സര്‍ക്കാര്‍ കൊല്ലാന്‍ നോക്കി, ശവങ്ങളുടെ കൂടെ കിടത്തി; ആരോപണങ്ങളുമായി എ.എന്‍ രാധാകൃഷ്ണന്‍
kERALA NEWS
സര്‍ക്കാര്‍ കൊല്ലാന്‍ നോക്കി, ശവങ്ങളുടെ കൂടെ കിടത്തി; ആരോപണങ്ങളുമായി എ.എന്‍ രാധാകൃഷ്ണന്‍
ന്യൂസ് ഡെസ്‌ക്
Wednesday, 12th December 2018, 7:57 pm

തിരുവനന്തപുരം: സര്‍ക്കാര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നാരോപണവുമായി ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍.നിരാഹാര പന്തലില്‍ നിന്ന് അറസ്റ്റ് ചെയ്തപ്പോഴായിരുന്നു സംഭവമെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

മെഡിക്കല്‍ കോളെജില്‍ ശവങ്ങള്‍ക്കൊപ്പമാണ് തന്നെ കിടത്തിയത്. മലേറിയ ബാധിച്ചവര്‍ക്കൊപ്പവും എച്ച്1 എന്‍1 പനി ബാധിച്ചവര്‍ക്കൊപ്പവും തന്നെ കിടത്തിയെന്നും.  മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയും മറുപടി പറയണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

എട്ട് ദിവസത്തെ നിരാഹാരസമരത്തിനെ തുടര്‍ന്ന് ആരോഗ്യ നില വഷളായ എ.എന്‍ രാധാകൃഷ്ണനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു ഇത്. എ.എന്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സി.കെ പത്മനാഭന്‍ സമരം ഏറ്റെടുത്തിരുന്നു.

Also Read   ലഭിച്ച വോട്ടില്‍ അരശതമാനത്തിന്റെ കുറവ് പോലുമില്ല; തെരഞ്ഞടുപ്പ് ഫലം കേരളത്തെ ബാധിക്കില്ലെന്നും ശ്രീധരന്‍ പിള്ള

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ബി.ജെ.പി സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം ആരംഭിച്ചത്.

കേരളത്തിലെ സര്‍ക്കാര്‍ ജനവികാരത്തിനെതിരായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണെന്നാണ് നിരാഹാര സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബി.ജെ.പി എം.പി സരോജ് പാണ്ഡെ പറഞ്ഞത്.

രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനേയും പ്രവര്‍ത്തകരേയും തടങ്കലിലാക്കിയിരിക്കുന്നതെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച എം.പിമാരുടെ സംഘം കുറ്റപ്പെടുത്തിയിരുന്നു. വ്യാജമായി ഉണ്ടാക്കിയ കേസാണ് സുരേന്ദ്രന്റെ പേരിലുള്ളതെന്നും സുരേന്ദ്രന് സ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കുന്നെന്നും ഇതിന്റെയടക്കം റിപ്പോര്‍ട്ട് അമിത് ഷായ്ക്ക് സമര്‍പ്പിക്കുമെന്നുമായിരുന്നു നേതാക്കള്‍ പറഞ്ഞത്.

DoolNews Video