മാധ്യമങ്ങള്‍ അടച്ചുപൂട്ടുന്നതാണ് ഇതിനേക്കാള്‍ ഭേദം | മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു
Opinion
മാധ്യമങ്ങള്‍ അടച്ചുപൂട്ടുന്നതാണ് ഇതിനേക്കാള്‍ ഭേദം | മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു
അന്ന കീർത്തി ജോർജ്
Sunday, 30th January 2022, 7:03 pm

ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നല്‍കിയ അഭിമുഖം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ റിപ്പോര്‍ട്ടര്‍ ടിവി എം.ഡിയും മാധ്യമപ്രവര്‍ത്തകനുമായ നികേഷ് കുമാറിനെതിരെ സ്വമേധയാ കേസെടുത്ത കേരള പൊലീസിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. വിചാരണ നടക്കുന്ന ചില കേസുകളുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കുന്ന സുപ്രീം കോടതി നിര്‍ദേശത്തെയും ഐ.പി.സി 228ാം വകുപ്പിനെയും പൊലീസ് ദുരുപയോഗം ചെയ്തിരിക്കുന്നുവെന്നാണ് ഉയര്‍ന്നിരിക്കുന്ന പ്രധാന വിമര്‍ശനം.

വാര്‍ത്ത നല്‍കിയതിന് പൊലീസ് സ്വമേധയാ കേസെടുത്ത നടപടി മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കയ്യേറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന അപകടകരമായ പ്രവണതക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക ലീന ഗീത രഘുനാഥ്, ദി ന്യൂസ് മിനുറ്റ് എഡിറ്റര്‍-ഇന്‍-ചീഫ് ധന്യ രാജേന്ദ്രന്‍, ദി ഫെഡറല്‍ അസോസിയേറ്റ് എഡിറ്റര്‍ ഷാഹിന കെ.കെ എന്നിവര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിക്കുന്നു.

ലീന ഗീത രഘുനാഥ് | സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

ദിലീപും അയാളുടെ ‘ലീഗല്‍’ ഗുണ്ടകളും ചേര്‍ന്ന് മാധ്യമ സ്വാതന്ത്ര്യത്തിന് കടുത്ത പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ പൊലീസും സര്‍ക്കാരും കോടതിയും അയാളുടെ പാട്ടിനൊപ്പം തുള്ളുന്ന കാഴ്ചയാണ് നമ്മളിപ്പോള്‍ കാണുന്നത്.

ഫ്രാങ്കോ, ദിലീപ് കേസുകളുടെ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കിക്കൊണ്ടുള്ള ഗാഗ് ഓര്‍ഡര്‍ തന്നെ ഒരു തെറ്റായ കീഴ്വഴക്കമായിരുന്നു. ഇപ്പോള്‍ അതിന് കൂടുതല്‍ അപകടകരമായ തുടര്‍ച്ചകളുണ്ടാവുകയാണ്.

ഓരോ സംഭവങ്ങളുടെയും സത്യാവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടത് അവകാശമാണെന്ന് വിശ്വസിക്കുന്ന എല്ലാവരും തന്നെ നികേഷ് കുമാറിന് നേരെ കേസെടുത്തതിനെതിരെ രംഗത്തുവരണം. വസ്തുതാപരമായി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളെ ഉന്നം വെച്ചുകൊണ്ടുള്ള ഇത്തരം നടപടികള്‍ ആരോഗ്യപരമായ ഒരു ജനാധിപത്യവ്യവസ്ഥയുടെ ഭാഗമേയല്ല. നികേഷിനും റിപ്പോര്‍ട്ടര്‍ ടിവിക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

