മധ്യനിര കൈവിട്ട ലങ്കന്‍ വിജയം
ICC WORLD CUP 2019
മധ്യനിര കൈവിട്ട ലങ്കന്‍ വിജയം
ഗൗതം വിഷ്ണു. എന്‍
Sunday, 16th June 2019, 1:26 pm

മഴ അലങ്കോലപ്പെടുത്തിയ ലോകകപ്പില്‍ ഏറ്റവും മഴക്കെടുതി അനുഭവിച്ചത് ശ്രീലങ്കയാണെന്ന് പറയേണ്ടി വരും. കളിച്ച നാലു കളികളില്‍ പകുതിയും മഴ കൊണ്ടുപോയ ലങ്കയ്ക്ക് ഇന്നലെ നേരിടേണ്ടിയിരുന്നത് കരുത്തരായ ഓസ്ട്രേലിയയെ ആണ്. കടുത്ത ലങ്കന്‍ ആരാധകര്‍ പോലും ശ്രീലങ്കക്ക് വിജയം പ്രതീക്ഷിക്കാത്ത മത്സരമായിരുന്നു ഇന്നലത്തേത്. മഴമേഘങ്ങള്‍ മാറിനിന്നപ്പോള്‍ ഇന്നലെ മുഴുവന്‍ ഓവറും കളി നടന്നു.

ബാറ്റിങ് പിച്ച് ആയിരുന്നിട്ടും, ഓസ്‌ട്രേലിയയുടെ ബാറ്റിങ് നിര അത്രയേറെ ശക്തമായിരുന്നിട്ടും, ടോസ് നേടിയ ലങ്ക കങ്കാരുക്കളെ ബാറ്റിങ്ങിനയച്ചു. നായകന്‍ ശതകവുമായി മുന്നില്‍നിന്നു പട നയിച്ചപ്പോള്‍ ഓസീസ് സ്‌കോര്‍ കുതിച്ചുകയറി.

ഈ ലോകകപ്പില്‍ ഇതുവരെ ശ്രീലങ്കയ്ക്കായി മികച്ച രീതിയില്‍ പന്തെറിഞ്ഞ നുവാന്‍ പ്രദീപ് ആണ് ഇന്നലെ ഏറ്റവും കൂടുതല്‍ അടി വാങ്ങിക്കൂട്ടിയത്. പത്തോവറില്‍ 88 റണ്‍സ് വഴങ്ങിയ പ്രദീപിനെ തലങ്ങും വിലങ്ങും അടിച്ചുപറത്തി 132 പന്തില്‍ 15 ഫോറുകളുടെയും നാലു പടുകൂറ്റന്‍ സിക്‌സറുകളുടെയും ബലത്തില്‍ 153 റണ്‍സ് അടിച്ചു കൂട്ടിയ ഫിഞ്ചിനൊപ്പം അവസാന ഓവറുകളില്‍ മാക്സ്വെല്‍ കൂടെ കത്തിക്കയറിയപ്പോള്‍ 334 റണ്‍സ് എന്ന മികച്ച ടോട്ടലിലേക്ക് ഓസീസ് എത്തി. അര്‍ധസെഞ്ച്വറി നേടിയ സ്റ്റീവന്‍ സ്മിത്തും ഫിഞ്ചിന് മികച്ച പിന്തുണ നല്‍കിയപ്പോള്‍ ലങ്കയ്ക്കായി ധനഞ്ജയ ഡി സില്‍വ മാത്രമാണ് ഭേദപ്പെട്ട രീതിയില്‍ പന്തെറിഞ്ഞത്.

ഓസീസിന്റെ പേസ് അറ്റാക്കിനെക്കുറിച്ച് ചിന്തിച്ചവരെല്ലാം ശ്രീലങ്കയുടെ പതനം വേഗത്തിലാകുമെന്ന് പ്രവചിച്ചു. എന്നാല്‍ അങ്ങനെയൊന്നും കീഴടങ്ങാന്‍ ലങ്ക തയ്യാറല്ലായിരുന്നു. ഓപ്പണിങ് കൂട്ടുകെട്ടില്‍ നായകന്‍ കരുണരത്‌നെയും കുശാല്‍ പെരേരയും അടിച്ചുതകര്‍ത്തപ്പോള്‍ ദ്രുതഗതിയില്‍ ലങ്ക നൂറ് പിന്നിട്ടു.

