ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്ത് അമിത് ഷായാണ് സഹായിച്ചത്; വാനോളം പുകഴ്ത്തി ദിഗ്‌വിജയ് സിംഗ്
national news
ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്ത് അമിത് ഷായാണ് സഹായിച്ചത്; വാനോളം പുകഴ്ത്തി ദിഗ്‌വിജയ് സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st October 2021, 11:08 am

ന്യൂദല്‍ഹി: അമിത് ഷായെ വാനോളം പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. 2017 ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് നിര്‍ണായകഘട്ടത്തില്‍ തന്നെ അമിത് ഷാ സഹായിച്ചിരുന്നെന്നാണ് ദിഗ്‌വിജയ് സിംഗ് പറയുന്നത്.

‘2017 ലെ ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയം, മഹാരാഷ്ട്രയില്‍ നിന്ന് ഞാന്‍ ഗുജറാത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു. രാത്രി 10.30 യോടെ വനപാതയില്‍ ഞങ്ങള്‍ അകപ്പെട്ടു. മുന്നിലേക്ക് പോകാന്‍ റോഡൊന്നുമില്ല. പെട്ടെന്ന് ഞങ്ങളുടെ മുന്നിലേക്ക് ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ വന്നു, തന്നെ അമിത് ഷാ പറഞ്ഞയച്ചതാണെന്നും മുന്നോട്ടുപോകാന്‍ താന്‍ സഹായിക്കാമെന്നും പറഞ്ഞു,’ ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

തങ്ങള്‍ക്ക് വേണ്ട ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പാടാക്കിയത് ആ ഫോറസ്റ്റ് ഉദ്യോഗസ്ഥനായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ ബി.ജെ.പിയേയും മോദിയേയും ഷായേയും അതിരൂക്ഷമായി വിമര്‍ശിക്കുന്ന കാലമായിരുന്നു അതെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു. അന്ന് അമിത് ഷാ ചെയ്തത് പോലുള്ള രാഷ്ട്രീയ മര്യാദകള്‍ ഇന്ന് നേതാക്കള്‍ക്ക് കൈമോശം വന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുതിര്‍ന്ന നേതാക്കളെല്ലാം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് ദിഗ്‌വിജയ് സിംഗിന്റെ അമിത് ഷായെ പുകഴ്ത്തല്‍.

നേരത്തെ കപില്‍ സിബല്‍, ഗുലാം നബി ആസാദ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്റിനെതിരെ രംഗത്തെത്തിയിരുന്നു. പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് ഉയര്‍ത്തിവിട്ട കലാപക്കൊടുങ്കാറ്റ് ഇനിയും ശമിച്ചിട്ടില്ല.

അതിനിടെയാണ് ദിഗ്‌വിജയ് സിംഗിന്റെ അമിതാ ഷാ പ്രശംസ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Amid dissent within Congress, Digvijay Singh praises Amit Shah for help during 2017 Assembly polls