അമിത് ഷാ... നിങ്ങള്‍ ജയിലില്‍ കിടന്നിട്ടില്ലേ? വിവാദ ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം; സഭ നിര്‍ത്തിവെച്ചു
India
അമിത് ഷാ... നിങ്ങള്‍ ജയിലില്‍ കിടന്നിട്ടില്ലേ? വിവാദ ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം; സഭ നിര്‍ത്തിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th August 2025, 4:07 pm

ന്യൂദല്‍ഹി: ജയിലിലടക്കപ്പെടുന്ന മന്ത്രിമാരെ പുറത്താക്കുന്ന ബില്ലിനെതിരെ ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഉള്‍പ്പെടെ പ്രതിഷേധം കനപ്പിച്ചതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മുമ്പാകെ ബില്‍ കീറിയെറിഞ്ഞുകൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെക്കുകയും ചെയ്തു. വൈകുന്നേരം അഞ്ച് മണി വരെയാണ് സഭ നിര്‍ത്തിവെച്ചിരിക്കുന്നത്. അഞ്ച് മണിക്ക് ശേഷം സഭാനടപടികള്‍ പുനരാരംഭിക്കും. ജയിലിലടക്കപ്പെടുന്ന മന്ത്രിമാരെ പുറത്താക്കുന്ന ബില്‍ സംസ്ഥാനങ്ങള്‍ക്കുമേല്‍ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് വഴി തുറക്കുന്ന ഒന്നാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

പ്രതിപക്ഷ അംഗങ്ങള്‍ക്ക് വിതരണം ചെയ്യാതെയാണ് ബില്‍ കൊണ്ടുവന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നാകെ ചൂണ്ടിക്കാട്ടി. അമിത് ഷാ നിങ്ങളും ജയിലില്‍ കിടന്നിട്ടില്ലേ എന്ന ചോദ്യമുയര്‍ത്തിയാണ് ആലപ്പുഴ എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി. വേണുഗോപാല്‍ പ്രതിഷേധം ഉയര്‍ത്തിയത്.

പ്രസ്തുത ബില്‍ ഫെഡറല്‍ സംവിധാനത്തെ എതിര്‍ക്കുന്നതാണെന്നും പ്രതിപക്ഷമൊന്നാകെ ഈ നീക്കത്തെ പ്രതിരോധിക്കുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവരെ നീക്കം ചെയ്യുന്നതിനുള്ള പുതിയ ബില്‍ ‘തികച്ചും വിനാശകരം’ എന്ന കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി ചൂണ്ടിക്കാട്ടി.

നിയമവാഴ്ച വേണമെന്നാണ് ഇന്ത്യന്‍ ഭരണഘടന പറയുന്നുത്, അതായത് കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാള്‍ നിരപരാധിയാണെന്നാണ് അതിന്റെ അടിസ്ഥാനം. എന്നാല്‍ പുതിയ ബില്‍ അതിന് വിപരീതമല്ലേയെന്നും മനീഷ് തിവാരി ചോദിച്ചു. ഒരു എക്സിക്യൂട്ടീവ് ഏജന്‍സി ഉദ്യോഗസ്ഥനെ പ്രധാനമന്ത്രിയുടെ മുകളില്‍ വെക്കുകയാണോയെന്നും കോണ്‍ഗ്രസ് എം.പി ചോദ്യമുയര്‍ത്തി.

‘നിങ്ങള്‍ ഒരു കുറ്റവാളി പോലുമാകേണ്ട, അവര്‍ക്ക് നിങ്ങളെ ഭീഷണിപ്പെടുത്താം. അഴിമതി വിരുദ്ധ നടപടിയായി പുതിയ ബില്ലിനെ ഉയര്‍ത്തിക്കാട്ടുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍,’ വയനാട് എം.പിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

ഈ ഭരണഘടനാ ഭേദഗതി രാജ്യത്തെ പൊലീസ് സ്റ്റേറ്റാക്കി മാറ്റുമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദ്ദുദ്ദീന്‍ ഒവൈസി ചൂണ്ടിക്കാട്ടി. പുതിയ ബില്‍ ജനാധിപത്യത്തെ ദുല്‍ബലപ്പെടുത്താന്‍ ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്നുവെന്നും ഒവൈസി പറഞ്ഞു.

അതേസമയം പ്രതിപക്ഷം ഒറ്റക്കെട്ടായി പുതിയ ബില്ലിനെ എതിര്‍ത്തപ്പോള്‍ തിരുവനന്തപുരം എം.പിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ കേന്ദ്ര നീക്കത്തെ പിന്തുണക്കുകയാണ് ചെയ്തത്.

പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍, ജമ്മുകശ്മീര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാര്‍ എന്നിവരെയടക്കം നീക്കം ചെയ്യുന്നതാണ് വിവാദ ബില്‍. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 75, 164, 239AA എന്നിവയും 2019ലെ ജമ്മുകശ്മീര്‍ പുനസംഘടന നിയമത്തിലെ സെക്ഷന്‍ 54 ഉം ഭേദഗതി ചെയ്താല്‍ മാത്രമേ ബില്‍ നിയമമാകൂ.

ബില്‍ പ്രകാരം, അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി, സഹമന്ത്രി തുടങ്ങി ഏതൊരു മന്ത്രിയെയും അറസ്റ്റ് ചെയ്ത് 30 ദിവസം തുടര്‍ച്ചയായി തടങ്കലില്‍ വെച്ചാല്‍ അവരെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനാകും.

Content Highlight: Opposition protests in Loksabha against bill to remove ministers who are imprisoned