കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് സിനിമാ താരങ്ങള്‍ക്ക് വിലക്ക്. താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗമാണ് വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് അമ്മ താരങ്ങള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കാന്‍ തീരുമാനിച്ചത്. നാളെ ചേരാനിരിക്കുന്ന വാര്‍ഷിക പൊതുയോഗത്തിന് മുന്നോടിയായി നടന്ന യോഗത്തിലാണ് അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
അതേസമയം നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരങ്ങളായ ദിലീപ്, നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരുടെ മൊഴിയെടുക്കുന്നത് അഞ്ചു മണിക്കൂര്‍ പിന്നിട്ടു. ഉച്ചയ്ക്ക 12.30 ഓടെ ആരംഭിച്ച മൊഴിയെടുക്കലാണ് വൈകിയും തുടരുന്നത്.
നാളെ നടക്കുന്ന അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കില്ലെന്ന് ചലച്ചിത്ര താരം മഞ്ജുവാര്യര്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിപരമായ അസൗകര്യം അമ്മ ഭാരവാഹികളെ അറിയിച്ചെന്നാണ് താരം പറഞ്ഞത്. ദിലീപ് വിഷയം നാളെ യോഗത്തില്‍ ചര്‍ച്ചയായേക്കുമെന്നാണ് കരുതപ്പെടുന്നത്.
