'സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാകില്ല'; ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ നെതന്യാഹു
World
'സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാകില്ല'; ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ നെതന്യാഹു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd September 2025, 6:59 am

ടെല്‍ അവീവ്: സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാകില്ലെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചുകൊണ്ട് ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പരാമര്‍ശം.

‘ഹമാസിന് ഒരു സമ്മാനം നല്‍കി, അതായത് ഭീകരതയ്ക്കുള്ള വലിയ പ്രതിഫലം’ എന്ന് വിമര്‍ശിച്ചുകൊണ്ടാണ് നെതന്യാഹു പ്രതികരിച്ചത്. എന്നാല്‍ സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാകില്ലെന്നും ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടില്ലെന്നും നെതന്യാഹു പറഞ്ഞു.

അടുത്താഴ്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നെതന്യാഹുവും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഇതിനുശേഷം ഈ വിഷയത്തില്‍ ഒരു പ്രഖ്യാപനമുണ്ടാകുമെന്നും നെതന്യാഹു അറിയിച്ചു.

വെസ്റ്റ് ബാങ്കിലെ ചില ഭാഗങ്ങള്‍ പിടിച്ചെടുക്കുമെന്നും നെതന്യാഹു സൂചന നല്‍കിയതായി ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ (ഞായര്‍)യാണ് ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് യു.കെയും കാനഡയും ഓസ്ട്രേലിയയും ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ദ്വിരാഷ്ട്ര പ്രഖ്യാപനം സമാധാനമുണ്ടാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ പറഞ്ഞു. ഇസ്രഈലിനും ഫലസ്തീനും മികച്ച ഭാവി ഉണ്ടാകട്ടെയെന്നും സ്റ്റാമര്‍ പറഞ്ഞിരുന്നു.

ബന്ദികളെ ഉടന്‍ വിട്ടയക്കണമെന്നും യു.കെ ആവശ്യപ്പെട്ടു. ദ്വിരാഷ്ട്ര പരിഹാരം അന്താരാഷ്ട്ര മുന്നേറ്റത്തിന്റെ ഭാഗമാണെന്നാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ചൂണ്ടിക്കാട്ടിയത്.

ഗസയില്‍ ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം. ബന്ദികളെ മോചിപ്പിക്കണം. ഇതിലൂടെ ദ്വിരാഷ്ട്ര പരിഹാരം ആരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രി പെന്നി വോങ്ങിനൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയില്‍ അല്‍ബനീസ് പ്രതികരിച്ചു.

ഫലസ്തീന്റെ ഭാവി ഭരണത്തില്‍ സായുധ സംഘടനയായ ഹമാസിന് ഒരു പങ്കും ഉണ്ടാകരുതെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതോടെ ഈ ആഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ സമ്മേളനത്തില്‍ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാന്‍ ഒന്നിലധികം രാജ്യങ്ങള്‍ തയ്യാറാകാനും സാധ്യതയുണ്ട്.

ഗസക്കെതിരായ നടപടികളുമായി മുന്നോട്ടുപോകുകയാണെങ്കില്‍ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ലോക രാജ്യങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ കാനഡ, യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ ഇസ്രഈലിന് ഉപരോധം അടക്കമുള്ള മുന്നറിയിപ്പുകളും നല്‍കിയിരുന്നു.

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഫ്രാന്‍സിന്റെയും യു.കെയും തീരുമാനം നിര്‍ണായകമായ ഒന്നാണ്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ ഇസ്രഈല്‍ ആക്രമണങ്ങളില്‍ 75 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 304 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: ‘An independent Palestine will not become a reality’: Netanyahu slams countries including Britain