'ശ്രീ രാമന് വര്‍ഷങ്ങളോളം മറച്ചു കെട്ടിയ ടെന്റിനുള്ളില്‍ കഴിയേണ്ടി വന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ കാരണം'; ഹിന്ദുത്വ അജണ്ട വ്യക്തമാക്കി അമിത് ഷാ
national news
'ശ്രീ രാമന് വര്‍ഷങ്ങളോളം മറച്ചു കെട്ടിയ ടെന്റിനുള്ളില്‍ കഴിയേണ്ടി വന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ കാരണം'; ഹിന്ദുത്വ അജണ്ട വ്യക്തമാക്കി അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st December 2021, 10:56 pm

ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദുത്വ അജണ്ട ഉട്ടിയുറപ്പിച്ച് ബി.ജെ.പി. അയോധ്യയും രാമക്ഷേത്രവും തന്നെയാണ് തങ്ങള്‍ ഇത്തവണയും തെരഞ്ഞെടുപ്പിനുള്ള ആയുധമാക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്‍.

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നത് തടയാന്‍ ഒരുത്തനും ധൈര്യപ്പെടില്ലെന്ന പ്രഖ്യാപനവുമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തെരഞ്ഞെടുപ്പ് കളത്തിലേക്ക് കാലെടുത്തു വെച്ചത്. അയോധ്യയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഷായുടെ പുതിയ പ്രസ്താവന.

രാമജന്മഭൂമി തിരികെ പിടിക്കുകയും രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചത് തങ്ങളാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ കാരണമാണ് ‘രാം ലല്ല വിരാജ്മാന്‍’ (ശ്രീരാമന്റെ പ്രതിഷ്ഠയുടെ പേര്) വര്‍ഷങ്ങളോളം മറച്ചുകെട്ടിയ ടെന്റിനുള്ളില്‍ കഴിയേണ്ടിവന്നതുമെന്നും ഷാ ആരോപിച്ചു.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരും ഹിന്ദുത്വ അജണ്ടയുടെ പേരില്‍ ഷാ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. ‘ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലാണ് സോമനാഥിലെ ജ്യോതിര്‍ലിംഗത്തിന്റെ നവീകരണപ്രവര്‍ത്തികള്‍ ചെയ്തത്. അതുപോലെയാണ് അയോധ്യയില്‍ നരേന്ദ്ര മോദി രാമക്ഷേത്രത്തിന് തറക്കല്ലിട്ടതും,’ അമിത്ഷാ പറഞ്ഞു.

രാമക്ഷേത്രം സാധ്യമാക്കുന്നതിനായി നിരവധി ആളുകള്‍ തങ്ങളുടെ ജീവന്‍ ത്യജിച്ചിരുന്നുവെന്നും അവസാനം രാമക്ഷേത്രം ഉയരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1990ല്‍ അധികാരത്തിലിരുന്നപ്പോള്‍ കര്‍സേവകര്‍ക്കെതിരെ വെടിവെക്കാന്‍ ഉത്തരവിട്ടവരാണ് സമാജ്‌വാദി പാര്‍ട്ടിയെന്നും അഖിലേഷ് യാദവ് നിങ്ങള്‍ക്ക് മുന്നില്‍ വോട്ടുചോദിക്കാനെത്തുമ്പോള്‍ എന്തിനാണ് പാവപ്പെട്ട കര്‍സേവകര്‍ക്കെതിരെ വെടിവെക്കാനുത്തരവിട്ടതെന്ന് ചോദിക്കണമെന്നും അമിത് ഷാ പറഞ്ഞു.

UP CM Yogi Adityanath meets Amit Shah, to call on PM Modi

2014ല്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരമേറിയ ശേഷം ആദ്യമായാണ് അമിത് ഷാ അയോധ്യയിലെത്തുന്നത്. ഇതിനുമുമ്പ് 2013ല്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുണ്ടായിരുന്നപ്പോഴാണ് അമിത് ഷാ അവസാനമായി അയോധ്യ സന്ദര്‍ശിച്ചത്.

അയോധ്യയുടെ പ്രാചിനമായ മഹത്വം പുനഃസ്ഥാപിച്ചത് ബി.ജെ.പി ആണെന്നും, ബി.ജെ.പി മുന്നോട്ടു വെക്കുന്ന വികസന പ്രവര്‍ത്തികളിലൂടെയാണ് അയോധ്യ യഥാര്‍ത്ഥത്തില്‍ രാമരാജ്യമായതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ശതകോടികളുടെ പദ്ധതിയായ കാശിധാം ഇടനാഴി, ബി.ജെ.പിക്ക് വിശ്വാസികളോടും വിശ്വാസങ്ങളോടുമുള്ള ഉത്തരവാദിത്തത്തിന്റെ ഉദാഹരണമാണെന്നും സമാജ്‌വാദി പാര്‍ട്ടിയുടെയോ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെയോ ഭരണത്തില്‍ ഇത്തരമൊരു കാര്യം സംഭവിക്കുമോ എന്നും ഷാ ചോദിച്ചു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിവിധ ജാതി-മത വോട്ടുബാങ്കുകള്‍ തങ്ങള്‍ക്കനുകൂലമാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇതിന്റെ ഭാഗമായി കാശിയില്‍ ശതകോടികളുടെ പദ്ധതിയായിരുന്നു സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചത്.

മതവും വിശ്വാസവും മുന്‍നിര്‍ത്തി കരുനീക്കിയാല്‍ ഇത്തവണയും യു.പി കൂടെ നില്‍ക്കുമെന്നാണ് ബി.ജെ.പിയുടെ വിശ്വാസം. അതോടൊപ്പം തന്നെ യു.പിയിലെ ഭരണം നിലനിര്‍ത്തുകയെന്നത് രാഷ്ട്രീയ പ്രതിച്ഛായയുടെ കൂടി വിഷയമായതിനാല്‍ എന്ത് വിലകൊടുത്തും ഭരണം നിലനില്‍ത്താനാണ് ബി.ജെ.പിയുടെ ശ്രമം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

content highlight:  Amit Shah visits Ayodhya befor UP Election 2022