ഒരു അട്ടിമറി വിജയത്തിന് സാധ്യതയുണ്ടോ എന്ന തോന്നല്‍ ജനിപ്പിച്ച കൂട്ടുകെട്ടായിരുന്നു അത്. എന്നാല്‍ വിന്‍ഡീസിനെതിരെ ഓസീസ് വെച്ചു പുലര്‍ത്തിയ മനോധൈര്യം ഇവിടെയും അവര്‍ക്ക് തുണയായി.

കേവലം ഒരു വിക്കറ്റ് വീണാല്‍ത്തന്നെ പിന്നെ വരുന്നവരെയെല്ലാം സമ്മര്‍ദ്ദത്തിലാക്കി പുറത്താക്കാമെന്നു മനസിലാക്കിയ ഓസീസ് ആദ്യ വിക്കറ്റിനായി ക്ഷമയോടെ തന്ത്രങ്ങളൊരുക്കി കാത്തിരുന്നു. അവരുടെ സ്റ്റാര്‍ ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ അവസാനത്തേക്ക് കരുതിവെയ്ക്കാതെ നോണ്‍ പവര്‍പ്ലേ ഓവറുകള്‍ എറിയാനായി കൊണ്ടുവന്ന ഫിഞ്ചിന്റെ മികച്ച തീരുമാനത്തില്‍ അര്‍ധസെഞ്ചുറി തികച്ചയുടന്‍ കുശാല്‍ പെരേര വീണു.

പിന്നീട് വന്ന തിരിമന്നെക്കും മെന്‍ഡിസിനും ലഭിച്ച മികച്ച തുടക്കം മുതലാക്കാനാകാതെ പോയതോടെ ലങ്ക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. പിന്നീടെത്തിയ പഴയ പടനായകന്‍ മാത്യൂസും സിരിവര്‍ധനെയും വമ്പനടിക്കാരന്‍ തിസാര പെരേരയും ഒന്നു പൊരുതി നോക്കുക പോലും ചെയ്യാതെ കീഴടങ്ങിയപ്പോള്‍ പിന്നെ എല്ലാം ഓസ്ട്രേലിയക്ക് ചടങ്ങ് തീര്‍ക്കല്‍ മാത്രമായി. പടയാളികളെ നഷ്ടപ്പെട്ട രാജാവിനെ പോലെ ഒരറ്റത്തു കരുണരത്‌നെ ചില വിഫലശ്രമങ്ങള്‍ നടത്തിയെങ്കിലും ശതകത്തിനു മൂന്നു റണ്‍സകലെ ആ പോരാട്ടവും അവസാനിച്ചു.

നാലു വിക്കറ്റ് നേടി സ്റ്റാര്‍ക്ക് ബൗളിങ്ങില്‍ താരമായപ്പോള്‍ മികച്ച ടോട്ടല്‍ എത്തിപ്പിടിക്കാന്‍ ഓസീസിന് തുണയായ നായകന്‍ ഫിഞ്ച് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ലോകകപ്പ് ഫേവറൈറ്റ്‌സില്‍ പ്രധാനിയായ ഓസീസും ചെറുമീനുകളിലൊരാളായ ലങ്കയും തമ്മിലുള്ള പോരാട്ടം ഏകപക്ഷീയമായില്ലെങ്കില്‍ക്കൂടി അട്ടിമറികളൊന്നും കൂടാതെ തന്നെ അവസാനിച്ചു. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം ഓസ്‌ട്രേലിയ അരക്കിട്ടുറപ്പിച്ചപ്പോള്‍ അഞ്ചു കളികളില്‍ നിന്നു കേവലം നാലു പോയിന്റ് മാത്രം നേടിയ ലങ്കയ്ക്ക് മുന്നോട്ടുള്ള പ്രയാണം കൂടുതല്‍ ദുഷ്‌കരമായി.

ഗൗതം വിഷ്ണു. എന്‍
എറണാകുളം ലോ കോളെജ് വിദ്യാര്‍ത്ഥിയാണ് ഗൗതം