അമൃത, രാജറാണി എക്‌സ്പ്രസുകള്‍ രണ്ടാക്കിയ നടപടി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
kERALA NEWS
അമൃത, രാജറാണി എക്‌സ്പ്രസുകള്‍ രണ്ടാക്കിയ നടപടി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
ന്യൂസ് ഡെസ്‌ക്
Friday, 10th May 2019, 5:22 pm

ഷൊര്‍ണ്ണൂര്‍: മലബാറില്‍ നിന്നുമുള്ള യാത്രക്കാരുടെ ആശ്രയമായിരുന്ന അമൃത, രാജറാണി എക്‌സ്പ്രസുകള്‍  പ്രത്യേക ട്രെയിനുകളാക്കി മാറ്റി സമയം നേരത്തെയാക്കിയ നടപടിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു.

ട്രെയിനുകള്‍ രണ്ടാക്കിയ നടപടി യാത്രക്കാരെ ദുരിതത്തിലാത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് അമൃത എക്‌സ്പ്രസും രാജ്യറാണി എക്‌സ്പ്രസും പ്രത്യേകം ട്രെയിനുകളായി ഓടാന് തുടങ്ങിയത്.

നിലമ്പൂര്‍ – തിരുവനന്തപുരം പ്രതിദിന തീവണ്ടിയാണ് രാജ്യറാണി എക്‌സ്പ്രസ്. 2011 നവംബര്‍ 16 മുതല്‍ ഓടിത്തുടങ്ങയ രാജ്യറാണി ലിങ്ക് എക്‌സ്പ്രസ്സ് ഷൊറണൂരിലെത്തിയ ശേഷം അമൃത എക്‌സ്പ്രസ്സുമായി ചേര്‍ത്തു പോകുകയായിരുന്നു.

തിരുവനന്തപുരത്തു നിന്നും രാത്രി പുറപ്പെടുന്ന വണ്ടി അടുത്ത ദിവസം ഉച്ചക്ക് മധുരയിലെത്തിച്ചേരുകയും, മധുരയില്‍ നിന്നും ഉച്ച കഴിഞ്ഞ് പുറപ്പെടുന്ന വണ്ടി അടുത്ത ദിവസം രാവിലെ തിരുവനന്തപുരത്തുകയും ചെയ്യുന്നതാണ് അമൃത എക്‌സ്പ്രസ്.

എന്നാല്‍ മധുര- തിരുവനന്തപുരം ട്രെയിനായ അമൃത എക്‌സ്പ്രസും നിലമ്പൂര്‍- കൊച്ചിവേളി ട്രെയിനായ രാജറാണി എക്‌സപ്രസും രണ്ട് ട്രെയിനുകളായതോടെ തെക്കന്‍ കേരളത്തില്‍ നിന്ന് യാത്ര ചെയ്യുന്ന ആളുകള്‍ കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുയാണ്.

നേരത്തെ രാത്രി 10.30തോട് കൂടി പുറപ്പെട്ടിരുന്ന ട്രെയിന്‍ രണ്ട് ട്രെയിനായതോടെ അമൃത എക്‌സ്പ്രസ് രാത്രി 8.30 നും രാജറാണി 8.50നുമാണ് പുറപ്പെടുന്നത് . ഇതോടെ രാത്രി 9 മണിക്കും 11 മണിക്കും ഇടയില്‍ തിരുവനന്തപുരത്ത് നിന്ന് മറ്റു ട്രെയിനുകള്‍ ഇല്ലാതെ ആളുകള്‍ ബുദ്ധിമുട്ടുകയാണ്.

അതേസമയം 8 മണിക്കും 9 മണിക്കും ഇടയില്‍ മൂന്ന് ട്രെയിനുകള്‍ യാത്ര തിരിക്കുകയും ചെയ്യും. ഇത് ആളുകളെ ബുദ്ധിമുട്ടിക്കുന്നതാണ് എന്ന് മനസിലാക്കിയാണ് കമ്മീന്‍ സ്വമേധയ കേസെടുത്തത്. രണ്ടു ട്രെയിനുകളും നേരത്തെയാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലെന്ന് കമ്മീഷന്‍ പറഞ്ഞിരുന്നു.

സംഭവത്തില്‍ ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനല്‍ മാനേജരോടും ചെന്നൈ ഡിവിഷനല്‍ മാനേജരോടും കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും.