താരസംഘടനയായ AMMAയുടെ ജനറല്‍ ബോഡി യോഗത്തിനിടെ അംഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം രൂക്ഷമാകുന്നു. തര്‍ക്കത്തെത്തുടര്‍ന്ന് ഭരണസമിതിയിലെ മുഴുവന്‍ അംഗങ്ങളും തങ്ങളുടെ രാജി പ്രഖ്യാപിച്ചു. സംഘടനയുടെ വാര്‍ഷിക കണക്ക് അവതരിപ്പിക്കാനിരിക്കെയാണ് തര്‍ക്കം രൂക്ഷമായതും പ്രസിഡന്റ് ശ്വേത മേനോന്‍ രാജി പ്രഖ്യാപിച്ചതും.
ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചുവിടണമെന്ന് ഒരുവിഭാഗം ആളുകള്‍ ആവശ്യപ്പെട്ടു. വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനാകാതെ വന്നപ്പോള്‍ സ്‌റ്റേജില്‍ കയറി ശ്വേത രാജി പ്രഖ്യാപിക്കുകയായിരുന്നു. സംഘടനയിലെ വിഷയങ്ങളെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടരുതെന്ന് ശ്വേത മറ്റ് അംഗങ്ങളോട് ആവശ്യപ്പെട്ടു. താരത്തെ മറ്റുള്ളവര്‍ ചേര്‍ന്ന് അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ഇതിനിടയില്‍ നടന്നു.
സിദ്ദിഖ്, രണ്‍ജി പണിക്കര്‍, ഇടവേള ബാബു, ബാബുരാജ് എന്നിവരാണ് വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാന്‍ വിസമ്മതിച്ചത്. റിപ്പോര്‍ട്ടില്‍ വ്യക്തതക്കുറവുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. സംഘടനയുടെ പേര് ജനങ്ങള്‍ക്ക് മുന്നില്‍ ചീഞ്ഞളിഞ്ഞുവെന്നും ഇതിന് കാരണക്കാരായ ഭരണസമിതി പിരിച്ചുവിടണമെന്നും ആവശ്യമുയര്‍ന്നു.
റിപ്പോര്‍ട്ട് പാസാക്കാതെ ഭരണസമിതി എങ്ങനെ തുടരുമെന്നും ചോദ്യമുയര്‍ന്നു. സംഘടനയുടെ വരവ് ചെലവ് കണക്കുകള്‍ കൃത്യമല്ലെന്നും ഇതിനിടയില്‍ ആരോപണമുയര്‍ന്നു. കണക്ക് അവതരിപ്പിക്കാന്‍ 45 ദിവസത്തെ സാവകാശം ശ്വേത ആവശ്യപ്പെട്ടു. ഉച്ചക്ക് ശേഷമുള്ള യോഗത്തില്‍ റിപ്പോര്‍ട്ട് പാസാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
സംഘടനയിലെ പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കാന്‍ മോഹന്‍ലാല്‍ ഇടപെടണമെന്ന് ഗണേശ് കുമാര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് മോഹന്‍ലാല്‍ വളരെ വികാരാധീനനായി സംസാരിച്ചു. സംഘടനയെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മറ്റ് കാര്യങ്ങള്‍ ജനറല്‍ ബോഡി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
AMMAയുടെ ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസനും ടിനി ടോമും തമ്മിലുള്ള പ്രശ്‌നത്തിലൂടെയാണ് സംഘടനയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. അന്‍സിബ ആളുകളെ മതംമാറ്റാന്‍ ശ്രമിക്കുന്നു എന്ന് ടിനി ആരോപിച്ചതും ഇതിനെതിരെ അന്‍സിബ പരാതിപ്പെട്ടതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
Content Highlight: AMMA executive committee resigned