ബിഹാറിലെ 2100 കര്‍ഷകരുടെ വായ്പാ കുടിശിക അടച്ചുതീര്‍ത്ത് അമിതാഭ് ബച്ചന്‍
India
ബിഹാറിലെ 2100 കര്‍ഷകരുടെ വായ്പാ കുടിശിക അടച്ചുതീര്‍ത്ത് അമിതാഭ് ബച്ചന്‍
ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2019, 4:12 pm

ന്യൂദല്‍ഹി: ബിഹാറിലെ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ബീഹാറിലെ 2100 കര്‍ഷകരുടെ വായ്പ കുടിശിക അടച്ചാണ് അമിതാഭ് വാക്കുപാലിച്ചത്.

ബാങ്കുകളുമായി സഹകരിച്ച് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെയാണ് വായ്പകള്‍ അടച്ചുതീര്‍ത്തത്.

മക്കളായ ശ്വേത ബച്ചനും മകന്‍ അഭിഷേക് ബച്ചനും കടംവീട്ടാനുള്ള ചുമതല നല്‍കിയിരുന്നതായി ബച്ചന്‍ ബ്ലോഗില്‍ എഴുതി. നേരത്തെ പറഞ്ഞത് പ്രകാരമാണ് കടം വീട്ടാനുള്ള തീരുമാനം ബച്ചന്‍ എടുത്തത്. ലോണ്‍ തുക തിരിച്ചടയ്ക്കാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്കുള്ള തന്റെ സമ്മാനമാണ് ഇതെന്നായിരുന്നു നേരത്തെ അമിതാഭ് ബച്ചന്‍ ബ്ലോഗില്‍ കുറിച്ചത്.

ആദ്യമായല്ല ഇത്തരത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ ബച്ചന്‍ തീരുമാനിക്കുന്നത്. മുന്‍പ് ഉത്തര്‍പ്രദേശിലെ ആയിരത്തോളം വരുന്ന കര്‍ഷകരുടെ ലോണ്‍ അടച്ചുതീര്‍ക്കാനും ബച്ചന്‍ തയ്യാറായിരുന്നു.

ഇനി തന്റെ അടുത്ത ജോലി പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ ആശ്രിതകള്‍ക്ക് നല്‍കാനുള്ള സാമ്പത്തിക സഹായം നല്‍കലാണെന്നും ബച്ചന്‍ പറഞ്ഞു.

” മറ്റൊരു വാഗ്ദാനം കൂടി പാലിക്കാനുണ്ട്. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ജവാന്‍മാരുടെ കുടുംബത്തിന് നല്‍കിയ വാക്ക്.. എളിയൊരു സാമ്പത്തിക സഹായം”- ബച്ചന്‍ ബ്ലോഗില്‍ കുറിച്ചു.