സിനിമ മാത്രം ലക്ഷ്യമുള്ള ഒരു നാലംഗ സംഘം സിനിമാക്കാരുടെ തമ്പ് ആയ കൊച്ചിയില്‍ ഒരു ഫ്‌ലാറ്റ് വാടകക്കെടുത്ത് താമസിക്കുന്നു. ഊണിലും ഉറക്കത്തിലും സിനിമ മാത്രം ചിന്തിക്കുന്ന ആ സംഘത്തിലെ അംഗങ്ങളായിരുന്നു മലയാള സിനിമയിലെ ഇന്നത്തെ പ്രമുഖരായ ശ്യാം പുഷ്‌ക്കരന്‍, ദിലീഷ് നായര്‍, സഹീദ് അറാഫത്ത് പിന്നെ നമ്മുടെ കഥാനായകന്‍ ദിലീഷ് പോത്തന്‍ അഥവാ പോത്തേട്ടന്‍.
അവരുടെ പ്ലാനായിരുന്നു ദിലീഷ് നായരും ശ്യാമും കൂടി എഴുതുന്നു, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്നു. എന്തിനാണ് താന്‍ സംവിധായകന്‍ ആകുന്നതെന്ന് ചോദിച്ചപ്പോള്‍ മറ്റ് ഇരുവരുടെയും മറുപടി, ദിലീഷിനെ കണ്ടാല്‍ ഒരു സംവിധായകന്റെ ലുക്കുണ്ട് പോലും. നിര്‍മാതാവിന്റെ അടുത്ത് പോവുമ്പോള്‍ ഒരു ലുക്കൊക്കെ വേണമെല്ലോ? അല്പം താടിയൊക്കെ നീട്ടി ഗൗരവത്തോടെ സംസാരിച്ചാല്‍ ഒരു സംവിധായകനാണെന്ന് പറഞ്ഞാല്‍ നിര്‍മാതാക്കള്‍ വിശ്വസിക്കുമെന്നും അതുവെച്ച് മാര്‍ക്കറ്റ് ചെയ്യാമെന്നുമായിരുന്നു ഐഡിയ.
ആ ലുക്ക് തന്നെയാണ് സാള്‍ട്ട് ആന്‍ഡ് പേപ്പറിലെ കോഴിയായ സംവിധായകനിലേക്ക് ദിലീഷ് പോത്തനെ എത്തിക്കുന്നത്. ഒട്ടും നിനച്ചിരിക്കാതെയാണ് താന്‍ നടനായെന്ന് പറയുമ്പോഴും അദ്ദേഹത്തിന് കാലാടി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ നാടകങ്ങളില്‍ അഭിനയിച്ച മുന്‍പരിചയമുണ്ടായിരുന്നു.
സഹസംവിധായകനായി പ്രവര്‍ത്തിച്ച ആദ്യ എട്ട് ചിത്രങ്ങളും പരാജയമാണെന്നും എന്നാല്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം സൂപ്പര്‍ഹിറ്റായി എന്ന് പറയുമ്പോള്‍ അദ്ദേഹത്തിലെ സിനിമാന്വേഷി എത്രമാത്രം കിതച്ചുനില്‍ക്കാതെ ഓടിയെന്ന് വ്യക്തം. മഹേഷിന്റെ പ്രതികാരമെന്ന ആദ്യ ചിത്രത്തിലൂടെത്തന്നെ ദേശീയ – സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ബ്രില്യന്റായ സംവിധായകന്‍ ദിലീഷ് പോത്തനെക്കുറിച്ച് ഇനിയൊരു മുഖവുര വേണമെന്നില്ല. എന്നാല്‍ ഇന്ന് ചര്‍ച്ചയാകുന്നത് ബ്രില്യന്റ് നടനായ ദിലീഷ് പോത്തനാണ്.
