തെലങ്കാനയിലെ മുസ്‌ലിം സംവരണം എടുത്ത് കളയുമെന്ന് അമിത് ഷാ; മുസ്‌ലിം വിരുദ്ധ പ്രസംഗമല്ലാതെ മറ്റൊരു ലക്ഷ്യവും ബി.ജെ.പിക്ക് ഇല്ലെന്ന് ഉവൈസി
national news
തെലങ്കാനയിലെ മുസ്‌ലിം സംവരണം എടുത്ത് കളയുമെന്ന് അമിത് ഷാ; മുസ്‌ലിം വിരുദ്ധ പ്രസംഗമല്ലാതെ മറ്റൊരു ലക്ഷ്യവും ബി.ജെ.പിക്ക് ഇല്ലെന്ന് ഉവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th April 2023, 9:21 am

ഹൈദരാബാദ്:  ഭരണത്തിലെത്തിയാല്‍ തെലങ്കാനയിലെ മുസ്‌ലിം സംവരണം എടുത്തു കളയുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ ആള്‍ ഇന്ത്യ മജ്‌ലിസ്- ഇ -ഇത്തിഹാദുല്‍ മുസ്‌ലിമിന്‍ (എ.ഐ.എം.ഐ.എം) അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. സംസ്ഥാനത്തിന്റെ കാര്യത്തില്‍ മുസ്‌ലിം വിരുദ്ധ പ്രസംഗമല്ലാതെ മറ്റൊന്നും ബി.ജെ.പിയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ഉവൈസി പറഞ്ഞു.

‘അവര്‍ക്ക് വാഗ്ദാനം ചെയ്യാന്‍ കഴിയുന്നത് വ്യാജ ഏറ്റുമുട്ടലുകളും, കര്‍ഫ്യൂവും ബുള്‍ഡോസറുകളും ക്രിമിനലുകളുടെ ജയില്‍മോചനവുമൊക്കെയാണ്. തെലങ്കാനയിലെ ജനങ്ങളോട് നിങ്ങള്‍ക്ക് ഇത്ര വെറുപ്പെന്തിനാണ്?,’ ഉവൈസി ചോദിച്ചു.

നേരത്തെ തങ്ങള്‍ക്ക് എ.ഐ.എം.ഐ.എമ്മിനെ ഭയമില്ലെന്നും ചന്ദ്രശേഖരറാവു സര്‍ക്കാര്‍ ഉവൈസിയുടെ അജണ്ടക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചിരുന്നു.

‘ചന്ദ്രശേഖര റാവു ഉവൈസിയുടെ അജണ്ടകള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഹൈദരാബാദ് ലിബറേഷന്‍ ഡേ റാവു ആഘോഷിക്കുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭരണഘടനാ വിരുദ്ധമായി മുസ്‌ലിങ്ങള്‍ക്ക് സംവരണം നല്‍കുകയാണ്. തെലങ്കാനയില്‍ ബി.ജെ.പി ഭരണത്തിലെത്തിയാല്‍ ഭരണഘടനാ വിരുദ്ധമായ ഈ സംവരണം ഞങ്ങള്‍ അവസാനിപ്പിക്കുകയും എസ്.സി, എസ്.ടി, ഒ.ബി.സി അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യും,’അമിത് ഷാ പറഞ്ഞു.

ഭാരത് രാഷ്ട്ര സമിതിയുടെ അഴിമതി ഭരണം ഉടന്‍ അവസാനിക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. വിജയ് സങ്കല്‍പ് സഭ എന്ന പേരില്‍ ഹൈദരാബാദിലെ ചെവല്ലയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് അമിത് ഷാ, റാവു സര്‍ക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

ഒരു വശത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന പസ്മാന്ദ മുസ്‌ലിങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ മറുവശത്ത് അമിത് ഷാ അവരുടെ സംവരണം അവസാനിപ്പിക്കുമെന്ന് പറയുകയാണെന്നും ഈ നിലപാടുകളിലെ ഗൂഢലക്ഷ്യങ്ങള്‍ മനസിലാക്കണമെന്നും ഉവൈസി തിരിച്ചടിച്ചു.

വര്‍ധിച്ച് വരുന്ന പണപ്പെരുപ്പത്തെയും തൊഴിലില്ലായ്മയെയും പറ്റി അമിത് ഷാ വല്ലപ്പോഴുമെങ്കിലും സംസാരിക്കണമെന്നും രാജ്യത്ത് ഏറ്റവുമുയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ള സംസ്ഥാനമാണ് തെലങ്കാനയെന്നും ഉവൈസി പറഞ്ഞു.

Content Highlights: Amit Shah said they remove Muslim reservation in Telangana; Uwaisi hit back