പ്രണയവും പ്രകൃതിയും ഒത്തുചേരുന്നയിടം
Dool Talk
പ്രണയവും പ്രകൃതിയും ഒത്തുചേരുന്നയിടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th December 2012, 2:56 pm

അനാവശ്യമായ പ്രശംസയും വളരെ ആഴം കുറഞ്ഞതുമായ നിരൂപണമാണ് സാധാരണയായി അവതാരികയില്‍ കാണുന്നത്. എഴുത്തുകാരനോടുള്ള വ്യക്തിബന്ധവും ഇതിനെ സ്വാധീനിക്കും. അത് വായനക്കാര്‍ക്ക് അവരുടേതായ വാതിലില്‍ക്കൂടി കയറാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നു


വീരാന്‍ കുട്ടി / റിയ

ചിത്രങ്ങള്‍ / കെ.ശ്രീജിത്ത്
വീരാന്‍കുട്ടി മാഷിന്റെ കവിതകളിലെ വാക്കുകളായ വാക്കുകള്‍ മുഴുവന്‍ പ്രാര്‍ഥനകളായി മരങ്ങളെ നനക്കുന്ന ജല കണികകള്‍ തന്നെയാണെന്ന് അദ്ദേഹത്തിന്റെ കവിതകള്‍ വായിക്കുമ്പോള്‍ നമുക്ക്  ബോധ്യമാകും. ആത്മീയതയും പ്രണയവും പരിസ്ഥിതിയുമെല്ലാം അതിന്റെ സൂക്ഷ്മതയില്‍ മാഷിന്റെ കവിതയില്‍ പ്രതിപാദിക്കപ്പെടുന്നു.

അതിനാലാവണം മാഷിന്റെ കവിതകള്‍ ക്യാമ്പസുകള്‍ വരെ ഹൃദയത്തിലേറ്റെടുത്തത്. പ്രണയത്തിന്റെ ഭാഷയില്‍ സംസാരിക്കുന്ന മാഷിനെ കാണുമ്പോള്‍ ഇത്രയധികം പ്രണയം എവിടെ നിന്നോര്‍ത്ത്  നാം അത്ഭുതപ്പെട്ടുപോകും. മാഷിന്റെ കവിതകളിലെ ആത്മീയത, പ്രണയം, പരിസ്ഥിതി, സ്ത്രീ എന്നിവയെ കുറിച്ച്  മാഷ് മനസ്സു തുറക്കുന്നു.  []

ആദ്യകാലത്തെ എഴുത്തിനെക്കുറിച്ചും ബാലസാഹിത്യരചനയിലേക്ക് വരാനിടയാക്കിയ അനുഭവങ്ങളെ കുറിച്ചും പറയാമോ?

എഴുത്ത് വല്ലാത്തൊരാശ്വാസമാണ്.അവിടെ പറയാനുള്ള സ്വാതന്ത്യമുണ്ട്. പഠിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് എഴുത്ത് തുടങ്ങിയത്. അതാണ് ആദ്യഘട്ടം. കുട്ടിക്കാലത്തെ ചെറിയ ഓര്‍മകളാണ് ആ രചനയ്ക്ക് പിന്നില്‍.

വീട്ടില്‍ എന്നും കണ്ടുകൊണ്ടിരുന്ന കോഴിയെ പെട്ടെന്നു കാണാതായപ്പോള്‍ ആ വേദനയില്‍ ഒരു കുഞ്ഞുകവിത എഴുതി. പ്രയാസമുണ്ടാകുമ്പോള്‍ കവിയെഴുതാം എന്നൊരു ധാരണയോ തെറ്റിധാരണയോ അന്നുണ്ടായി.

അനിയനുമായിട്ടുള്ള കുട്ടിക്കാല ഓര്‍മകളാണ് ഉണ്ടനും നീലനും എന്ന കവിത. പിന്നീട് വീണ്ടും എഴുത്ത് തുടരുന്നത് അബ്ദുറഹ്മാന്‍ മരിച്ച സമയത്ത് അദ്ദേഹത്തെക്കുറിച്ച് കവിത എഴുതിയാണ്.

