'ലീഗിന് മസാലബോണ്ട മാത്രമേ അറിയൂ'; നിയമസഭയില്‍ മുസ്‌ലിം ലീഗിനെ അധിക്ഷേപിച്ച എ.എന്‍ ഷംസീറിന് എം.ഷംസുദ്ദീന്റെ ഉജ്ജ്വല മറുപടി
Kerala
'ലീഗിന് മസാലബോണ്ട മാത്രമേ അറിയൂ'; നിയമസഭയില്‍ മുസ്‌ലിം ലീഗിനെ അധിക്ഷേപിച്ച എ.എന്‍ ഷംസീറിന് എം.ഷംസുദ്ദീന്റെ ഉജ്ജ്വല മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th May 2019, 1:17 pm

 

തിരുവനന്തപുരം: മസാലബോണ്ടുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ മുസ്‌ലിം ലീഗിനെ അധിക്ഷേപിച്ച എ.എന്‍ ഷംസീര്‍ എം.എല്‍.എയ്ക്ക് എം. ഷംസുദ്ദീന്‍ എം.എല്‍.എയുടെ മറുപടി.

മുസ്‌ലിം ലീഗിന് മസാല ബോണ്ട മാത്രമേ അറിയൂവെന്ന ഷംസീറിന്റെ പരാമര്‍ശത്തിന് വിദ്യാഭ്യാസത്തിന്റെയും വിവരത്തിന്റെയും പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണെങ്കില്‍ തങ്ങള്‍ ഒട്ടും പുറകിലല്ലയെന്ന് തെളിഞ്ഞില്ലേയെന്നായിരുന്നു ഷംസുദ്ദീന്റെ മറുപടി.

‘ലീഗിനെ സംബന്ധിച്ചിടത്തോളം ലീഗിന് മസാല ബോണ്ട മാത്രമേ അറിയൂ, മസാല ബോണ്ട് അറിയില്ല. അതുകൊണ്ടവര് ചിലപ്പോള്‍ അതിനെ വിമര്‍ശിച്ചേക്കാം. ഇത് കേരളം ബഹുദൂരം മുന്നോട്ടുപോകേണ്ട പ്രക്രിയയ്ക്കാണ്. നിങ്ങള്‍ ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങളും ഇവിടെ ചര്‍ച്ച ചെയ്യപ്പെടട്ടേ. ‘ എന്നായിരുന്നു പ്രസംഗത്തിനിടെ എ.എന്‍ ഷംസീര്‍ പറഞ്ഞത്.

ലീഗിനെതിരായ ഈ പരാമര്‍ശത്തിനു പിന്നാലെ ഷംസുദ്ദീന്‍ ക്രമപ്രശ്‌നം ഉന്നയിക്കുകയായിരുന്നു.

‘മുസ്‌ലിം ലീഗിന് മസാല ബോണ്ട് എന്താണെന്ന് അറിയില്ല, അവര്‍ക്ക് മസാല ബോണ്ടയേ അറിയൂ എന്ന് പറയുന്നത് ഒരു പാര്‍ട്ടിയെ അപമാനിക്കലാണ്. അത് രേഖയിലുണ്ടാവാന്‍ പാടില്ല. വിവരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണെങ്കില്‍ നിങ്ങളേക്കാള്‍ ഒട്ടും പുറകിലല്ല ഞങ്ങളെന്ന് ഇവിടെ തെളിയിച്ചില്ലേ’ എന്നദ്ദേഹം മറുപടി നല്‍കി.

എന്നാല്‍ ഇതിനിടയില്‍ സ്പീക്കര്‍ ഇടപെടുകയും ഷംസീറിന്റെ പരാമര്‍ശത്തെ ന്യായീകരിക്കുകയും ചെയ്തു. ‘പാര്‍ട്ടികള്‍ ഡിബേറ്റ് ചെയ്യുമ്പോള്‍ ചര്‍ച്ചയില്‍ ഇതൊക്കെ വരാറുണ്ട്. അതൊരു പുതിയ കാര്യമൊന്നുമല്ല. വെറുതെ ഈ പ്രസംഗം തടസപ്പെടുത്താന്‍വേണ്ടി ക്രമപ്രശ്‌നം ഉന്നയിക്കരുത്. ‘ എന്നായിരുന്നു സ്പീക്കറുടെ പരാമര്‍ശം.