മാ, മാതി, മാനുഷിന് പകരം മുല്ല, മദ്റസ, മാഫിയ എന്നതിലേക്ക് മമത മാറി: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി അമിത് ഷാ
national news
മാ, മാതി, മാനുഷിന് പകരം മുല്ല, മദ്റസ, മാഫിയ എന്നതിലേക്ക് മമത മാറി: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th May 2024, 12:27 pm

ബിര്‍ഭും: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുസ്‌ലിം പ്രീണത്തിനായി തൃണമൂല്‍ കോണ്‍ഗ്രസ് നുഴഞ്ഞു കയറ്റം അനുവദിച്ചെന്നായിരുന്നു പ്രസ്താവന. പശ്ചിമ ബംഗാളിലെ ബിര്‍ഭൂമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മാ, മാതി, മാനുഷ് എന്ന മുദ്രാവാക്യങ്ങള്‍ ഉപയോഗിച്ചാണ് മമത ബംഗാള്‍ മുഖ്യമന്ത്രിയായത്. ഇപ്പോള്‍ മുദ്രാവാക്യം മുല്ല, മദ്റസ, മാഫിയ എന്നിങ്ങനെ മുസ്‌ലിം പ്രീണനത്തിന് വഴി മാറി,’ അമിത് ഷാ പറഞ്ഞു. ബി.ജെ.പി നേതാക്കള്‍ അവരുടെ പ്രചരണ പ്രസംഗങ്ങളില്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്ന വിദ്വേഷ പദങ്ങള്‍ തന്നെയായിരുന്നു അമിത് ഷായും ഉപയോഗിച്ചത്. മുസ്‌ലിങ്ങളെ മുല്ലമാര്‍ എന്ന പദം ഉപയോഗിച്ച് കൊണ്ടായിരുന്നു അമിത് ഷായുടെ വിമര്‍ശനം.

മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) സര്‍ക്കാര്‍ ‘മുല്ലമാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്നും പാവപ്പെട്ട ജനങ്ങളുടെ സ്വത്ത് കൊള്ളയടിക്കാന്‍ മാഫിയകളെ അനുവദിച്ചെന്നുമായിരുന്നു അമിത് ഷായുടെ പരാമര്‍ശം. മദ്റസകള്‍ക്ക് ആവശ്യത്തിലധികം സ്വാതന്ത്ര്യം നല്‍കിയെന്നും അവര്‍ക്ക് ജനങളുടെ സ്വത്ത് കൊള്ളയടിക്കാന്‍ അവസരം നല്‍കിയെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

‘ഗുജറാത്തില്‍, ഒരു നദിയെങ്കിലും ഉണ്ടായാല്‍ ആ പ്രദേശം സമൃദ്ധമാകുമെന്ന് ഒരു പഴഞ്ചൊല്ലുണ്ട്. ബിര്‍ഭുമിന് 19 നദികളുണ്ട്, എന്നാല്‍ ഇന്നത്തെ സ്ഥിതി നോക്കൂ. കമ്മ്യൂണിസ്റ്റുകാരുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഭരണം കാരണം ഈ നദികള്‍ അഴിമതിയുടെ കേന്ദ്രമായി മാറി. കള്ളക്കടത്ത് നടത്തുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിന്‍ഡിക്കേറ്റിനെ നയിക്കുന്നത് മമതാ ബാനര്‍ജിയുടെ അനന്തരവനാണ്. നിങ്ങള്‍ ബംഗാളില്‍ ബി.ജെ.പിക്ക് 30 സീറ്റ് നല്‍കിയാല്‍ ഈ മാഫിയകളെയെല്ലാം ഞങ്ങള്‍ ജയിലില്‍ അടക്കും,’ അമിത് ഷാ പറഞ്ഞു.

പ്രസംഗത്തിലുടനീളം അമിത് ഷാ മമത സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന തരത്തില്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു. 15 വര്‍ഷമായി മുഖ്യമന്ത്രിയായിരുന്നിട്ടും എന്തുകൊണ്ട് നിങ്ങളുടെ ജില്ലയില്‍ ഒരു വ്യവസായ പദ്ധതിയും വന്നില്ല? എന്തുകൊണ്ടാണ് ആളുകള്‍ ജോലിക്കായി പുറത്ത് പോകേണ്ടി വരുന്നത്? പ്രദേശത്ത് ഇത്രയധികം നദികള്‍ ഉണ്ടായിട്ടും ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കാത്തത് എന്തുകൊണ്ട്? എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിലാണ് ടി.എം.സിയും, കോണ്‍ഗ്രസും അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് പറഞ്ഞ അമിത് ഷാ ഭാരത് മാതാ കീ ജയ്’, ‘ജയ് ശ്രീറാം’ എന്നീ മുദ്രാവാക്യങ്ങള്‍ വിളിക്കാനും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Content Highlight: Amit Shah Targets TMC for Patronising ‘Mullah, Madrasa, Mafia’