ചാലിയാര്‍ മലിനീകരണസമയത്ത് രാവിലെ ക്ലാസില്‍ വന്നുകഴിഞ്ഞാല്‍ 2 മണിക്കൂര്‍ വാതിലൊക്കെ തുറന്നിട്ടതിനു ശേഷമാണ് പഠനം ആരംഭിക്കുക. അന്നു തുടങ്ങിയ എഴുത്തുകളാണ് എഴുതാന്‍ പറ്റുമെന്ന വിശ്വാസം നല്‍കിയത്.

വലുപ്പം കൊണ്ട് വളരെ ചെറിയ കവിതകളാണല്ലോ മാഷിന്റെ കവിതകളിലേറെയും. ഇതു കവിതയുടെ ലാവണ്യത്തെ ഏതു രീതിയിലാണു ബാധിക്കുക?

സ്വാഭാവികമായിട്ടും കവിതയുടെ ഭാഷയെ പുതുക്കുന്നതിന്റെ ഭാഗമായിട്ടാവണം ചെറിയ കവിതകളുടെ കടന്നുവരവ്. ആധുനിക കവിതകള്‍ കൂടുതലും നീളം കൂടിയവയായിരുന്നു. അത് മടുത്തതിനാലാവണം ചുരുക്കിപ്പറയാന്‍ തീരുമാനിച്ചത്.

ടി.പി. യുടെ മരണം ഒരു മനുഷ്യജീവി എന്ന നിലയില്‍ എന്നിലുണ്ടാക്കിയ ചില ചലനങ്ങളാണ് രക്തം സാക്ഷി എന്ന കവിത

കവിതയുടെ ഭാഷതന്നെ ചുരുക്കിപ്പറയുന്നതാണല്ലോ? ഭാഷ വായനക്കാരന്റെ മനസിലാണ് വളരേണ്ടത്. ഏത് രീതിയിലെഴുതിയാലും അതില്‍ കവിതയുണ്ടാവണമെന്നേയുള്ളു.

മാഷിന്റെ കവിതകളില്‍ സാങ്കേതികവിദ്യയുടെ സ്വാധീനം (sms format etc) പ്രകടമാണല്ലോ. വായനശാലകള്‍ക്കു പകരം ഡിജിററല്‍ വായശാലകള്‍ വരുമ്പോഴുണ്ടാകുന്ന മാററത്തെ എങ്ങനെ വിലയിരുത്തുന്നു?

കാലത്തിനൊപ്പം നില്‍ക്കാതെ പറ്റില്ലല്ലോ? പുതിയ വിദ്യകള്‍ വരുമ്പോള്‍ അത് പഴമയെ തകര്‍ക്കുമെന്ന ഭയം നല്ലതല്ല. വൈലോപ്പിളളി കവിതകളില്‍ ഇത്തരത്തിലുളള ഭയം പ്രകടമാണ്.

പുതിയ സാങ്കേതികതയുടെ പ്രത്യയശാസ്ത്രത്തെ അനുകൂലിക്കുകയല്ല ചെയ്യുന്നത്. ഒരുപക്ഷേ പത്തു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പുസ്തകങ്ങള്‍ ഉണ്ടാകണമെന്നില്ല.

വൈകാരികമായി തോന്നുന്ന അടുപ്പം കൊണ്ടുമാത്രം പുസ്തകങ്ങള്‍ നിലനില്‍ക്കുകയില്ല.പുസ്തകത്തെ അതിജീവിക്കുന്ന, അതിനേക്കാള്‍ ഭംഗിയുളള വേറൊരു സാങ്കേതിക വിദ്യ വന്നാല്‍ പൂര്‍ണ്ണമായല്ലെങ്കിലും പുസ്തകങ്ങള്‍ക്കു പിടിച്ചുനില്‍ക്കാനാവില്ല.

പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചു വരുന്ന അടുത്ത തലമുറകള്‍ക്കു പുസ്തകങ്ങളുമായി വലിയൊരു ഹൃദയബന്ധം ഉണ്ടാകണമെന്നില്ല. കുട്ടിക്കാലത്തെ വായനയില്‍ നിന്നുളള ബന്ധമാണ് പുസ്തകങ്ങളോട് നമ്മെ അടുപ്പിച്ചു നിര്‍ത്തുന്നത്.

ലോകത്തെവിടെയും ഇരിക്കുന്ന ഒരാള്‍ക്ക് ഒരേസമയം വായിക്കാന്‍ പറ്റുന്ന സൗകര്യങ്ങളുണ്ട് ഇന്ന്. നൂറോ ഇരുന്നൂറോ കോപ്പിയ്ക്കുളളില്‍ നിന്നുളള വായനയെക്കാള്‍ വലിയ സാധ്യതകളുണ്ട്, അതേസമയം പരിമിതികളുമുണ്ട്.

മാഷിന്റെ കവിതകള്‍ സംഗീതം ചെയ്തിട്ടുണ്ടല്ലോ? സംഗീതത്തിനൂ വേണ്ടി കവിതയെ  ഉപയോഗിക്കൂന്നതിനെക്കൂറിച്ചൂള്ള താങ്കളൂടെ അഭിപ്രായം?

സംഗീതം നല്‍കൂമ്പോള്‍  കവിതയിലെ കവിതക്ക് കൂറവൂണ്ടാകരൂത്. സംഗീതത്തിന്റെ ബലത്തില്‍  ഒരൂ കവിതയെ കാസറ്റിലാക്കി പുറത്തിറക്കുന്നത് കവിതക്കു ഗൂണം ചെയ്യുമെന്ന് തോന്നുന്നില്ല.വായനക്കാരെ അതു തെറ്റിധരിപ്പിക്കും.

എനിക്കു ഗാനരചന വശമില്ലാത്ത കാര്യമാണ്. ഗാനരചനയൂടെയും കവിതയുടെയും രീതികള്‍ വ്യത്യസ്തമാണ്. സംഗീതത്തില്‍ ഭാഷ തരളമാകും, കാല്‍പനികതയുടെ അംശം വരും. അതൊരിക്കലും  എനിക്കു വഴങ്ങുമെന്ന് തോന്നുന്നില്ല.

പരിസ്ഥിതി കവിതകളാല്‍ സമ്പന്നമാണ് നമ്മുടെ സാഹിത്യലോകം. കവിതകളില്‍ കാണുന്ന പരിസ്ഥിതി ബോധം വായനക്കാര്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്നുണ്ടന്നു താങ്കള്‍ കരുതുന്നുണ്ടോ?

ആരോ ഭൂമിയോടു ചെയ്തിട്ടുളള തെററിന്റെ ഫലമാണ് ഇതൊക്കെയെന്നും കവിയ്ക്കതില്‍ പ്രത്യേകിച്ച് പങ്കില്ല എന്ന മട്ടിലുളള എഴുത്തായിരുന്നു ആധുനിക കവികളുടേത്.

എന്നാല്‍ ഭൂമിയില്ലാതായാല്‍ മനുഷ്യര്‍ക്കു നിലനില്‍ക്കാനാവില്ല എന്ന തിരിച്ചറിവില്‍ പുതിയകവി ആത്മവിമര്‍ശനത്തോടെ കവിത എഴുതുന്നു. ഭൂമിയിലെ മനുഷ്യനല്ലാത്ത ജീവജാലങ്ങളെയും കവിതയില്‍ പരിഗണിക്കുന്നു.

പ്രകൃതിയ്ക്കു വേണ്ടി വാദിക്കുന്നതിനപ്പുറം പ്രകൃതിയെ എഴുത്തിലേക്കു പറിച്ചു നടുന്നു. പിന്നെ സാഹിത്യത്തിനും കലകള്‍ക്കും സ്വാധീനം ചെലുത്താന്‍ കഴിയുന്നത്ര നിഷ്‌ക്കളങ്കമല്ല ഇന്നത്തെ സമൂഹം.

