ട്വിറ്ററില്‍ 'അമിതാഭ് ബച്ചന് പകരം ഇമ്രാന്‍ ഖാന്‍'; പാകിസ്താനെ സ്‌നേഹിക്കൂ, ഇന്ത്യയ്‌ക്കെതിരെ പോരാടൂ എന്ന് ആഹ്വാനം
movie
ട്വിറ്ററില്‍ 'അമിതാഭ് ബച്ചന് പകരം ഇമ്രാന്‍ ഖാന്‍'; പാകിസ്താനെ സ്‌നേഹിക്കൂ, ഇന്ത്യയ്‌ക്കെതിരെ പോരാടൂ എന്ന് ആഹ്വാനം
ന്യൂസ് ഡെസ്‌ക്
Tuesday, 11th June 2019, 8:53 am

ദല്‍ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ബച്ചന്റെ ചിത്രത്തിന് പകരം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രം കൂട്ടിച്ചേര്‍ത്തു. തുര്‍ക്കിഷ് ഹാക്കര്‍മാരാണ് ഹാക്കിങിന് പിന്നിലെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ബച്ചന്റെ ചിത്രത്തിന് പകരം ഇമ്രാന്‍ ഖാന്റെ ചിത്രം ചേര്‍ത്ത ഹാക്കര്‍മാര്‍, അക്കൗണ്ടില്‍ പാക് അനുകൂല ട്വീറ്റുകളും എഴുതിച്ചേര്‍ത്തു. ‘പാകിസ്താനെ സ്‌നേഹിക്കൂ’ എന്നാണ് ഒരു ട്വീറ്റ്. റംസാന്‍ മാസത്തില്‍ ഇന്ത്യ ദയയില്ലാതെ മുസ്‌ലീം സമുദായത്തെ അക്രമിച്ചുവെന്നും ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ ഇതിന് പകരം ചോദിക്കണമെന്നും ട്വീറ്റുണ്ട്. ഐല്‍ദിസ് തിം തുര്‍ക്കിഷ് സൈബര്‍ ആര്‍മിനി എന്നും ട്വീറ്റുകളില്‍ ചേര്‍ത്തിട്ടുണ്ട്.

തുര്‍ക്കിഷ് ഫുട്‌ബോള്‍ കളിക്കാര്‍ക്കെതിരെ ഐസ്‌ലാന്റ് റിപബ്ലിക്കിന്റെ മോശം പ്രകടനത്തിനെതിരെയുള്ള പ്രതിഷേധമായാണ് താരത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതെന്ന സൂചിപ്പിക്കുന്ന ട്വീറ്റുകളുമുണ്ട്. ഒരു ട്വീറ്റ് ഇങ്ങനെ, ‘ഇത് ലോകത്തിന് മുഴുവനുമുള്ള മുന്നറിയിപ്പാണ്. തുര്‍ക്കിഷ് ഫുട്‌ബോള്‍ കളിക്കാര്‍ക്കുനേരെ അപമര്യാദയായി പെരുമാറിയ ഐസ്‌ലാന്റ് റിപബ്ലിക്കിന്റെ പ്രകടനത്തെ ഞങ്ങള്‍ അപലപിക്കുന്നു. ഞങ്ങള്‍ മൃദുവായി സംസാരിക്കുകയും വലിയ തിരിച്ചടി നല്‍കുകയും ചെയ്യുന്നവരാണ്. ഇതൊരു വലിയ സൈബര്‍ ആക്രമണത്തിന്റെ തുടക്കമാണെന്നും അറിയിക്കുന്നു. ആസ് ഐല്‍ദിസ് തിം തുര്‍ക്കിഷ് സൈബര്‍ ആര്‍മിനി’

ഇമ്രാന്‍ ഖാന്റെ രണ്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ഇമ്രാനെ സ്‌നേഹിക്കൂ എന്ന അടിക്കുറിപ്പും ചേര്‍ത്തിട്ടുണ്ട്. ട്വീറ്റുകള്‍ക്കൊപ്പം പാകിസ്താന്റെയും തുര്‍ക്കിയുടെയും ദേശീയ പതാകകളുടെ ഇമോജികളുമുണ്ട്. ഐല്‍ദിസ് തിം എന്ന പേരും ചിഹ്നവും കഴുകന്റെ ചിത്രവുമാണ് കവര്‍ ചിത്രമാക്കിയത്. എല്ലാ ട്വീറ്റുകളും ഇപ്പോള്‍ ഡിലീറ്റ്് ചെയ്യപ്പെട്ട നിലയിലുമാണ്.

മുമ്പ് നടന്‍ ഷാഹിദ് കപൂറിന്റെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.