ധന്യ രാജേന്ദ്രന്‍ | എഡിറ്റര്‍ ഇന്‍ ചീഫ്, ദ ന്യൂസ് മിനിറ്റ്

മാധ്യമ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമെതിരെയുള്ള കടന്നുകയറ്റമായി തന്നെയാണ് നികേഷ് കുമാറിനെതിരെ കേസെടുത്ത നടപടിയെ ഞാന്‍ വിലയിരുത്തുന്നത്. നിപുണ്‍ സക്‌സേന കേസില്‍ ഇരകളെയും അതിജീവിച്ചവരെയും സംരക്ഷിക്കുന്നതിന് വേണ്ടി സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ ദുരുപയോഗമാണ് ഇതിലൂടെ നടന്നിരിക്കുന്നത്. നേരത്തെയും കുറ്റാരോപിതര്‍ ഇത്തരത്തില്‍ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് വര്‍ഷങ്ങളായി തുടരുന്നതാണ്. വളരെ അടിസ്ഥാനപരമായ റിപ്പോര്‍ട്ടിങ്ങ് മാത്രമാണ് മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ചെയ്യുന്നത്. ഇന്‍ ക്യാമറ വിചാരണ നടക്കുന്ന ഈ കേസില്‍ സുപ്രീം കോടതിയുടെ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചുകൊണ്ട് തന്നെയാണ് എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

പക്ഷെ വ്യത്യസ്തമായ ഒരു സാഹചര്യത്തില്‍ ബാലചന്ദ്രകുമാറിന്റെ അഭിമുഖം റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നു. അപ്പോള്‍ സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളെ ദുരുപയോഗം ചെയ്ത് ആ റിപ്പോര്‍ട്ടിനെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ്. പ്രതിയാണ് ഈ കേസില്‍ കോടതിയില്‍ നിന്നും എല്ലാ ഇളവുകളും സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്.

ദിലീപ് ഈ കേസില്‍ നേരത്തെ രണ്ട് ഗാഗ് ഓര്‍ഡറുകള്‍ വാങ്ങിയിരുന്നു. മൂന്നാമത്തെ ഗാഗ് ഓര്‍ഡറിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതി ഡി.ജി.പിയോട് അന്വേഷിക്കാന്‍ ഉത്തരവിടുന്നത്. എനിക്ക് ഇക്കാര്യത്തില്‍ ചോദ്യമുന്നയിക്കാനുള്ളത് കേരള സര്‍ക്കാരിനോടും പൊലീസിനോടുമാണ്.

ഡി.ജി.പിയോട് ഹൈക്കോടതി അന്വേഷണം നടത്താന്‍ പറഞ്ഞതിന് പിന്നാലെയാണല്ലോ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കേസെടുത്തിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവി നല്‍കിയ വാര്‍ത്തകളുടെ യൂട്യൂബ് വീഡിയോകളെല്ലാം പരിശോധിച്ച ശേഷം, എഡിറ്റര്‍ക്കെതിരെ അഞ്ച് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യണമെന്നാണോ നിങ്ങള്‍ക്ക് തോന്നിയത്? റിപ്പോര്‍ട്ടര്‍ ടിവിയില്‍ വന്നത് ഒരു whistleblower ന്റെ ഭാഗം മാത്രമാണെന്ന് ആരും നിങ്ങളോട് പറഞ്ഞില്ലേ?

മാധ്യമസ്വാതന്ത്ര്യത്തിന് എന്ത് വിലയാണ് നിങ്ങള്‍ കല്‍പിക്കുന്നത്? whistleblower ആയി പുറത്തുവരുന്നവര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കരുതെന്നാണോ ഇതിലൂടെ പറഞ്ഞുവെക്കാന്‍ ഉദ്ദേശിക്കുന്നത്? ഈ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും പൊലീസിനും ലഭിച്ച നിയമോപദേശം എന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ട്.

