തൃശൂർ: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് മുഖേന കഴകം ജോലിക്ക് ഈഴവ സമുദായക്കാരനെ നിയമിച്ചതില്‍ പ്രതിഷേധ സമരവുമായി ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാര്‍.
ഫെബ്രുവരി 24നാണ് ക്ഷേത്രത്തില്‍ കഴകക്കാരന്‍ ചുമതലയേറ്റത്. തിരുവനന്തപുരം ആര്യനാട് സ്വദേശി വി.ഐ. ബാലുവിനെയാണ് കഴകക്കാരനായി നിയമിച്ചത്. നിയമന ദിവസം മുതല്‍ തന്ത്രിമാര്‍ ക്ഷേത്രം ബഹിഷ്‌കരിക്കുകയിരുന്നു.
സമരത്തെ തുടര്‍ന്ന് കഴകക്കാരനെ മാറ്റുകയും ചെയ്തു. തന്ത്രിമാരും കൂടല്‍മാണിക്യം ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റിയുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നായിരുന്നു നടപടി. ശേഷം ഇന്നലെ (വെള്ളി) രാവിലെയോടെ തന്ത്രിമാര്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മുന്നോടിയായ ശുദ്ധിക്രിയകള്‍ക്ക് തയ്യാറാവുകയും ചെയ്തു.
വ്യാഴാഴ്ച മൂന്ന് മണി മുതല്‍ രാത്രി ഒമ്പത് വരെ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കുശേഷം കഴകക്കാരനെ മറ്റൊരു തസ്തികയിലേക്ക് മാറ്റുകയായിരുന്നു. കഴകക്കാരനെ ഓഫീസ് അറ്റന്‍ഡര്‍ സ്ഥാനത്തേക്കാണ് മാറ്റിയത്.
അടിച്ചുതളിക്കാരനായ പിഷാരടി സമുദായാംഗത്തിന് കഴക തസ്തികയില്‍ പകരം ചുമതലയും നല്‍കി. പ്രതിഷ്ഠാ ചടങ്ങുകള്‍ ബഹിഷ്‌കരിക്കുമെന്ന തന്ത്രിമാരുടെ ഭീഷണി മാനേജ്മെന്റിനെ വെട്ടിലാക്കുകയായിരുന്നു.
മാനേജ്‌മെന്റിന് കത്തയച്ചുകൊണ്ടാണ് തന്ത്രിമാര്‍ ഭീഷണി ഉയര്‍ത്തിയത്. കഴകക്കാരനായി ഒരു ഈഴവസമുദായക്കാരനെ നിയമിച്ചത് താംബൂല പ്രശ്‌നത്തിനും തന്ത്രിമാരുടെ അഭിപ്രായങ്ങള്‍ക്കും എതിരാണെന്നും മാറ്റമുണ്ടാകും വരെ ക്ഷേത്രത്തിലെ ഒരു ക്രിയകളും ചെയ്യില്ല എന്നായിരുന്നു തന്ത്രിമാര്‍ കത്തില്‍ പറഞ്ഞിരുന്നത്.
തുടര്‍ന്ന് പിന്നോക്ക സമുദായാംഗമായ ചെയര്‍മാനും സവര്‍ണസമുദായത്തില്‍പ്പെട്ട ഒരംഗവും തന്ത്രിമാരെ എതിര്‍ത്തെങ്കിലും ശ്രമം ഫലം കണ്ടില്ല. പട്ടികജാതി പ്രതിനിധി ചര്‍ച്ചയില്‍ ഹാജരായിരുന്നില്ല.
കേരളത്തിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളില്‍പ്പെട്ട കൂടല്‍മാണിക്യത്തില്‍ ആറ് തന്ത്രി കുടുംബങ്ങളിലെ തന്ത്രിമാര്‍ മാറിമാറിയാണ് ചുമതല വഹിക്കുന്നത്. സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോഡുകളിലൊന്നായ കൂടല്‍മാണിക്യം ദേവസ്വത്തില്‍ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന ഏഴു പേരാണ് അംഗങ്ങള്‍. ഇതിലൊരാള്‍ തന്ത്രിമാരുടെ പ്രതിനിധിയാണ്. ആറുപേര്‍ ഇടതുപക്ഷക്കാരുമായിരിക്കും.
സംഭവത്തില്‍ ‘കഴകക്കാരനെ ഓഫീസിലേക്ക് മാറ്റിയത് ഭരണപരമായ തീരുമാനമാണ്. അതിന് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അധികാരമുണ്ട്.’ അഡ്വ. സി.കെ. ഗോപി (ചെയര്‍മാന്‍, കൂടല്‍മാണിക്യം ദേവസ്വം) കേരള കൗമുദിയോട് പറഞ്ഞു.