| Sunday, 28th September 2025, 5:12 pm

സീമാഞ്ചല്‍ മേഖലയിലുള്ളവര്‍ നുഴഞ്ഞുകയറ്റക്കാരെന്ന് അമിത് ഷാ; രൂക്ഷവിമര്‍ശനവുമായി ഒവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാറിലെ സീമാഞ്ചല്‍ പ്രദേശത്തുള്ളവരെ നുഴഞ്ഞുകയറ്റക്കാരെന്ന് വിശേഷിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.എം.ഐ.എ മേധാവി അസദുദ്ദീന്‍ ഒവൈസി.

സീമാഞ്ചല്‍ മേഖലയിലെ ജനങ്ങളെ ബി.ജെ.പി നേതൃത്വം നിരന്തരമായി അപകീര്‍ത്തിപ്പെടുത്തിപ്പെടുത്തുകയാണെന്ന് ഒവൈസി കുറ്റപ്പെടുത്തി. സീമാഞ്ചലിലെ നുഴഞ്ഞുകയറ്റക്കാരെ കുടിയിറക്കുമെന്നും ശക്തമായ നടപടിയെടുക്കുമെന്നുമാണ് അമിത് ഷാ പറഞ്ഞത്.

ബീഹാറില്‍ എത്തുമ്പോഴെല്ലാം മോദിയും അമിത് ഷായും സീമാഞ്ചലിലെ ജനങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും അവരെ നുഴഞ്ഞുകയറ്റക്കാര്‍ എന്നുവിളിച്ച് അവഹേളിക്കുകയുമാണ്. ഇവിടെ ആരും ബംഗ്ലാദേശികളല്ലെന്നും എല്ലാവരും ഇന്ത്യക്കാരാണെന്നും ഒവൈസി പറഞ്ഞു.

ബി.ജെ.പിയെ ഭയപ്പെടരുതെന്നും തെരഞ്ഞെടുപ്പിലൂടെ അവര്‍ക്ക് മറുപടി നല്‍കണമെന്നും ഒവൈസി ആഹ്വാനം ചെയ്തു. ബീഹാറിലെ ബല്‍റാംപുര്‍ നിയമസഭാ മണ്ഡലത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് ഒവൈസി ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കും എതിരെ ആഞ്ഞടിച്ചത്.

തങ്ങള്‍ അമിത് ഷായെയും മോദിയെയും പരാജയപ്പെടുത്തും. നിങ്ങളുടെ വോട്ട് ലഭിച്ചാല്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും പരാജയപ്പെടുത്താനാകുമെന്നും ബര്‍സോയിലെ പി.ഡബ്ല്യു.ഡി ഗ്രൗണ്ടില്‍ നടത്തിയ റാലിയില്‍ ഒവൈസി പ്രതികരിച്ചു.

ബീഹാറിലെ തെരഞ്ഞെടുപ്പ് മുന്നിക്കണ്ട് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി വര്‍ഗീയമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണ്. സമുദായങ്ങളെ തമ്മില്‍ വിഭജിക്കുകയാണ് ബി.ജെ.പിയുടെ രാഷ്ട്രീയമെന്നും അതിനെ നിരസിക്കണമെന്നും ഒവൈസി ആഹ്വാനം ചെയ്തു.

പ്രദേശത്തെ വൈദ്യുതി ക്ഷാമവും ആരോഗ്യരംഗത്തെ സൗകര്യങ്ങളുടെ അഭാവവും ഒവൈസി ചൂണ്ടിക്കാണിച്ചു. വോട്ട് രേഖപ്പെടുത്തി ശക്തരാകണമെന്നും എങ്കില്‍ മാത്രമെ സീമാഞ്ചലിന്റെ വികസനം സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.

ബീഹാറിലെ എ.ഐ.എം.ഐ.എം സംസ്ഥാന പ്രസിഡന്റ് അഖ്തറുല്‍ ഇമാന്‍, പാര്‍ട്ടി വക്താവ് ആദില്‍ ഹസന്‍ തുടങ്ങിയവരും ഒവൈസിക്കൊപ്പം റാലിയില്‍ പങ്കെടുത്തു.

നേരത്തെ, അരാരിയയിലെഫോര്‍ബെസ്ഗഞ്ചില്‍  നടന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ യോഗത്തിലാണ് കേന്ദ്രമന്ത്രി അമിത് ഷാ സീമാഞ്ചലിലെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുന്ന പരാമര്‍ശം നടത്തിയത്. ‘സീമാഞ്ചലിലെ നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഞങ്ങള്‍ സ്വീകരിക്കും.

നിങ്ങള്‍ വോട്ടിലൂടെ ഞങ്ങള്‍ക്ക് അതിനുള്ള അധികാരം നല്‍കിയാല്‍ നമുക്ക് ഒരുമിച്ച് ഈ നുഴഞ്ഞുകയറ്റക്കാരെ ഓരോരുത്തരെയായി പുറത്താക്കാനാകും. രാഹുലിന്റെയും ലാലുവിന്റെയും പാര്‍ട്ടികള്‍ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണ്. പക്ഷെ, നമ്മള്‍ അവരെ തുരത്തും’, അമിത് ഷാ പറഞ്ഞു.

Content Highlight: Amit Shah calls people from Seemanchal region infiltrators; Owaisi strongly criticizes

Latest Stories

We use cookies to give you the best possible experience. Learn more