ഷാഹിന കെ.കെ. | അസോസിയേറ്റ് എഡിറ്റര്‍, ദ ഫെഡറല്‍

കേരളത്തില്‍ ഇന്നുവരെ ഇല്ലാതിരുന്ന, വളരെ അപകടകരമായ ഒരു പ്രവണതയിലേക്കാണ് നികേഷ് കുമാറിനെതിരെ കേസെടുത്തിരിക്കുന്ന നടപടി വഴിവെട്ടിയിരിക്കുന്നത്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്ന ഒരു രീതി കേരളത്തിലില്ല. മാധ്യമപ്രവര്‍ത്തകരായ വ്യക്തികള്‍ ഉള്‍പ്പെട്ട കേസുകള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും, അവയൊന്നും തന്നെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ടതായിരുന്നില്ല.

എന്നാല്‍ യു.പി, കര്‍ണാടക തുടങ്ങിയ മറ്റു സംസ്ഥാനങ്ങളില്‍ അങ്ങനെയല്ല കാര്യങ്ങളെന്ന് നമുക്കറിയാം. മാധ്യമ സ്വാതന്ത്ര്യത്തില്‍ ഏറെ പുറകിലാണ് ഇന്ന് ഇന്ത്യയുടെ സ്ഥാനം. ജേണലിസത്തിനും ജേണലിസ്റ്റുകള്‍ക്കും ഏറെ അപകടം പിടിച്ച നാടാണിതെന്ന് രാജ്യാന്തര തലത്തില്‍ തന്നെ എത്രയോ റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. ഇത്രയും നാള്‍ ഇതെല്ലാം കേരളത്തിന് പുറത്ത് നടക്കുന്ന കാര്യങ്ങളായിരുന്നെങ്കില്‍, ഇന്ന് അതിന് മാറ്റം വന്നിരിക്കുകയാണ്.

വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുന്ന തികച്ചും തെറ്റായ പ്രവണതയുടെ തുടക്കമായാണ് ഞാന്‍ ഇതിനെ വിലയിരുത്തുന്നത്. റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെയുള്ള നീക്കം മാത്രമല്ല ഇത്. പണവും അധികാരവും സ്വാധീനവുമുള്ളയാളുകള്‍ ഒരു പക്ഷത്ത് വരുമ്പോള്‍ സ്റ്റേറ്റ് എങ്ങനെ പെരുമാറുമെന്ന് പകല്‍വെളിച്ചം പോലെ വ്യക്തമായിരിക്കുകയാണ്.

ഐ.പി.സിയിലെ 228ാം വകുപ്പിനെ ദുരുപയോഗം ചെയ്തുകൊണ്ടാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്നതിന് വേണ്ടിയുണ്ടാക്കിയ നിയമമല്ല അത്.

വിചാരണ നടക്കുന്ന കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ വിചാരണക്കോടതിയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കുന്നതിനെതിരെയാണ് ഈ വകുപ്പ്. എന്നാല്‍ ഇവിടെ വിചാരണക്കോടതിയിലെ നടപടികളുമായി ഒരു ബന്ധവുമില്ലാത്ത ബാലചന്ദ്രകുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് കേസ് വന്നിരിക്കുന്നത്.

ബാലചന്ദ്ര കുമാര്‍ ഈ കേസിലെ പ്രതിയോ സാക്ഷിയോ അല്ല. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടിക്രമങ്ങളില്‍ ഇതുവരെയും ഇയാള്‍ ഉള്‍പ്പെട്ടിട്ടില്ല. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ പൗരനാണ് അയാള്‍. അങ്ങനെയൊരാളെ ഇന്റര്‍വ്യൂ ചെയ്യാന്‍ ഇവിടുത്തെ മാധ്യമങ്ങള്‍ക്ക് അവകാശമില്ലെന്നാണ് പൊലീസ് പറയുന്നതെങ്കില്‍ അത് അപകടകരമാണ്.

മറ്റ് പരാതിക്കാരൊന്നുമില്ലാതെ പൊലീസ് സ്വമേധയാ ആണ് ഈ കേസെടുത്തിരിക്കുന്നത്, അതായത് സര്‍ക്കാരാണ് കേസെടുത്തിരിക്കുന്നത്. ഇതൊരിക്കലും അനുവദിച്ചു കൊടുക്കാനാകില്ല. പൗരസമൂഹം ഈ വിഷയത്തില്‍ പ്രതികരിച്ചേ മതിയാകൂ.