അനുഷ്ടാനങ്ങളിലേക്ക്  ആകര്‍ഷിക്കപ്പെടുബോള്‍ മതമെന്ന നിലക്ക് അവ വളരുന്നുണ്ടാകാം. എന്നാല്‍ യഥാര്‍ത്ഥ ആത്മിയത അവിടെ നഷ്ടമാകുന്നു

എഴുത്തിലൂടെയുളള പ്രതിരോധത്തിന് അതിനെ എത്രത്തോളം തടുക്കാന്‍ കഴിയുമെന്ന് തീര്‍ച്ചയില്ല.കവിതകൊണ്ട് പരിസ്ഥിതിയെ പൂര്‍ണ്ണമായും രക്ഷപ്പെടുത്താനാവില്ല, എന്നാല്‍ ഒരുപാടു പാഠങ്ങള്‍ കൊടുക്കാനാവും.

പറഞ്ഞുകൊണ്ടേയിരിക്കുക, മാററാന്‍ കഴിയുമെന്ന പ്രതീക്ഷയൊന്നുമില്ലെങ്കിലും ശ്രമിക്കുക.

മാഷിന്റെ കവിതകള്‍ ആത്മീയതയുടെ അംശമുള്ളവയാണ്.ആത്മീയതയെ കുറിച്ചുള്ള  മാഷിന്റെ സങ്കല്‍പ്പം?

ആത്മിയത എന്നു പറയുമ്പോള്‍ അനുഷ്ഠാനവും അതുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങളും നിര്‍വഹിച്ചാല്‍ ആത്മീയതയെന്നൊരു ധാരണയുണ്ട്. പ്രപഞ്ചത്തെയും മനുഷ്യരെയും എല്ലാ ജീവജാലങ്ങളെയും ഒരുമിച്ചു ചേര്‍ക്കാന്‍ പറ്റുന്ന ഒരു  ആശയസത്തയായാണ് ആത്മീയതയെ കാണുന്നത്.

മനുഷ്യന്‍ താഴേക്കു വന്നു എല്ലാ ജീവജാലങ്ങള്‍ക്കും ഇടം നല്‍കുന്ന ഒരു പൊതുസ്ഥലം. എല്ലാം പരസ്പരം ശുശ്രൂഷിക്കപ്പെടുന്ന ഒരിടം. അങ്ങനെ ഒരിടത്തിന്റെ സൗഖ്യമാണ് എന്റെ മനസ്സിലെ ആത്മീയത.

കാരണം മനുഷ്യന്‍ ജീവിക്കുന്നത് അവരുടെ ബലം കൊണ്ടല്ല. ചില കരുതലുകള്‍ക്കിടയിലാണു നാം നിലനില്‍ക്കുന്നത്. ഇതെല്ലാം ചേര്‍ന്ന് ഒരു താളം, ലയം സൃഷ്ടിക്കുന്നു. സൂഫി കവിതകളിലൊക്കെ , നമുക്ക് നമ്മുടെ സാധാരണ മനസ്സുകൊണ്ട് പിടിച്ചെടുക്കാനാവത്തത് വേറൊരു തലത്തിലേക്കു കൊണ്ടുപോയി ദൈവവും പ്രകൃതിയും ഒന്നാകുന്ന  തലത്തില്‍ എത്തുന്നു.

നമ്മള്‍ സാധാരണ മനുഷ്യരാണ്. ആത്മീയതയെക്കുറിച്ചുള്ള ചില ആഗ്രഹങ്ങള്‍  നമ്മുട മനസ്സിലുണ്ട്. മഴ തന്നെ ഒരു ദിവസം തിരിയായി പെയ്യുന്നതിനു പകരം തളം കെട്ടി പെയ്യുകയോ പത്തു മാസത്തെ മഴ ഒരു ദിവസം കൊണ്ടു പെയ്യുകയോ ചെയ്താലോ.. അതായത് ചില കരുതലുകള്‍ പ്രപഞ്ചത്തിനു നമ്മുടെ മേല്‍ ഉണ്ട്.