ദിലീഷ് പോത്തന്റെ അഭിനയത്തെ വേറിട്ട് നിര്‍ത്തുന്നത് അദ്ദേഹത്തിന്റെ സ്വാഭാവികതയാണ്. കഥാപാത്രത്തിന്റെ വലുപ്പച്ചെറുപ്പങ്ങള്‍ നോക്കാതെ, ഓരോ റോളിനും തന്റേതായ ശൈലിയും ശരീരഭാഷയും നല്‍കാന്‍ അദ്ദേഹത്തിന് ഓരോ സിനിമയിലും കഴിയുന്നുണ്ട്. സൗഹൃദത്തിന്റെ പുറത്തും പണത്തിന് വേണ്ടിയുമെല്ലാം തനിക്ക് താത്പര്യമില്ലാതെ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞിട്ടുണ്ടെങ്കിലും ദിലീഷിലെ നടനെ അടയാളപ്പെടുത്തുന്ന സിനിമകളും അക്കൂട്ടത്തിലുണ്ട്.
ഓ ബേബിയിലെ ഒതയത്ത് ബേബിയെന്ന എസ്റ്റേറ്റ് തൊഴിലാളിയായി മാറിയപ്പോള്‍ തന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള പിതാവിന്റെ പോരാട്ടവും ജോലി ചെയ്യുന്ന കുടുംബത്തോട് കൂറ് പുലര്‍ത്തുന്ന മാനേജരുടെയും സംഘര്‍ഷഭരിതമായ ജീവിതവും അദ്ദേഹം മികച്ച രീതിയില്‍ വരച്ചുകാട്ടി. ഔസേപ്പിന്റെ ഒസ്യത്തിലെ മൈക്കിള്‍, കാണികള്‍ക്ക് മുന്നിലേക്ക് വെക്കുന്ന നിസഹായതയുണ്ട്. എന്നാല്‍ സെക്രെട്ടറി അവറാനായി എത്തുമ്പോള്‍ പഞ്ച് ഡയലോഗുകളോ അവിശ്വസനീയമായ ആക്ഷന്‍ രംഗങ്ങളോ ഒന്നുമില്ലാതെ തന്നെ താനും ഒരു ഹീറോ മെറ്റീരിയലാണെന്ന് തെളിയിക്കുന്നുമുണ്ട്.
ഷാഹി കബീറിന്റെ സംവിധാനത്തില്‍ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ റോന്തും തിളങ്ങുന്നത് യോഹന്നാന്‍ എന്ന പൊലീസുകാരനിലൂടെയാണ്. ഇതിന് മുമ്പ് എത്രയോ സിനിമകളില്‍ അദ്ദേഹം പൊലീസ് യൂണിഫോം ഇട്ടിട്ടുണ്ട്, എത്രയോ സിനിമകളില്‍ കര്‍ക്കശക്കാരനായ മൊരടനായിട്ടുണ്ട്. എന്നാലും എന്തോ യോഹന്നാന്‍ മനസില്‍ തറച്ചിരിക്കും. സലോമിയോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും ദിന്‍നാഥിനോടുള്ള പെരുമാറ്റവും ഇടക്ക് മാത്രം വന്നുപോകുന്ന റെയര്‍ ആയിട്ടുള്ള പുഞ്ചിരിയും പ്രേക്ഷകരെ യോഹന്നാനിലേക്ക് അടുപ്പിക്കും. സിനിമയെ കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാകാം. എന്നാല്‍ യോഹന്നാനായുള്ള ദിലീഷ് പോത്തന്റെ പ്രകടനം മികച്ചുനില്‍കുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
‘എല്ലാവരും മഹാരാജാസ് എന്ന് പറയും, എന്നാണ് നമ്മുടെ പേരില്‍ കാലടിയെല്ലാം അറിയപ്പെടുന്നത്’ എന്ന് കാലടി യൂണിവേഴ്സിറ്റിയിലുള്ള കൂത്തമ്പലത്തിലെ തിയേറ്റര്‍ വിങ്ങിലിരുന്ന് സുരഭിയും ദിലീഷും പരസ്പരം ചോദിച്ചിട്ടുണ്ട്. ഇന്ന് മലയാള സിനിമയിലെ എണ്ണം പറഞ്ഞ നടനായി, കാലാടിയും മലയാള സിനിമയും തന്റെ പേരില്‍ അറിയപ്പെടാന്‍ പാകത്തിന് പൊട്ടെന്‍ഷ്യനുള്ള സംവിധായകനും ബ്രില്യന്റ് നടനായും അദ്ദേഹം അനുദിനം വളരുകയാണ്.