നികേഷ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പരിശോധിച്ചാല്‍ തന്നെ കേരള പൊലീസ് ദിലീപ് കേസില്‍ ആര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് വ്യക്തമാകും. മാധ്യമങ്ങള്‍ തനിക്കെതിരെ വാര്‍ത്ത കൊടുക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് ഹൈക്കോടതിയില്‍ ഹരജി നല്‍കുന്നു. ഇന്ത്യയിലെ നിലവിലെ നിയമങ്ങളനുസരിച്ച് അത്തരത്തിലൊരു ഹരജി പരിഗണിക്കാനേ പാടില്ലാത്തതാണ്.

എന്നാല്‍ ഇവിടെ കോടതി ഡി.ജി.പിയോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു. പക്ഷെ അപ്പോഴും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നല്ലാതെ ആര്‍ക്കെതിരെയും കേസെടുക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടില്ല. എന്നാലിവിടെ റിപ്പോട്ടര്‍ ടിവിക്കെതിരെ പൊലീസ് സ്വമേധയാ അഞ്ച് കേസാണ് എടുത്തിരിക്കുന്നത്. കേരള പൊലീസ് ആര്‍ക്ക് വേണ്ടിയാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കാന്‍ സാമാന്യബോധം മതി, ആ ബോധം പൊതുജനങ്ങള്‍ക്കുണ്ട്.

ഈ നടപടി തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. അല്ലാത്തപക്ഷം സ്ത്രീപക്ഷ രാഷ്ട്രീയമടക്കം പ്രസംഗിച്ച് വോട്ട് വാങ്ങി അധികാരത്തിലെത്തിയ സര്‍ക്കാര്‍ എന്താണ് കാണിച്ചുക്കൂട്ടുന്നതെന്ന ചോദ്യമുണ്ടാകും.

ദിലീപിനെ ജയിലിലിട്ടേ തീരുവെന്ന അഭിപ്രായമൊന്നും എനിക്കില്ല. ദിലീപ് ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് പുറത്തുവരണമെന്നാണ് എല്ലാ മാധ്യമങ്ങളും ജനങ്ങളും ആവശ്യപ്പെടുന്നത്. അത് തന്നെയാണ് റിപ്പോര്‍ട്ടര്‍ ടിവിയും പറഞ്ഞത്. ദിലീപിനെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെടുന്ന വാര്‍ത്തയൊന്നും അവര്‍ നല്‍കിയിട്ടില്ല.

ബാലചന്ദ്രകുമാറെന്ന വ്യക്തി മാധ്യമങ്ങളെ സമീപിക്കുകയായിരുന്നു. അയാള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ പൊതുസമൂഹത്തെ കേള്‍പ്പിക്കുക എന്ന പ്രാഥമികമായ മാധ്യമ ധര്‍മമാണ് റിപ്പോര്‍ട്ടര്‍ ടിവി ചെയ്തത്. അതിന്റെ പേരിലാണ് ഈ കേസെങ്കില്‍ പിന്നെ ഇവിടെ ഒരു വിഷയവും റിപ്പോര്‍ട്ട് ചെയ്യാനാകില്ല. കോടതിയില്‍ കേസ് നടക്കുന്ന വിഷയത്തിന്റെ അപ്പുറമോ ഇപ്പുറമോ വരുന്ന ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യാനാകില്ല എന്നാണെങ്കില്‍, മാധ്യമങ്ങള്‍ അടച്ചുപൂട്ടുന്നതാണ് നല്ലത്.

തയ്യാറാക്കിയത്: അന്ന കീര്‍ത്തി ജോര്‍ജ്


Content Highlight: Journalists Dhanya Rajendran, Shahina K K and Leena Gita Reghunath respond to Kerala Police’s suo moto case against Reporter TV Editor M V Nikesh Kumar

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.