ഇന്ത്യയില്‍ വധശിക്ഷ വര്‍ധിച്ചതായി ആംനസ്റ്റി റിപ്പോര്‍ട്ട്
India
ഇന്ത്യയില്‍ വധശിക്ഷ വര്‍ധിച്ചതായി ആംനസ്റ്റി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th April 2013, 12:00 pm

ന്യൂദല്‍ഹി: ഇന്ത്യയില്‍ വധശിക്ഷ വര്‍ധിച്ചതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്. 2012 ല്‍ പൊതു പ്രേരണയുടേയും രാഷ്ട്രീയപ്രേരണയുടെയും പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ വധശിക്ഷ വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.[]

ആഗോളതലത്തില്‍ വധശിക്ഷ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍ തൂക്കിലേറ്റുന്നത് വര്‍ധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയൂന്നു. ഇന്ത്യയില്‍ വധശിക്ഷ വര്‍ധിക്കുന്നതിന്റെ കാരണമായി ആംനസ്റ്റി ചൂണ്ടിക്കാണിക്കുന്നത്, പൊതു-രാഷ്ട്രീയ സമ്മര്‍ദ്ദമാണ്.

ഇന്ത്യയില്‍ അടുത്തിടെ തൂക്കിലേറ്റിയ പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റാരോപിതനായ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നതിന് സുപ്രീം കോടതി പറഞ്ഞ ന്യായീകരണം പൊതുവികാരം കണക്കിലെടുത്ത് തൂക്കിലേറ്റുന്നു എന്നായിരുന്നു.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നതിന് വെറും മൂന്ന് മാസം മുമ്പാണ് മുംബൈ ആക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയത്.

ഒരിടവേളക്ക് ശേഷം ഇന്ത്യയില്‍ വധശിക്ഷ വര്‍ധിച്ചതില്‍ ആംനസ്റ്റി ആശങ്ക രേഖപ്പെടുത്തി.

അതേസമയം, ആഗോളതലത്തില്‍ വധശിക്ഷ കുറഞ്ഞതായും ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 ല്‍ ആഗോളതലത്തില്‍ 682 വധശിക്ഷകളാണ് നടന്നത്. 2011 ല്‍ ഇത് 680 ആയിരുന്നു.

58 രാജ്യങ്ങളില്‍ നിന്നായി 1722 പേരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. എന്നാല്‍ രഹസ്യമായി വധശിക്ഷ നടപ്പാക്കുന്ന ചൈനയെ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ആംനസ്റ്റി അറിയിച്ചു.