അവിടെ മനുഷ്യനെ വിഭജിച്ചു കാണലില്ല. ആര്‍ക്കും ഇഷ്ടമുള്ള അനുഷ്ടാനങ്ങള്‍ പില്‍തുടരാം.  എന്നാല്‍ അവ വേര്‍തിരിവുകള്‍ക്കു കാരണമായാല്‍ അത് യഥാര്‍ത്ഥ ആത്മീയതയുടെ നേര്‍വിപരീതമാണ്.

അനുഷ്ടാനങ്ങളിലേക്ക്  ആകര്‍ഷിക്കപ്പെടുബോള്‍ മതമെന്ന നിലക്ക് അവ വളരുന്നുണ്ടാകാം. എന്നാല്‍ യഥാര്‍ത്ഥ ആത്മിയത അവിടെ നഷ്ടമാകുന്നു.

മാഷിന്റെ കവിതകളില്‍ ഇത്രയധികം പ്രണയം നിറഞ്ഞു നില്‍ക്കുന്നത് എങ്ങനെയാണ്? നിരുപാധിക സ്‌നേഹം ഇന്നു എത്രത്തോളം സാധ്യമാണ്?

(ഒരുപാടു സ്‌നേഹം നിറഞ്ഞ ഒരു ചിരിയിലായിരുന്നു ഉത്തരം പറഞ്ഞു തുടങ്ങിയത്.) ഒരാളുടെ കവിതയെകുറിച്ച് പറയാന്‍ ഏററവും അയോഗ്യനായാളാണ് കവി.

കാരണം ആ കവിത ഉണ്ടാകാന്‍ കാരണമായിട്ടുളള അനുഭവങ്ങളും ഓര്‍മകളും ഒക്കെ അതിന്റെ സൂക്ഷ്മതയില്‍ അബോധതലത്തിലുണ്ട്. ഇതുതന്നെയാവണം രചനയ്ക്കു പിന്നിലെ കാരണമെന്നു നിര്‍ബദ്ധമില്ല.

സ്‌നേഹത്തെകുറിച്ചാണെങ്കില്‍ എവിടെയാണോ നാം ഉപാധികള്‍ വെയ്ക്കുന്നത് അവിടെ സ്‌നേഹം തീരുന്നു. നിബദ്ധനകള്‍ വെച്ചു സ്‌നേഹിക്കാനാണ് നാം കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത്.

സ്‌നേഹം എന്ന വാക്കിനു തന്നെ ഇന്നു നാം നല്‍കുന്ന അര്‍ത്ഥം തെററാണ്. ഉപാധികള്‍ നിറഞ്ഞ സ്‌നേഹം ദു:ഖം സമ്മാനിക്കുന്നു. നിരുപാധികമായ പ്രകൃതിയോടുള്ള സ്‌നേഹം സന്തോഷം സമ്മാനിക്കുന്നു.

പുസ്തകത്തെ അതിജീവിക്കുന്ന, അതിനേക്കാള്‍ ഭംഗിയുളള വേറൊരു സാങ്കേതിക വിദ്യ വന്നാല്‍ പൂര്‍ണ്ണമായല്ലെങ്കിലും പുസ്തകങ്ങള്‍ക്കു പിടിച്ചുനില്‍ക്കാനാവില്ല

ഈശ്വരനെ പ്രണയിക്കുന്നവരാണ് സൂഫികള്‍. ഇന്നു പലതിലും ചെന്നകപ്പെടാതിരിക്കാന്‍ നാം ഈശ്വരനെ ഒരു കാവല്‍ക്കാരനായി കൂട്ടുപിടിക്കുന്നു. കാരണം മനുഷ്യന്റെ സ്‌നേഹത്തെയും ദൈവത്തെയും കുറിച്ചിള്ള സങ്കല്പങ്ങള്‍ക്ക് അവര്‍ സ്വയം പരിമിതികള്‍ ഉണ്ടാക്കുന്നു.

പ്രണയം പരിസ്ഥിതി എന്നിവയില്‍ മാത്രം ഒതുങ്ങിപ്പോകുന്നു താങ്കളുടെ കവിതകള്‍ എന്നൊരു വിമര്‍ശനമുണ്ട് ഇതില്‍നിന്നും ഒരു പുറത്തു കടക്കല്‍ ആവശ്യമില്ലേ?

