കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാനായ കൊയസ്സന്‍ കോയ
അന്ന കീർത്തി ജോർജ്

35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറ്റിച്ചിറയില്‍ കോയ ഹസന്‍ കോയ എന്നൊരാള്‍ തുടങ്ങിയ ഒരു ചെറിയ കട ഇന്ന് മലയാളികള്‍ക്ക് മുഴുവന്‍ കൗതുകമായിരിക്കുകയാണ്. കെട്ടിലും മട്ടിലും പഴഞ്ചനാണെങ്കിലും ഈ കടയില്‍ വില്‍ക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് കണ്ടാല്‍ ആരായാലും ഒന്ന് ആശ്ചര്യപ്പെടും. കാരണം കേരളത്തില്‍ മറ്റേതൊരു സൂപ്പര്‍ മാര്‍ക്കറ്റിലോ വലിയ വലിയ കടകളിലോ പോയി അന്വേഷിച്ചാലും കിട്ടാത്ത വ്യത്യസ്തമായ പലതും ഇവിടെയുണ്ട്.

ഈ കടയുടെ പ്രത്യേകതകളിലേക്ക് കടക്കും മുന്‍പ് വലിയ പ്രത്യേകതകളൊന്നുമില്ലാതെ തുടങ്ങിയ കോയസന്റെ ജീവിതത്തെ കുറിച്ചും ഈ കടയുടെ തുടക്കത്തെ കുറിച്ചും ഒന്ന് പറയാം. അടിമുടി ഒരു കുറ്റിച്ചിറക്കാരനാണ് കോയ ഹസന്‍ കോയ. പത്താം ക്ലാസ് പാസാകാന്‍ കഴിയാത്തിടത്ത് നിന്നാണ് സ്വന്തം കാലില്‍ നില്‍ക്കാനുള്ള കോയസന്റെ ശ്രമങ്ങള്‍ തുടങ്ങുന്നത്.

പത്താം ക്ലാസോടെ കോയ ഹസന്റെ പഠനം അവസാനിച്ചു. തുടര്‍ന്ന് ബാംഗ്ലൂരിലടക്കം പലയിടത്തും സെയില്‍സ് മാനായും മാനേജറായുമെല്ലാം ജോലി ചെയ്ത് നോക്കിയപ്പോള്‍, സ്വന്തമായി ഒരു സംരംഭം മാത്രമേ തനിക്ക് ശരിയാവുകയുള്ളു എന്ന് തോന്നി. അങ്ങനെയാണ് 1986 നവംബറില്‍ തന്റെ 31ാം വയസില്‍ കോയ ഹസന്‍ കോയ എന്ന യുവാവ് കുറ്റിച്ചിറയില്‍ ഒരു ചെറിയ കട തുടങ്ങുന്നത്.

അന്ന് കടക്ക് പേരൊന്നും ഇട്ടില്ലായിരുന്നു. കോയ ഹസന്റെ പീടിയ എന്ന് നാട്ടുകാര്‍ വിളിച്ച് വിളിച്ച് കടയുടെ പേരും അത് തന്നെയായി. പിന്നെ പുതിയൊരു പേര് അന്വേഷിക്കാനൊന്നും നില്‍ക്കാതെ കോയ ഹസന്‍ ‘കോയസന്റെ പീടിയ’ എന്ന് ചെറിയൊരു പേപ്പറില്‍ എഴുതി കടക്ക് മുന്‍പില്‍ ഒട്ടിച്ചുവെച്ചു.

പ്രായം ദേഹത്തെ ഒന്ന് തളര്‍ത്തിയിട്ടുണ്ടെങ്കിലും എന്നും രാവിലെ പഴയ സൈക്കിളും ചവിട്ടി ഈ കട തുറക്കാന്‍ കോയസന്‍ കോയ എത്തും. ചോദിച്ചറിഞ്ഞ് അന്വേഷിച്ചു പോയി കണ്ടെത്തി കൊണ്ടുവന്ന ഓരോ സ്‌പെഷ്യല്‍ വസ്തുക്കളെ കുറിച്ചും പറയാന്‍ ഇന്നും നൂറ് നാവാണ് അദ്ദേഹത്തിന്. പത്ത് താക്കോലുള്ള പൂട്ടും, സ്വന്തം വീട്ടില്‍ പ്രത്യേക കൂട്ടുകളുമായി പൊടിച്ചെടുക്കുന്ന മസാലപ്പൊടികളും, ലക്ഷദ്വീപില്‍ നിന്നുമെത്തിക്കുന്ന മാസ് എന്ന വിളിക്കുന്ന ഉണക്കിയ ട്യൂണയെ കുറിച്ചുമെല്ലാം അദ്ദേഹം വാതോരാതെ സംസാരിക്കും.

ഉമ്മയെയും ബാപ്പയെയും ഒഴിച്ച് മറ്റെല്ലാം കോയസാന്റെ പീടിയയില്‍ ഉണ്ടാവുമെന്നാണ് നാട്ടുകാരും പറയുന്നത്. വ്യത്യസ്തമായ വസ്തുക്കള്‍ക്കൊപ്പം, ഗുണനിലവാരത്തിന്റെ കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന നിഷ്‌കര്‍ഷ കൂടിയാണ് ആളുകളെ ആകര്‍ഷിക്കുന്നതെന്നും ഇവര്‍ പറയുന്നു.

ഈ ചെറിയ കടയിലും കച്ചവടത്തിലും താന്‍ പൂര്‍ണ്ണ സന്തോഷവാനാണെന്നാണ് കോയ ഹസന്‍ പറയുന്നത്്. കട മറ്റാര്‍ക്കെങ്കിലും ഏല്‍പ്പിച്ച് വൈകാതെ തന്നെ ഹജ്ജിന് പോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ പ്രിയപ്പെട്ട പാട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട വരികളെ കുറിച്ച് കൂടി പറഞ്ഞുകൊണ്ടാണ് കോയ ഹസന്‍ കോയ സംസാരം അവസാനിപ്പിച്ചത്. ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടെന്താണെന്ന് അതില്‍ നിന്നും വ്യക്തമായിരുന്നു.

“ഒരു നിമിഷം കരയുന്നു, അടുത്ത നിമിഷം ചിരിക്കുന്നു
രണ്ടേ രണ്ട് നിമിഷം കൊണ്ട് എല്ലാം മാറിമാറിയുന്ന
വല്ലാത്തൊരു മേളയാണ് ഈ ലോകം”


Content Highlight: An old shop selling rare items, run by Koya Hasan Koya, in Kozhikode gathers attention

 

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.