ദല്‍ഹി സ്ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് അമിത് ഷാ; അനുശോചനമറിയിച്ച് പ്രധാനമന്ത്രി
India
ദല്‍ഹി സ്ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് അമിത് ഷാ; അനുശോചനമറിയിച്ച് പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th November 2025, 10:05 pm

ന്യൂദല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദല്‍ഹിയിലെ എന്‍.എല്‍.ജെ.പി ആശുപത്രിയിലെത്തിയ മന്ത്രി മെഡിക്കല്‍ സംഘത്തോട് കാര്യവിവരങ്ങള്‍ തിരക്കി. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുമെന്ന് അമിത് ഷാ പറഞ്ഞു.

നേരത്തെ ദല്‍ഹി പൊലീസുമായി ആശയവിനിമയം നടത്തിയതായി അമിത് ഷാ അറിയിച്ചിരുന്നു. സംഭവത്തില്‍ എന്‍.ഐ.എ, എന്‍.എസ്.ജി, എഫ്.എസ്.എല്‍ സംഘങ്ങള്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും അമിത് ഷാ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചിരുന്നു.


സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. സ്ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചാല്‍ പൊതുജനങ്ങളുമായി പങ്കിടുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.

നിലവില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മരണം പതിമൂന്നായെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് പരിക്കേറ്റ 24 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ എന്‍.എല്‍.ജെ.പി ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷായുമായി ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

‘കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ദുരിതബാധിതര്‍ക്കുള്ള സഹായം ഉറപ്പുവരുത്തും. ആഭ്യന്തര മന്ത്രി അമിത് ഷായുമായും മറ്റ് ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു,’ നരേന്ദ്ര മോദി എക്സില്‍ കുറിച്ചു.

Content Highlight: Amit Shah visits Delhi blast victims in hospital; PM expresses condolences