'എന്റെ കാശ് അക്കൗണ്ടിൽ എത്തിയതിനുശേഷമേ ഷൂട്ടിങ്ങിന് പോകുകയുള്ളൂ എന്ന് പറഞ്ഞ മണിച്ചേട്ടനെ മറക്കാൻ പറ്റില്ല'
Film News
'എന്റെ കാശ് അക്കൗണ്ടിൽ എത്തിയതിനുശേഷമേ ഷൂട്ടിങ്ങിന് പോകുകയുള്ളൂ എന്ന് പറഞ്ഞ മണിച്ചേട്ടനെ മറക്കാൻ പറ്റില്ല'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th October 2023, 10:41 am

കലാഭവൻ മണിയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ അംജത് മൂസ. ബ്ലാക്ക് സ്റ്റാലിയൺ സിനിമയിൽ നിന്ന് തനിക്ക് കിട്ടിയ ചെക്ക് ബൗൺസ് ആയിപോയെന്നും എന്നാൽ പ്രൊഡക്ഷൻ ടീം ഫോൺ എടുക്കാതെ വന്നപ്പോൾ താൻ കലാഭവൻ മണിയെ വിളിച്ചെന്നും അംജത് പറഞ്ഞു.

‘ഇക്കാക്ക് കാശ് കിട്ടിയിട്ടില്ലേ?, ഞാൻ റൂമിൽ ആണല്ലോ ഉള്ളത്, ഇക്കയുടെ കാശ് അക്കൗണ്ടിലേക്ക് കേറിയാൽ എന്നെ വിളിക്ക്’ എന്നായിരുന്നു കലാഭവൻ മണി തന്നോട് പറഞ്ഞതെന്നും അംജത് പറയുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ പ്രൊഡക്ഷൻ ടീം വിളിച്ച് കലാഭവൻ മണിയോട് എന്തിനാ താൻ ഇത് പറഞ്ഞെതെന്നും അദ്ദേഹത്തോട് ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകാൻ പറയാൻ പറഞ്ഞെന്നും അംജത് ഓർക്കുന്നുണ്ട്. തന്റെ കാശ് അക്കൗണ്ടിലേക്ക് കയറിയിട്ട് കലാഭവൻ മണിയെ വിളിക്കാനാണ് പറഞ്ഞതെന്ന് പറഞ്ഞപ്പോൾ ഫോൺ വെച്ച ഉടനെ പണം അയച്ചു തന്നെന്നും അംജത് പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘അദ്ദേഹം വാക്കുകൾക്കും അതീതമാണ്. ഞാൻ എന്റെ കല്യാണത്തിന്റെ സമയത്ത് ഒരു 12 , 13 വർഷങ്ങൾക്കു മുൻപ് ബ്ലാക്ക് സ്റ്റാലിയൺ സിനിമയിൽ അഭിനയിക്കുകയുണ്ടായി. സോളോ ഫൈറ്റ് എന്ന് പറഞ്ഞാൽ ഭയങ്കര റിസ്കാണ്. നമ്മൾ ഡ്യൂപ്പിനെ വെക്കാറില്ല. ഫൈറ്റ് മാസ്റ്റർ മാഫിയ ശശി ആയിരുന്നു. ഹെവി റിസ്ക് എടുത്തിട്ടുള്ള ഫൈറ്റായിരുന്നു. ഫൈറ്റ് എല്ലാം കഴിഞ്ഞു. എനിക്ക് ഒരു ചെക്കായിരുന്നു തന്നിരുന്നത്. ബാങ്കിൽ പോയപ്പോൾ ചെക്ക് ബോണസ്സായി. പ്രൊഡക്ഷൻ ടീം ഫോൺ എടുക്കുന്നുമില്ല. അവസാനം ഞാൻ മണിച്ചേട്ടനെ വിളിച്ചു.
‘ഇക്കാക്ക് കാശ് കിട്ടിയിട്ടില്ലേ?, ഞാൻ റൂമിൽ ആണല്ലോ ഉള്ളത്, ഇക്കയുടെ കാശ് അക്കൗണ്ടിലേക്ക് കേറിയാൽ എന്നെ വിളിക്ക്’ എന്ന് പറഞ്ഞു.

