് കനയ്യ കുമാര്‍ സി.പി.ഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.”ഞാന്‍ കോണ്‍ഗ്രസില്‍ ചേരുന്നു, കാരണം ഇത് ഒരു പാര്‍ട്ടി മാത്രമല്ല, ഒരു ആശയമാണ്. ഇത് രാജ്യത്തെ ഏറ്റവും പഴയതും ജനാധിപത്യപരവുമായ പാര്‍ട്ടിയാണ്, ഞാന്‍ ജനാധിപത്യത്തിന് പ്രാധാന്യം നല്‍കുന്നു. കോണ്‍ഗ്രസില്ലാതെ, രാജ്യത്തിന് നിലനില്‍ക്കാനാവില്ലെന്ന് ഞാന്‍ മാത്രമല്ല പലരും കരുതുന്നു,” കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ കനയ്യ കുമാര്‍ പറഞ്ഞു. കനയ്യ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു.

ഗുജറാത്തില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
സാങ്കേതിക കാരണം കൊണ്ട് കോണ്‍ഗ്രസില്‍ ഇപ്പോള്‍ താന്‍ അംഗത്വമെടുക്കുന്നില്ലെന്നും കോണ്‍ഗ്രസ് സഹയാത്രികനായി തുടരുമെന്നുമാണ് ജിഗ്‌നേഷ് പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Anand Patwardhan supports Kanhaiya Kumars decision to join INC