മുംബൈ: നടന്‍ ആമിര്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി സഹോദര ഫൈസല്‍ ഖാന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയിലെ വീട്ടില്‍ ഒരു വര്‍ഷത്തിലേറെ ആമിര്‍ ഖാന്‍ തന്നെ പൂട്ടിയിട്ടെന്നാണ് ഫൈസലിന്റെ ആരോപണം. തന്നെ നിര്‍ബന്ധിച്ച് മരുന്നുകള്‍ കഴിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. പിങ്ക് വില്ലയോട് സംസാരിക്കവെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
‘എനിക്ക് സ്‌കീസോഫ്രീനിയ ഉണ്ടെന്നാണ് അവര്‍ പറഞ്ഞത്. എനിക്ക് ഭ്രാന്താണെന്നും ഞാന്‍ സമൂഹത്തിന് അപകടമാണെന്നും അവര്‍ പ്രചരിപ്പിച്ചു. അത് എനിക്കുള്ള ട്രാപ്പായിരുന്നു. എങ്ങനെ അതില്‍ നിന്ന് രക്ഷപ്പെടുമെന്നാണ് ഞാന്‍ ആലോചിച്ചിരുന്നത്. എന്റെ കുടുംബം എനിക്ക് എതിരായതിനാലാണ് ഞാന്‍ അതില്‍ കുടുങ്ങിയത്,’ ഫൈസല്‍ ഖാന്‍ പറഞ്ഞു.
സഹായം ലഭിക്കാന്‍ താന്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നെന്നും പിതാവ് രക്ഷപ്പെടുത്താന്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഫൈസല്‍ ഖാന്‍ പറഞ്ഞു. അദ്ദേഹത്തെ വിളിക്കാന്‍ തന്റെ കൈയില്‍ നമ്പറുണ്ടായിരുന്നില്ല. ഒരു വര്‍ഷത്തിന് ശേഷം തന്റെ നിര്‍ബന്ധം കാരണം മറ്റൊരു വീട്ടിലേക്ക് മാറാന്‍ അനുവദിച്ചെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.
‘ആമിര്‍ എന്നെ ഒരു വര്‍ഷം വീട്ടില്‍ പൂട്ടിയിട്ടു. അതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. എന്റെ ഫോണും എടുത്തുകൊണ്ടു പോയി. എന്റെ റൂമിന്റെ പുറത്ത് ബോഡിഗാര്‍ഡിനെ നിര്‍ത്തിയിരുന്നു,’ ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.
ആമിര്‍ ഖാനും സഹോദരന്‍ ഫൈസല്‍ ഖാനും തമ്മിലുള്ള ബന്ധം സംഘര്‍ഷഭരിതമാണ്. നേരത്തെ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് ഫൈസല്‍ കുടുംബത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. സിഗ്‌നേറ്ററി അവകാശം ഉപേക്ഷിക്കാന്‍ കുടുംബം ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം കോടതിയില്‍ എത്തുകയായിരുന്നു.