കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു. തൃശൂർ ചാവക്കാട് സ്വദേശിയായ റഹീമാണ് മരിച്ചത്. 59 വയസ്സായിരുന്നു റഹീമിന്. ഇന്നലെയാണ് റഹീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ചികിത്സയ്ക്കിടെ ഇന്ന് വൈകീട്ടായിരുന്നു റഹീമിന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. അല്പസമയത്തിനകം തന്നെ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പനി കൂടുതലായതിനെത്തുടർന്ന് അബോധാവസ്ഥയിലായ റഹീമിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കോഴിക്കോട് നിലവിൽ ഒമ്പത് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതിൽ എട്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. മൂന്ന് കുട്ടികളും ഇതിൽ ഉൾപ്പെടുന്നു.
കുളത്തിലെ വെള്ളം മാത്രമല്ല കിണറിലെ ജലവും സുരക്ഷിതമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നത്. അതിനാൽ പ്രാഥമിക പ്രതിരോധ മാർഗമായി തദ്ദേശസ്ഥാപനങ്ങളും കോർപ്പറേഷനുകളും ബ്ലീച്ചിങ് നടത്തി വരുന്നുണ്ട്. കെട്ടിക്കിടക്കുന്ന ശുചിത്വമില്ലാത്ത വെള്ളത്തില്‍ കുളിക്കുന്നതും നീന്തുന്നതുമാണ് പ്രധാനമായും അമീബിക് മസ്തിഷ്‌ക ജ്വരബാധയ്ക്ക് കാരണമാകുന്നത്.
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ചാല്‍ ആദ്യം തന്നെ ഉറവിടം കണ്ടെത്തി കൂടുതല്‍ പേരിലേക്ക് അസുഖം പടരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Content Highlight: Amoebic encephalitis; Another death at Kozhikode Medical College