പ്രക്ഷോഭങ്ങള്‍ വേദനിപ്പിക്കുന്നു; അഗ്നിപഥ് സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കും: ആനന്ദ് മഹീന്ദ്ര
national news
പ്രക്ഷോഭങ്ങള്‍ വേദനിപ്പിക്കുന്നു; അഗ്നിപഥ് സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കും: ആനന്ദ് മഹീന്ദ്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th June 2022, 3:15 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ വ്യാപകമാകുന്നതിനിടെ അഗ്നിവീറുകളായി പരിശീലനം നേടുന്നവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര.

അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ വേദനിപ്പിക്കുന്നതാണ്. അഗ്നിവീറുകളായി പരിശീലനം നേടുന്നവര്‍ മികച്ച അച്ചടക്കവും നൈപുണ്യവും കരസ്ഥമാക്കും. ഇവര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പരിശീലനം ലഭിച്ചവരും കഴിവുള്ളവരുമായ ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നതായും ആനന്ദ് മഹീന്ദ്ര കൂട്ടിച്ചേര്‍ത്തു.

എന്ത് തരത്തിലുള്ള ജോലി ആയിരിക്കും യുവാക്കള്‍ക്ക് മഹീന്ദ്ര നല്‍കുന്നത് എന്ന ചോദ്യത്തിന് കോര്‍പ്പറേറ്റ് മേഖലയില്‍ അഗ്‌നിവീറുകള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ വലിയ സാധ്യതയുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം ഹരിയാനയിലും ഉത്തര്‍പ്രദേശിലും പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ അതീവ ജാഗ്രതയിലാണ്.

ബീഹാറില്‍ അക്രമസംഭവങ്ങള്‍ക്ക് ഇന്നലെ നേരിയ കുറവുണ്ടായെങ്കിലും ഇന്നും പ്രതിഷേധങ്ങള്‍ ഉണ്ടായി. ഇത് കണക്കിലെടുത്ത് 15 ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്ക് നീട്ടിയിട്ടുണ്ട്. ഈ മാസം 16 മുതല്‍ 18 വരെ നടന്ന അക്രമ സംഭവങ്ങളില്‍ 145 എഫ്.ഐ.ആറുകള്‍ പ്രകാരം 804 ആളുകള്‍ക്ക് എതിരെയാണ് ബിഹാര്‍ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടുള്ളത്.

ഭാരത് ബന്ദിന്റെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സെക്കന്തരാബാദില്‍ പ്രതിഷേധത്തിനിടെ ട്രെയിന്‍ കത്തിച്ച സംഭവത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലെ നിരീക്ഷണം കേന്ദ്ര സര്‍ക്കാര്‍ കടുപ്പിച്ചിട്ടുണ്ട്.

Content Highlights: Anand Mahindra, Chairman, Mahindra Group, offers job opportunities to agneepat project