സ്ത്രീകളെക്കുറിച്ച് ഞാന്‍ കവിതയില്‍പ്പറഞ്ഞിട്ടുണ്ട്. പിന്നെ മരവും വെള്ളവും പ്രണയവും മരണവുമെല്ലാം കവിതക്ക് വിഷയമായിട്ടുള്ളതാണ്.

ബോധമനസില്‍ അല്ല കവിത വരുന്നത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അബോധതലത്തിലുള്ളത്  കവിതയായി പുറത്തുവരുന്നു. വിഷയം അല്ല കവിതയെ നിര്‍ണയിക്കുന്ന ഘടകം.

എല്ലാ കാലത്തുമുള്ള കാവ്യപ്രമേയങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ യുദ്ധം, ക്ഷാമം, പ്രണയം, സ്ത്രീ എന്നിവ കടന്നു വരുന്നു. എന്നാലത് എങ്ങനെ പറഞ്ഞു അല്ലെങ്കില്‍ പറയുന്നു എന്നതിലാണു കാര്യം.

ഒരു കവിതയുടെ രീതിപോലെ മറ്റൊന്നാകരുത് എന്ന പ്രാര്‍ത്ഥനയോടെയാണ് ഞാന്‍ എഴുതുന്നത്. എല്ലാവരും എല്ലാം പറയുന്നതിനേക്കാള്‍ പലരും പലതും പറഞ്ഞു അത് ചേര്‍ത്തു വെച്ചു വായിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു.

മറ്റുകവിതകളെ അപേക്ഷിച്ചു നോക്കുമ്പോള്‍ പുതിയൊരു മുഖമാണ് രക്തംസാക്ഷി എന്ന കവിതയ്ക്ക്. ആ കവിതയെക്കുറിച്ച്,

നിയന്ത്രിക്കാന്‍ കഴിയാതത്ര കലുഷിതമായി കൊണ്ടിരിക്കുന്ന ഒരന്തരീക്ഷം ഇന്നു നമുക്കു ചുറ്റുമുണ്ട്. ടി.പി. യുടെ മരണം ഒരു മനുഷ്യജീവി എന്ന നിലയില്‍ എന്നിലുണ്ടാക്കിയ ചില ചലനങ്ങളാണ് രക്തം സാക്ഷി എന്ന കവിത.

ഒരു കവിത എന്ന ലക്ഷ്യത്തില്‍ എഴുതിയതല്ല അത്. മരണത്തിന്റെയും രക്തത്തിന്റെയും മണം ഇന്നും അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നുണ്ട്. എത്ര ശ്രമിച്ചാലും ചില സമയത്ത് വാക്കുകള്‍ ഒളിപ്പിച്ചുവെയ്ക്കാനാവില്ല.

അത് മറ്റുള്ളവര്‍ക്ക് ആശ്വാസം നല്‍കുമെങ്കില്‍ കവിതയായോ കഥയായോ പുറത്തുവരട്ടെ.

ആമുഖമെഴുത്ത് വായനക്കാര്‍ക്ക് വായനയിലുള്ള സ്വാതന്ത്ര്യത്തെ ഏത് രീതിയില്‍ ബാധിക്കുന്നു?

അനാവശ്യമായ പ്രശംസയും വളരെ ആഴം കുറഞ്ഞതുമായ നിരൂപണമാണ് സാധാരണയായി അവതാരികയില്‍ കാണുന്നത്. എഴുത്തുകാരനോടുള്ള വ്യക്തിബന്ധവും ഇതിനെ സ്വാധീനിക്കും.

അത് വായനക്കാര്‍ക്ക് അവരുടേതായ വാതിലില്‍ക്കൂടി കയറാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നു. വ്യത്യസ്തമായ വായനയ്ക്കുള്ള സാധ്യതയെ ഒരിക്കലും നശിപ്പിക്കരുത്.


സാഫി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിലെ എം.സി.ജെ വിദ്യാര്‍ത്ഥിയാണ് റിയ