കുറച്ചുകഴിഞ്ഞപ്പോൾ പ്രൊഡക്ഷന്റെ ടീം വിളിക്കുന്നു. ‘നിങ്ങൾ എന്ത് പണിയാ കാണിച്ചത്, എന്തിനാ മണിച്ചേട്ടനെ വിളിച്ചത്, നിങ്ങൾക്ക് കാശ് ഞങ്ങൾ തരില്ലേ’ എന്ന് പറഞ്ഞു. ഒരാഴ്ചയായി നിങ്ങളുടെ പിന്നാലെ ഞാൻ വിളിച്ചു കൊണ്ടിരിക്കുന്നു. ഫോൺ എടുക്കുന്നില്ല, റെസ്പോണ്ട് ചെയ്യുന്നില്ല ഇത്ര കഷ്ടപ്പെട്ട് ഫൈറ്റ് ചെയ്തിട്ട് കാശ് തരുന്നില്ല. ‘നിങ്ങൾ മണിച്ചേട്ടനെ വിളിച്ചിട്ട് വേഗം ലൊക്കേഷനിലേക്ക് പോകാൻ പറയൂ’ എന്ന് പറഞ്ഞു.

എന്റെ കാശ് അക്കൗണ്ടിൽ എത്തിയാൽ വിളിക്കാനാണ് മണിചേട്ടന് പറഞ്ഞതെന്ന് അവരോട് പറഞ്ഞപ്പോൾ, അവരപ്പോൾ തന്നെ കോൾ കട്ട് ചെയ്ത് എന്റെ അക്കൗണ്ടിലേക്ക് കാശ് ഇട്ടു.
‘ഇക്കായുടെ അക്കൗണ്ടിൽ കാശ് എത്തിയില്ലേ , ഇനി ഞാൻ ലൊക്കേഷനിലേക്ക് പോവാണ് കേട്ടോ’ എന്ന് മണിചേട്ടന് പറഞ്ഞു. ആ ഒരു സ്നേഹബന്ധം നമുക്ക് ഒരിക്കലും മറക്കാൻ പറ്റുകയില്ല.

ഏതോ ഒരു ഇൻറർവ്യൂവിൽ മണിച്ചേട്ടനെ ഒരു ആർട്ട് ഡയറക്ടർ നെഗറ്റീവ് പറയുന്നത് കേട്ടപ്പോൾ വളരെ വിഷമം തോന്നി. ഇത്രയും നല്ല സ്നേഹമുള്ള, സൗഹൃദങ്ങൾക്ക് ഇത്രയും വലിയ കൊടുക്കുന്ന ഒരാളെ കാണാൻ പ്രയാസമാണ്. എന്റെ ജീവിതത്തിലുള്ള ഒരു അനുഭവമാണ് ഞാൻ നിങ്ങളോട് പറഞ്ഞിട്ടുള്ളത്. ഒന്ന് ആലോചിച്ചു നോക്കൂ, ഇതുപോലെ എത്ര ആളുകൾക്ക് അനുഭവമുണ്ടാകും. ഇങ്ങനെയുള്ള ഒരാളെ പറ്റി സ്വന്തം നാട്ടിലുള്ള ആളുകൾക്കാണ് അസൂയയൊക്കെ ഉള്ളത്.

അദ്ദേഹം തിളങ്ങി നിൽക്കുന്ന സമയമാണ് ഒരു ഫൈറ്റർ ആയിട്ടുള്ള എന്നെ സഹായിക്കാൻ വേണ്ടിയിട്ട് എന്റെ കാശ് അക്കൗണ്ടിൽ എത്തിയതിനുശേഷമേ ഷൂട്ടിങ്ങിന് പോകുകയുള്ളു എന്ന് പറഞ്ഞ അദ്ദേഹത്തിനെ എനിക്ക് ഒരിക്കലും മറക്കാൻ പറ്റുകയില്ല. കല്യാണത്തിന് സമയത്ത് കയ്യിൽ പൈസ ഇല്ലാതെ ബുദ്ധിമുട്ടി നിൽക്കുന്ന സമയമാണ്. 13 വർഷങ്ങൾക്കു മുമ്പ് ആ അമ്പതിനായിരം രൂപ എനിക്ക് വലിയൊരു പൈസയാണ്,’ അംജത് മൂസ പറയുന്നു.

Content Highlight: Amjath moosa about Kalabavan mani